Advertisment

ചന്ദ്രന്റെ ഭാഗങ്ങള്‍ ഭൂമിയിലെത്തിക്കാന്‍ ചൈന ! വന്‍ ചാന്ദ്ര ദൗത്യത്തിന് ചൈന ഒരുങ്ങുന്നു

New Update

https://www.youtube.com/embed/XSVMVPkorJU

Advertisment

ബെയ്ജിങ്: ശാസ്ത്രം ഇത്രയധികം വളര്‍ന്നിട്ടും ചന്ദ്രന്‍ എല്ലാവര്‍ക്കും ഒരു അത്ഭുതം തന്നെയാണ്. ഭൂമിയില്‍ ഇരുന്നും ചന്ദ്രനിലെത്തിയും ഒക്കെ നിരവധി പഠനങ്ങളാണ് നടന്നിട്ടുള്ളത്. എന്നാലിനി ചന്ദ്രനെ ഭൂമിയിലെത്തിച്ച് പഠിച്ചാലോ. അതിനും തയ്യാറെടുക്കുകയാണ് ശാസ്ത്ര ലോകം. കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായി ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ദൗത്യം തുടങ്ങിയിരിക്കുന്നത് ചൈനയാണ്.

വിക്ഷേപണത്തിന് മുന്നോടിയായി ലോങ് മാര്‍ച്ച് 5 റോക്കറ്റ് ചൈന വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു. ഹെയ്നാന്‍ പ്രവിശ്യയിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നവംബര്‍ 24നാണ് ചാങ്ഇ 5 വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.

ചന്ദ്രനിലിറങ്ങുന്ന ചൈനീസ് പേടകം ഏതാണ്ട് ഏഴ് അടി വരെ ആഴത്തില്‍ കുഴിച്ച് പാറക്കല്ലുകളും മണ്ണും മറ്റും ശേഖരിക്കും. ചന്ദ്രനിലേക്കുള്ള ചൈനയുടെ റോബോട്ടിക് ദൗത്യമാണിത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്തുക്കള്‍ പിന്നീട് ഭൂമിയിലേക്ക് എത്തിക്കുന്നതോടെയാണ് ചൈനീസ് ദൗത്യം അവസാനിക്കുക. 1960കളിലും 70കളിലും സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും ചാന്ദ്ര ദൗത്യങ്ങള്‍ സംഭവിച്ചതിന് ശേഷം ആദ്യമായാണ് ചന്ദ്രനില്‍ നിന്നുള്ള വസ്തുക്കള്‍ ഭൂമിയിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യത്തിന് ഒരു രാജ്യം തീരുമാനിക്കുന്നത്.

ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ചൈനയുടെ ആദ്യ ദൗത്യമാണിത്. ഏതാണ്ട് രണ്ട് കിലോഗ്രാം വസ്തുക്കളാണ് ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിലേക്കെത്തിക്കുക. ദൗത്യം വിജയിച്ചാല്‍ അമേരിക്കക്കും യുഎസ്എസ്ആറിനും ശേഷം ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ഭൂമിയിലെത്തിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറും. ചൈനീസ് ചാന്ദ്ര ദേവതയുടെ പേരാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്നത്.

2003ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിച്ചതിന് ശേഷം ചൈനയുടെ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ദൗത്യമായാണ് ചാങ്ഇ 5. ഭാവിയില്‍ ചൊവ്വാ ദൗത്യത്തിനും ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്കുള്ള മറ്റൊരു ദൗത്യത്തിനും ചൈനക്ക് പദ്ധതിയുണ്ട്. ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ റേഡിയേഷന്‍ അളക്കുകയെന്ന തന്ത്രപ്രധാനമായ ലക്ഷ്യമാണ് ഈ ചൈനീസ് ദൗത്യത്തിനുള്ളത്.

Advertisment