ചൈനയുടെ നിയന്ത്രണം വിട്ട സ്പേസ് സ്റ്റേഷന്‍ ഭൂമിക്കു നേരേ പാഞ്ഞടുക്കുന്നു.

പ്രകാശ് നായര്‍ മേലില
Sunday, March 25, 2018

ചൈനയുടെ ചില ഉല്‍പ്പന്നങ്ങള്‍ പോലെതന്നെ ഗ്യാരണ്ടിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ അവരുടെ Tiangong-1 എന്ന Space Lab. അപകടകരമായ നിലയില്‍ അത് ഭൂമിയിലേക്ക്‌ പതിക്കാനായി വന്നടുത്തുകൊണ്ടിരിക്കുകയാണ്. ഈയാഴ്ച ഇത് ഭൂമി യില്‍ പതിക്കുമെന്നാണ് കണക്കാക്കുന്നത്. മാര്‍ച്ച് 30 നും ഏപ്രില്‍ രണ്ടിനുമിടയില്‍ ഇത് ഭൂമിയുടെ ഉത്തര ഗോളാര്‍ഥത്തില്‍ എവിടെയെങ്കിലും പതിക്കാനാണ് സാദ്ധ്യതയെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി അറിയിക്കുന്നു.

റോം , ഇസ്താംബുള്‍ ,ടൊറന്റോ, ഷിക്കാഗോ തുടങ്ങിയ നഗരങ്ങള്‍ ഇതിന്റെ അപകട ഭീഷണിയിലാണ്. എന്നാല്‍ ക്രാഷ് ആകുന്ന കൃത്യമായ ഇടം ഇനിയും പറയാനാകുന്നില്ല. ഇപ്പോള്‍ ചൈന അവ രുടെ തലസ്ഥാനനഗരമായ ബീജിംഗിലും ഇതുമായി ബന്ധപ്പെട്ട അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

8.5 ടണ്‍ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷന്‍ 2016 ലാണ് നിയന്ത്രണം വിട്ടതും ഭൂമിയിലേക്ക്‌ പതിക്കാനുള്ള പ്രയാണം ആരംഭിച്ചതും.1.5 കിലോമീറ്റര്‍ ഒരാഴ്ചയില്‍ എന്നകണക്കേയായിരുന്നു ഇത് ഭൂമിക്കു നേരേ ആദ്യം വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വേഗത ഒരാഴ്ചയില്‍ 6 കിലോമീറ്റര്‍ വരെ ആയിട്ടുണ്ട്‌. വളരെ മെല്ലെയാണ് യാത്ര.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഭൂമിയില്‍ പതിക്കുന്നതിനു മുന്‍പായി ഇതിന്റെ പത്തു മുതല്‍ 40 % വരെയുള്ള ഭാഗങ്ങള്‍ കത്തിനശിച്ചു പോകുമത്രേ. എങ്കിലും ബാക്കിഭാഗങ്ങള്‍ ജനവാസമേഖലയില്‍ വീണാല്‍ ആള്‍നാശമുള്‍പ്പെടെ വന്‍ വിപത്തുകളാകും സംഭവിക്കുക. ഇതില്‍ അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നതും മറ്റൊരു ഭീഷണിയായി നിലനില്‍ക്കുന്നു . അതുമൂലമുണ്ടായേക്കാവുന്ന ആരോഗ്യ ,പാരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി വിശദമായ പഠനം നടത്തുകയാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍.

ഏതായാലും വരുന്ന ഒരാഴ്ചക്കാലം ലോകം വളരെ ജിജ്ഞാസ യോടെയാണ് ഈ വിപത്തിനെ നോക്കിക്കാണാന്‍ പോകുന്നത്.

×