Advertisment

32 വയസ്സുള്ള ചിന്തയ്ക്കു വാക്സീൻ നൽകിയത് വിവാദത്തിൽ: ‘പിൻവാതിൽ വാക്സീൻ’ എന്നാരോപിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം; താൻ വാക്‌സീൻ സ്വീകരിച്ചതിന് പിന്നിൽ കൃത്യമായ മാർഗനിർദേശങ്ങളുണ്ടെന്ന് ചിന്തയും

New Update

കൊല്ലം: യുവജന കമ്മിഷൻ ചെയർപഴ്സൻ ചിന്ത ജെറോം കോവിഡ് വാക്സീൻ സ്വീകരിച്ചതിനെച്ചൊല്ലി വിവാദം. 18-45 വയസ്സ് പ്രായപരിധിയിലുള്ളവർക്കു കോവിഡ് വാക്സിനേഷൻ ആരംഭിച്ചിട്ടില്ലെന്നിരിക്കെ, 32 വയസ്സുള്ള ചിന്തയ്ക്കു വാക്സീൻ നൽകിയതാണു വിവാദമായത്.

Advertisment

publive-image

തിരുവനന്തപുരം വികാസ് ഭവനു സമീപത്തെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം വാക്സീൻ സ്വീകരിക്കുന്നതിന്റെ ഫോട്ടോ സഹിതം സമൂഹമാധ്യമത്തിൽ ചിന്ത പങ്കുവച്ചിരുന്നു. വാക്സിനേഷനിലും പിൻവാതിൽ പരിപാടി എന്നാരോപിച്ച് അനവധി പേർ ഇതോടെ രംഗത്തുവന്നു.

പിൻവാതിൽ നിയമനം പോലെ സിപിഎം ഭരണകാലത്തു ‘പിൻവാതിൽ വാക്സീൻ’ എന്നാരോപിച്ചു സമൂഹ മാധ്യമങ്ങളിൽ നൂറുകണക്കിനു പേർ രംഗത്തുവന്നു.

കൊല്ലം ബാറിലെ അഭിഭാഷകൻ ബോറിസ് പോൾ ചിന്തയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ ചിത്രം സഹിതം മുഖ്യമന്ത്രിക്കു പരാതി നൽകി.18-45 വയസ്സ് പരിധിയിലുള്ളവർക്കു വാക്സിനേഷൻ വൈകുമെന്ന ഔദ്യോഗിക അറിയിപ്പു നിലനിൽക്കുമ്പോൾ ചിന്ത ജെറോം വാക്സീൻ എടുത്തതു ഗുരുതര സംഭവമാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം താൻ വാക്‌സീൻ സ്വീകരിച്ചതിന് പിന്നിൽ കൃത്യമായ മാർഗനിർദേശങ്ങളുണ്ടെന്ന് സംസ്ഥാന യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. വാക്‌സീന്റെ ആദ്യ ഘട്ടം ആരോഗ്യപ്രവർത്തകർക്കും രണ്ടാമത് മുന്നണി പോരാളികൾക്കുമാണെന്നാണ് കേന്ദ്രസർക്കാരിന്റെ ഉത്തരവ്. ഇതിന് പ്രായം മാനദണ്ഡമല്ല എന്നതാണ് സത്യം.

അതുകൊണ്ടാണ് വാക്‌സീൻ സ്വീകരിക്കാൻ കഴിഞ്ഞത്. 24 മണിക്കൂറും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് ഞങ്ങൾ. സംസ്ഥാന യുവജനകമ്മിഷന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്. ആദ്യ തരംഗ സമയം മുതൽ കോവിഡിനെ നേരിടാൻ പ്രവർത്തിക്കുന്നവരാണ് യുവജനകമ്മിഷൻ ഓഫിസിലെ ജീവനക്കാർ. അവരെല്ലാം തന്നെ വാക്‌സീൻ സ്വീകരിച്ചിട്ടുണ്ട്.ഇതൊക്കെ വിവാദമാക്കുന്നവർ ഇതൊന്നും ചിന്തിക്കുന്നില്ലേയെന്നും ചിന്ത ചോ​ദിക്കുന്നു.

Advertisment