ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളിയിൽ വെടിവയ്പ്പ്; ആറ് മരണം; നിരവധി പേര്‍ക്ക് പരുക്ക് ; അക്രമി ഒരാള്‍ മാത്രമല്ലെന്ന് പൊലീസ് ;ന്യൂസിലാന്‍ഡ്-ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, March 15, 2019

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള മുസ്ലിം പള്ളിയില്‍ വെടിവയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. സൗത്ത് ഐലന്‍ഡ് സിറ്റിയിലുള്ള മസ്ജിദ് അല്‍ നൂര്‍ പള്ളിയിലാണ് അജ്ഞാതന്‍ വെടിവയ്പ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമി ഒരാള്‍ മാത്രമല്ലെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സമീപത്തുള്ള മറ്റൊരു പള്ളിയിലും വെടിവയ്പ്പ് അരങ്ങേറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി പള്ളിയില്‍ കയറി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബംഗ്ലാദേശിനെതിരായ ന്യൂസിലാന്‍ഡിന്റെ മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു. ന്യൂസിലാന്‍ഡിലെ ക്രൈസ്ചര്‍ച്ചിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് മത്സരം റദ്ദാക്കിയത്‌. നിരവധി പേരുടെ മരണത്തിന് ഇരയാക്കിയ വെടിവയ്പ്പിന് പിന്നാലെ മൂന്നാം ടെസ്റ്റ് ഉപേക്ഷിക്കുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും, ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായി തീരുമാനിച്ചു

×