follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

വനിതാ പ്രവര്‍ത്തകരുടെ സംഘടനയെചൊല്ലി അമ്മയില്‍ ഭിന്നത. മഞ്ജുവിന്‍റെ നീക്കം അമ്മയെ പിളര്‍ത്താന്‍ ? മോഹന്‍ലാലിനെ വെട്ടിലാക്കി മഞ്ജുവും കൂട്ടരും. താരസംഘടനയെ പ്രതിസന്ധിയിലാക്കി മുന്‍ ദമ്പതികളുടെ പിണക്കം പുതിയ വഴിത്തിരിവിലേയ്ക്ക് !

ടി ആര്‍ സുഭാഷ് » Posted : 19/05/2017

കൊച്ചി: നടി മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ പുതിയതായി രൂപം കൊണ്ട "വുമണ്‍ കളക്ടീവ് ഇന്‍ സിനിമ" എന്ന സംഘടന ഫലത്തില്‍ താരസംഘടനയായ അമ്മയ്ക്കെതിരായ നീക്കമെന്ന് ആരോപണം. അമ്മയുമായി ആലോചിക്കാതെ ചലച്ചിത്ര രംഗത്തെ വനിതാ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ നടത്തുന്ന നീക്കം താര സംഘടനെ വെല്ലുവിളിക്കുന്നതാണോ എന്ന സംശയം സിനിമാ മേഖലയില്‍ ഉയര്‍ന്നു കഴിഞ്ഞു .അതിനാല്‍ തന്നെ പുതിയ സംഘടനയുടെ നീക്കങ്ങളെ ഗൌരവപൂര്‍വ്വം വീക്ഷിക്കാനാണ് അമ്മയുടെ തീരുമാനം . മലയാള സിനിമയില്‍ ഏറെ നാളായി തുടരുന്ന ദിലീപ് - മഞ്ജു വാര്യര്‍ പോരിന്‍റെ ബാക്കിപത്രമാണ് മഞ്ജുവിന്‍റെ കാര്‍മ്മികത്വത്തില്‍ തുടക്കം കുറിച്ച പുതിയ സംഘടനയെന്ന സംശയവും ബലപ്പെടുകയാണ് .

അതേസമയം ‘അമ്മ’യെ വെല്ലുവിളിച്ച് പുതിയ സംഘടനയുമായി മുന്നോട്ട് പോകാനാണ് മഞ്ജു വാര്യര്‍ അടക്കമുളള താരങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് സംഘടനയില്‍ നിന്നും പുറത്തു പോകേണ്ടി വരുമെന്ന മുന്നറിയിപ്പ് ഇതിനോടകം അമ്മ ഭാരവാഹികള്‍ തന്നെ രഹസ്യമായി നല്‍കുന്നുണ്ട് .

ഇക്കാര്യം ‘അമ്മ’ ഭാരവാഹികള്‍ ഒത്തുചേര്‍ന്നു ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അറിയുന്നു . പുതിയ താരസംഘടന അമ്മയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ലക്‌ഷ്യം വച്ചാണെന്നും എന്നാല്‍ ഈ സംഘടന അമ്മയ്ക്ക് എതിരല്ലന്ന് വരുത്തിതീര്‍ക്കുന്നതിനു വേണ്ടിമാത്രമാണ് സിനിമാ രംഗത്തെ മറ്റു മേഖലകളിലെ വനിതകളെക്കൂടി ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം.അതേസമയം ‘അമ്മ’ എല്ലാ വിഭാഗം താരങ്ങള്‍ക്ക് വേണ്ടിയും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അമ്മയുമായി ആലോചിക്കാതെ വനിത സിനിമ പ്രവര്‍ത്തകര്‍ക്കുമാത്രമായി സംഘടന രൂപീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് താരങ്ങള്‍ക്കിടയില്‍ ഉയരുന്നത്.

സംഘടനയോട് ആലോചിക്കാതെ നടത്തിയ ഈ നീക്ക൦ പ്രമുഖ താരങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട് . അതിനിടെ പുതിയ സംഘടനയ്ക്ക് അമ്മയിലെ പ്രമുഖനായ മോഹന്‍ലാലിന്‍റെയും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗത്തിന്‍റെയും പിന്തുണ ഉണ്ടോ എന്ന കാര്യവും മറുവിഭാഗം പരിശോധിക്കുന്നുണ്ട് .

താരസംഘടനയില്‍ മോഹന്‍ലാല്‍ ഗ്രൂപ്പും മമ്മുട്ടി, ദിലീപ് ഗ്രൂപ്പും ശക്തമാണ് . ഈ സാഹചര്യത്തില്‍ നടിമാര്‍ മുന്‍കൈയെടുത്തുള്ള സംഘടനാ രൂപീകരണത്തിന് മോഹന്‍ലാലിന്റെ പിന്തുണയുണ്ടെങ്കില്‍ ഫലത്തില്‍ അത് അമ്മയിലെ പിളര്‍പ്പിലേയ്ക്കാകും കാര്യങ്ങള്‍ എത്തിക്കുക . ഇതാണ് സിനിമാ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.മഞ്ജുവിന്‍റെ നീക്കം മോഹന്‍ലാലിന്‍റെ അറിവോടെയാണെന്ന് പലരും ഉറച്ചു വിശ്വസിക്കുന്നു. അടുത്തിടെ അനൌണ്‍സ് ചെയ്ത റിക്കാര്‍ഡ് ബജറ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന രണ്ടു ചിത്രങ്ങളിലും ലാലിന്‍റെ കൂടെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ഈ സിനിമകളുമായി ബന്ധപെട്ട മറ്റു ചില പ്രമുഖരും ദിലീപ് വിരോധികളാണ് .

ഇവര്‍ കരുതികൂട്ടി മോഹന്‍ലാലിനെ വരുതിയിലാക്കി നടത്തുന്ന തന്ത്രപരമായ കരുനീക്കങ്ങളായാണ് താരസംഘടനയിലെ പ്രമുഖര്‍ പുതിയ നീക്കങ്ങളെ കാണുന്നത് . വനിതാ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും വരാനിടയുള്ള ഇത്തരം എതിര്‍പ്പുകള്‍ മുന്നില്‍ കണ്ടാണെന്നാണ് സൂചന.

വരും ദിവസങ്ങളില്‍ ഇതിനുള്ള മറുപടി അമ്മയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം താരസംഘടനയുടെ കെട്ടുറപ്പിന്‍റെ അനിവാര്യത മോഹന്‍ലാലിനെ ബോധ്യപ്പെടുത്താനും ശ്രമം നടത്തും .

അമ്മയില്‍ നിലവില്‍ ഇന്നസെന്റ് പ്രസിഡന്റും, മോഹന്‍ലാലും ഗണേഷ് കുമാറും വൈസ് പ്രസിഡന്റുമാരും, മമ്മൂട്ടി ജനറല്‍ സെക്രട്ടറിയും ട്രഷറര്‍ ദിലീപുമാണ്. മഞ്ജു വാര്യരുടെ നേതൃത്ത്വത്തില്‍ ആരംഭിക്കുന്ന പുതിയ സംഘടനയായ ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’യില്‍ ഇപ്പോള്‍ റിമ കല്ലിങ്കല്‍, പാര്‍വ്വതി, രമ്യാ നമ്പീശന്‍, സജിത മഠത്തില്‍, സംവിധായിക അഞ്ജലി മേനോന്‍, ബീനാ പോള്‍, ഗായിക സയനോര, വിധു വിന്‍സന്റ് തുടങ്ങിയവരാണ് ഉള്ളത്.നടി ഭാവന, ഗീതു മോഹന്‍ദാസ് , സംയുക്ത വര്‍മ്മ എന്നിവരെയും മഞ്ജുവും സംഘവും പ്രതീക്ഷിക്കുന്നുണ്ട്. ഇവരെ ഉള്‍പ്പെടെ പരമാവധി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് വിപുലമായ കണ്‍വെന്‍ഷന്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനമുണ്ട് . നിലവില്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരിലെ പ്രമുഖരൊക്കെ പുതിയ നീക്കത്തിന്‍റെ ഭാഗമായി മാറിയതിനാല്‍ മഞ്ജുവിന്‍റെ നീക്കത്തെ അത്ര അവഗണിക്കാനും അമ്മ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് കഴിയില്ല .

അതിനാല്‍ മഞ്ജു വാര്യര്‍, പാര്‍വ്വതി, രമ്യാ നമ്പീശന്‍, സജിത മഠത്തില്‍ എന്നിവരെ ലക്ഷ്യം വച്ചായിരിക്കും അമ്മയുടെ ആദ്യ നീക്കം . ഇവരോട് വിശദീകരണം ചോദിക്കാനും അനന്തര നടപടികള്‍ക്കും തന്നെയാണ് സാധ്യത . ഇതിനായുള്ള ആലോചനകളും തുടങ്ങിയിട്ടുണ്ട്.

മമ്മുട്ടി - ദിലീപ് കൂട്ടുകെട്ടിനാണ് അമ്മയില്‍ ഭൂരിപക്ഷം . മോഹന്‍ലാലിനോപ്പം പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ബിജു മേനോന്‍ ,കഞ്ചാക്കോ ബോബന്‍ തുടങ്ങി വിരലില്‍ എണ്ണാവുന്ന താരങ്ങളാണ് നിലവിലുള്ളത്. എങ്കിലും മോഹന്‍ലാല്‍ വിഘടിച്ചു നിന്നാല്‍ അത് അമ്മയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നുറപ്പാണ് . അതൊഴിവാക്കാനുള്ള ആലോചനകളാണ് ഇപ്പോള്‍ തകൃതിയായി നടക്കുന്നത് .

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+