follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ഭയം വിതച്ചും കൊയ്തും അതിക്രമം നടത്തി കൊണ്ടിരുന്നവര്‍ അവള്‍ കെഞ്ചി കൈ കൂപ്പും എന്നു കരുതിയിടത്താണ് അവളുടെ ചെറുത്ത് നില്‍പ്പ് - ദിലീപ് അനുകൂലികള്‍ക്കെതിരെ ആഞ്ഞടിച്ച് സജിതാ മഠത്തില്‍

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 15/09/2017

തിരുവനന്തപുരം∙ കെഞ്ചി കൈ കൂപ്പും എന്നു കരുതിയിടത്തു നിന്ന് തലയുയര്‍ത്തി പൊരുതാന്‍ ഇറങ്ങിയത് കണ്ടപ്പോഴാണ് ചിലര്‍ അസ്വസ്ഥരായതെന്ന് വിമന്‍ കലക്ടീവ് ഇന്‍ സിനിമ പ്രവര്‍ത്തകയും അഭിനേത്രിയുമായ സജിത മഠത്തില്‍.

ഭയം വിതച്ചും കൊയ്തും അതിക്രമം നടത്തി കൊണ്ടിരുന്ന ഒരു കൂട്ടം ആളുകൾ ഭയത്തെ അതിജീവിച്ച് ഒരാൾ മുന്നോട്ടു കടന്നു വരുന്നത് കാണുമ്പോൾ അസ്വസ്ഥരാകുമെന്ന് സജിത പറഞ്ഞു . കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്നു പ്രഖ്യാപിച്ചു കൊണ്ട് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വീണ്ടും ശക്തമായ പ്രതികരണം .

പി.സി.ജോർജ് ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ട നടിക്കെതിരെ രംഗത്തു വന്ന സാഹചര്യത്തിലും കൂടിയാണ് സജിതയുടെ നിലപാട് . സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ ബാനറുമായെത്തി നടി റിമ കല്ലിങ്കൽ ‘അവൾക്കൊപ്പം’ എന്നു പ്രഖ്യാപിച്ചിരുന്നു .ഫെയ്സ്ബുക്കിലെ സമ്പൂർണ കുറിപ്പ് വായിക്കാം:

ഭയം വിതയ്ക്കാനും കൊയ്യാനും നോക്കുന്നത് ആരാണ്? ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തക പരാതി കൊടുത്തതിനു ശേഷം ഉണ്ടായ സാഹചര്യങ്ങളിൽ ചിലരെ ചൊടിപ്പിക്കുന്നതെന്താവും? ഭയത്തെ അതിജീവിക്കാൻ അവൾക്ക് കഴിഞ്ഞു എന്നതാണ് അവളെയും ഈ സാഹചര്യങ്ങളെയും സവിശേഷമാക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ എല്ലാ കാലത്തും ആസൂത്രണം ചെയ്യപ്പെട്ടതും നടപ്പിലാക്കിയതും ഈ ഭയത്തെ ഉപയോഗപ്പെടുത്തിയാണ്.

പണവും അധികാരവും പദവിയും മറ്റു മേൽകോയ്മകളും ഉപയോഗിച്ച് ഭയപ്പെടുത്തി സ്ത്രീകളെ ചൊൽപ്പടിക്കു നിർത്താം എന്ന ധാരണ സമൂഹത്തിൽ പൊതുവെ ഉണ്ട്. ഇതെല്ലം കണ്ട് നിശബ്ദമായി ഇതിന് കൂട്ട് നില്ക്കുന്ന മറ്റൊരു വിഭാഗം മറയത്തും ഉണ്ട്.

ഭയം വിതച്ചും കൊയ്തും അതിക്രമം നടത്തി കൊണ്ടിരുന്ന ഒരു കൂട്ടം ആളുകൾ ഭയത്തെ അതിജീവിച്ച് ഒരാൾ മുന്നോട്ടു കടന്നു വരുന്നത് കാണുമ്പോൾ അസ്വസ്ഥരാകും. കാരണം ഇത്തരത്തിൽ ഒരാൾ മുന്നോട്ട് വരുന്നത് തങ്ങൾ ഭയപ്പെടുത്തി നിർത്തിയിരിക്കുന്നവർക്ക് മുന്നോട്ട് വരുന്നതിനും പ്രതികരിച്ചു തുടങ്ങുന്നതിനും പ്രേരകമാകും എന്ന് അവർക്കറിയാം.

അതു കൊണ്ട് ഭയം വെടിഞ്ഞ് മുന്നോട്ടു വന്നവരെ എങ്ങിനെ പിറകോട്ടടിക്കാം എന്ന ശ്രമത്തിൽ ഒളിഞ്ഞും തെളിഞ്ഞും വ്യാപൃതരാണ് ഇവിടെ പലരും.

അതിക്രമത്തിന് ഇരയായവർക്ക് അക്രമിയെ ഭയം, നിയമ സംവിധാനങ്ങളിൽ പരാതിപ്പെടാൻ ഭയം, അതിക്രമത്തെ കുറിച്ച് ഉറക്കെ പറയാൻ ഭയ– ഇങ്ങിനെ ഭയന്നു ജീവിക്കാൻ വിധിക്കപ്പെട്ട ആയിരക്കണക്കിനു സ്ത്രീകളുടെ ഇടയിൽ നിന്നാണ് അവൾ എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചത്.

പെൺകുട്ടികൾ-സ്ത്രീകൾ അക്രമത്തെ കുറിച്ച് പറയാനും പരാതിപ്പെടാനും തയ്യാറാവുന്നുണ്ടെങ്കിൽ ഭയത്തെ അതിജീവിക്കണമെന്നും നീതി നടപ്പിലാകണമെന്നും അവർ തിരിച്ചറിയുന്നു എന്നതിന്റെ സൂചനയാണത്. അതിനാണ് ഞങ്ങൾ അവളോടൊപ്പം നിൽക്കുന്നത്.

അവൾ വിജയിക്കേണ്ടത് അവളെ നോക്കി കടന്നു വരുന്ന പുതിയ തലമുറയുടെ ആവശ്യമാണ്. നിശബ്ദമായി നിൽക്കും എന്നു കരുതിയിടത്താണ് അവൾ സംസാരിച്ചത്. കെഞ്ചി കൈ കൂപ്പും എന്നു കരുതിയിടത്താണ് അവൾ തല ഉയർത്തി നിന്നത്. പിന്നാമ്പുറത്തേക്ക് മടങ്ങുമെന്ന് കരുതിയിടത്താണ് അവൾ നടു തട്ടിലേക്ക് നീങ്ങി നിന്നത്..കാരണം അവളുടെത് ഭയത്തിനെതിരെയുള്ള ചെറുത്തു നിൽപ്പാണ്. അവൾക്കൊപ്പമുണ്ട് ഞങ്ങളും.

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+