കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി; കേന്ദ്ര സർക്കാരിന്റെ വാക്സീൻ വിതരണ നയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 20, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 11 മണിക്കാണ് യോഗം. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. അതേസമയം, സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് വാക്സീൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സീൻ വിതരണ നയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉൽപാദിപ്പിക്കുന്ന കോവിഡ് വാക്സീന്റെ 50 ശതമാനം കേന്ദ്രസർക്കാരിനുള്ളതാണ്.

ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റി വയ്ക്കുന്നത്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തിൽ അത് സൗജന്യമായി നൽകുകയും വേണം. സംസ്ഥാനങ്ങൾക്ക് മതിയായ വാക്സീൻ ഉറപ്പാക്കേണ്ടത് പൊതു താൽപര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

×