Advertisment

കുഞ്ഞിരാമന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ല; അത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ല കുഞ്ഞിരാമനെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞിരാമന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. അത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ല കുഞ്ഞിരാമനെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

publive-image

അദ്ദേഹം വോട്ട് ചെയ്യാനാണ് പോയത്. സര്‍ എന്നാണ് പ്രിസൈഡിംഗ് ഓഫീസറെ വിളിച്ചത്. ഉദ്യോഗസ്ഥനാണ് ബഹളമുണ്ടാക്കിയത്. കള്ളവോട്ട് ആരോപണത്തിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമാണുള്ളതെന്നും പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ആലക്കോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ ശ്രീകുമാറിനെ കുഞ്ഞിരാമന്‍ എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന വിഷയം ചൂണ്ടിക്കാട്ടി എന്‍എ നെല്ലിക്കുന്നാണ് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ മറുപടി ഏകപക്ഷീയമാണെന്ന് കെ സി ജോസഫ് എംഎല്‍എ പറഞ്ഞു. ഇടതുസംഘടന നേതാവാണ് ആക്ഷേപമുന്നയിച്ചത്. കാസര്‍കോട്ടും കണ്ണൂരും വ്യാപക കള്ളവോട്ട് നടന്നെന്നും കെ.സി.ജോസഫ് ആരോപിച്ചു. പലര്‍ക്കും രാഷ്ട്രീയമുണ്ടാകും, അങ്ങനെ പ്രത്യേകമായി ഒന്നും ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. പൊലിസിന് പരാതി ഒന്നും ലഭിച്ചിട്ടില്ല. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രിസൈഡിങ് ഓഫിസറെ എംഎല്‍എ ഭീഷണിപ്പെടുത്തിയതില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രിസൈഡിങ് ഓഫിസറെ ആക്ഷേപിച്ചിട്ടില്ലെന്നു കെ.കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. ബൂത്തിലെത്തിയത് വോട്ട് ചെയ്യനാണ്. തര്‍ക്കം തീര്‍ക്കാനായിരുന്നു ശ്രമമെന്നും എംഎല്‍എ വിശദീകരിച്ചു.

cm pinarayi cm pinarayi speaks
Advertisment