Advertisment

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി; സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ല

New Update

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ഇന്ന് ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി. ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുഛേദത്തിന് വിരുദ്ധമാണ്. സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ല- ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Advertisment

publive-image

അടിയന്തര സാഹചര്യം ഇല്ലെന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷക സമൂഹവും കാര്‍ഷിക മേഖലയും നേരിടുന്ന പ്രശ്‌നങ്ങളില്‍ വലിയ ഉത്കണ്ഠയുണ്ട്.

രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീര്‍ സിങും തമ്മിലുള്ള കേസില്‍ ( 1975 ) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാര്‍ശ ചെയ്താല്‍ അത് അനുസരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് സര്‍ക്കാരിയ കമ്മീഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാര്‍ശ സമര്‍പ്പിച്ച കമ്മീഷന്‍ ) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.

നിയമസഭ വിളിക്കുവാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ അത് നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. കീഴ് വഴക്കങ്ങളും അതുതന്നെയാണെന്നും കത്തില്‍ പറയുന്നു.

cm pinarayi vijayan cm pinarayi
Advertisment