Advertisment

സ്വര്‍ണക്കടത്ത് കേസില്‍ എല്ലാ കാര്യവും പുറത്തുവരട്ടെ എന്നാണ് കേസിന്റെ തുടക്കം മുതല്‍ പറഞ്ഞത്; ഇനി അധികം ദിവസമൊന്നും കഴിയേണ്ടി വരില്ല; എല്ലാ കാര്യവും പുറത്തുവരും; ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് അപ്പോള്‍ കാണാമെന്ന് മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് അപ്പോള്‍ കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്തു കേസ് ഉണ്ടായപ്പോൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു താൻ കത്തയച്ചു. എല്ലാകാര്യവും പുറത്തുവരട്ടെ എന്നാണ് കേസിന്റെ തുടക്കം മുതൽ പറഞ്ഞിട്ടുള്ളത്. ഇനി അധിക ദിവസമൊന്നും കഴിയേണ്ടി വരില്ല. എല്ലാകാര്യവും പുറത്തുവരും. സ്വാഭാവികമായും പുറത്തുവരും. ഞാൻ നേരത്തെ പറഞ്ഞിരുന്നു ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് അപ്പോൾ കാണാം. മാധ്യമങ്ങൾക്കു തൃപ്തി വരണമെങ്കിൽ താൻ ഈ കസേരയിൽനിന്ന് ഒഴിയണം. അതിനു മാധ്യമങ്ങൾ വിചാരിച്ചാൽപോരാ നാട്ടിലെ ജനങ്ങൾ വിചാരിക്കണം.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പരിചയമുള്ളതായി സ്വപ്നയുടെ മൊഴിയുണ്ടല്ലോ എന്ന ചോദ്യത്തിന്, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പലർ‌ക്കും പരിചയമുണ്ടാകുമെന്നു പിണറായി വിജയൻ പറഞ്ഞു. അതിനപ്പുറമുള്ള പരിചയം എന്താണുള്ളത്. മാധ്യമങ്ങൾക്ക് എന്താണ് വേണ്ടത്? കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്തുന്നതിന് കൂട്ടുനിന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണോ ശ്രമിക്കുന്നത്? ഇതാണോ മാധ്യമ ധര്‍മമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതിലൊന്നും തനിക്ക് ഒരു തരത്തിലുള്ള ആശങ്കയുമില്ല. രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ടാവും. അതിന് കൂട്ടുനില്‍ക്കുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ താനും സര്‍ക്കാരും വ്യക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഫലമായാണ് എം ശിവശങ്കര്‍ സസ്‌പെന്‍ഷനില്‍ കഴിയുന്നത്. അതില്‍ നിങ്ങള്‍ തൃപ്തരല്ല. നിങ്ങളെ ഈവഴിക്ക് പറഞ്ഞുവിട്ടവര്‍ക്കും തൃപ്തി വന്നിട്ടില്ല. അത് വരണമെങ്കില്‍ താന്‍ ഈ കസേര ഒഴിയണം. അത് നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment