ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ സർക്കാർ ആലോചിച്ച് സുവ്യക്തമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി; പ്രചാരണത്തിനുള്ള ആയുധമായാണ് വിഷയം യുഡിഎഫ് ഉന്നയിക്കുന്നത്; അതിനു പിന്നാലേ പോകേണ്ട കാര്യമില്ല; ശബരിമലയിലെ സുപ്രീംകോടതി വിധി മറികടക്കാൻ ഉടൻ നിയമം കൊണ്ടു വരുമെന്ന് പറഞ്ഞവർ എവിടെപ്പോയി ? പരമാവധി നിയമനങ്ങൾ പിഎസ്‍സി വഴി നടത്തലാണ് നയമെന്നും മുഖ്യമന്ത്രി

New Update

publive-image

തിരുവനന്തപുരം∙ ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ സർക്കാർ ആലോചിച്ച് സുവ്യക്തമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി ആദ്യം വിധി പറഞ്ഞു. പിന്നീട് സുപ്രീംകോടതി ആ വിധി പുനപരിശോധിക്കാൻ തീരുമാനിച്ചു. അതിനുശേഷവും ശബരിമലയിൽ ഉത്സവം നടക്കുന്നുണ്ട്. അവിടെ ഒരു പ്രശ്നവുമില്ല. അപ്പോഴാണ് യുഡിഎഫിന്റെ ചില ആളുകൾക്ക് ശബരിമല എടുത്താൽ വോട്ട് കിട്ടും എന്ന തോന്നലുണ്ടാകുന്നത്. അതിൻറെ പേരിൽ പ്രചാരണം നടത്തുകയാണ്. അതിനു സർക്കാരിനു എന്തു ചെയ്യാൻ കഴിയുമെന്നു മുഖ്യമന്ത്രി ചോദിച്ചു.

ശബരിമലയിൽ ഒരു പ്രശ്നവുമില്ലാത്തപ്പോഴും പ്രശ്നമുണ്ടെന്ന പ്രചാരണം അഴിച്ചുവിടുകയാണ്. ശബരിമലയിലെ സുപ്രീംകോടതി വിധി മറികടക്കാൻ ഉടൻ നിയമം കൊണ്ടു വരുമെന്ന് പറഞ്ഞവർ ഉണ്ട്. അവരെവിടെപോയി എന്ന് ആലോചിക്കണം. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാക്കി മാറ്റാനാണ് നീക്കം. പക്ഷേ എശുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേകാര്യം പറഞ്ഞെങ്കിലും നാട്ടുകാർ സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സുപ്രീംകോടതിയിൽ കേസ് വരുമ്പോൾ സർക്കാർ നിലപാട് സ്വീകരിക്കും. വിധിയിൽ പൊതുവിൽ ബാധിക്കുന്ന പ്രശ്നമുണ്ടെങ്കിൽ സർക്കാരിനു നിലപാടെടുക്കേണ്ടിവരും. അങ്ങനെ പ്രശ്നമുണ്ടെങ്കിൽ എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത് സമീപനം സ്വീകരിക്കും. ആ ഘട്ടത്തിലേ നിലപാടെടുക്കേണ്ടതുള്ളൂ. ഇപ്പോൾ പ്രചാരണത്തിനുള്ള ആയുധമായാണ് വിഷയം യുഡിഎഫ് ഉന്നയിക്കുന്നത്. അതിനു പിന്നാലേ പോകേണ്ട കാര്യമില്ല– മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് വർഗീതയുമായി സമരസപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് സീറ്റിനും ചില്ലറ വോട്ടിനും വേണ്ടി യുഡിഎഫ് വർഗീയതയെ പ്രീണിപ്പിക്കുന്നു. മതനിരപേക്ഷത സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്നവർക്ക് ഒപ്പമാണ് എൽഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കിയാണ് സർക്കാർ നീങ്ങുന്നത്. പരമാവധി നിയമനങ്ങൾ പിഎസ്‍സി വഴി നടത്തലാണ് നയം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാൻ ശുപാർശ ചെയ്തു. 2020 ഡിസംബർ 31 വരെ 1,51,513 പേർക്ക് പിഎസ്‌സി വഴി നിയമനം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽപോലും പിഎസ്‌സി 4,012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. സർക്കാർ മേഖലയിലും മറ്റു മേഖലകളിലും പരമാവധി ആളുകൾക്ക് തൊഴിൽ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ സർവകലാശാല തന്നെ വ്യക്തമായ വിശീദകരണം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment