Advertisment

എന്‍ഐഎ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി; സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും; എന്‍ഐഎ അന്വേഷണത്തില്‍ എല്ലാ വന്‍ സ്രാവുകളും കുടുങ്ങട്ടെ; അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാലും പേടിയില്ല; കേന്ദ്രം രാഷ്ട്രീയമായി അന്വേഷണത്തെ ഉപയോഗിക്കുമെന്ന മുന്‍വിധിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്‍ഐഎ അന്വേഷണത്തില്‍ എല്ലാ വന്‍ സ്രാവുകളും കുടുങ്ങട്ടെ. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തുന്നുണ്ടെങ്കില്‍ എത്തട്ടെ. അതില്‍ പേടിയില്ല. ചിലര്‍ക്ക് നെഞ്ചിടിപ്പുണ്ട്. കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന മുന്‍വിധിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന് കുറ്റക്കാരെ കണ്ടെത്തിയാല്‍ തീര്‍ച്ചയായും നടപടിയുണ്ടാകും. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് ഒഴിവാക്കുന്ന കാര്യവും പരിശോധിക്കും.

ലോക്ഡൗണിന് രണ്ടു ദിവസം മുന്‍പുതന്നെ സ്വപ്‌ന ഫ്‌ളാറ്റ് വിട്ടു പോയതായി സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പോകാന്‍ ഇവിടത്തെ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല.

ലോക്ഡൗണ്‍ ഇളവ് വരുത്തിക്കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് അതിര്‍ത്തി മേഖലയിലെ പരിശോധന ഒഴിവായത്. കര്‍ണാടകയിലേയ്ക്ക് പോകുന്നതിന് അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നുള്ള കാര്യം അവരോട് ചോദിച്ചാലേ അറിയാന്‍കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് പറയുന്നതിന് എന്ത് ന്യായമാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Advertisment