Advertisment

ഉഴവൂര്‍ വിജയന്‍റെയും രാമചന്ദ്രൻ നായരുടെയും കുടുംബത്തിനു നല്‍കിയ സഹായം : ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ ഹര്‍ജി

New Update

publive-image

Advertisment

തിരുവനന്തപുരം∙ ഉഴവൂര്‍ വിജയന്‍റെയും രാമചന്ദ്രൻ നായരുടെയും കുടുംബത്തിനു നല്‍കിയ സാമ്പത്തിക സഹായം സര്‍ക്കാരിന് കുരുക്കാകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ടു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിർകക്ഷികളാക്കി ലോകായുക്തയ്ക്ക് മുന്നിൽ ഹര്‍ജി എത്തിയിരിക്കുകയാണ് .

publive-image

എന്‍സിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂർ എംഎല്‍എ ആയിരുന്ന കെ.കെ.രാമചന്ദ്രൻ നായരുടെ സ്വകാര്യ കടങ്ങളായ കാർ വായ്പയും സ്വർണ്ണ വായ്പയും വീട്ടുന്നതിനു എട്ടര ലക്ഷത്തിലധികം രൂപയും സിപിഎം പാർട്ടി സെക്രട്ടറിക്ക് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിനു നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മന്ത്രിസഭാ തീരുമാനപ്രകാരം നൽകിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

publive-image

കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും പൊതുപ്രവർത്തകനുമായ ശശികുമാറാണ് ഹർജി നൽകിയത്. അഭിഭാഷകനായ ജോർജ് പൂന്തോട്ടം ഹർജിക്കാരനു വേണ്ടി ഹാജരായി.

publive-image

മന്ത്രിസഭയിൽ അജൻഡയ്ക്കു പുറമേ എടുത്ത ഈ തീരുമാനങ്ങൾ അഴിമതിയും അനീതിയും സ്വജനപക്ഷപാതവുമാണെന്നാണ് ഹർജിയിലെ ആരോപണം.

publive-image

ദുരിതാശ്വാസ നിധിയിൽ നിന്നും ആനുകൂല്യങ്ങൾ അനുവദിക്കുന്ന വ്യവസ്ഥകൾ ലംഘിച്ചു ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് സെപ്റ്റംബര്‍ 27നു വാദം കേള്‍ക്കും.

mazha pinarayi
Advertisment