Advertisment

ദുരിതാശ്വാസ നിധിയിലേയ്‌ക്ക്‌ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ച 53 പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് മൂന്നാര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി - ഇടുക്കി എസ്‌ പി-യ്‌ക്ക്‌ പിണറായി സിന്‍ഡ്രോം എന്ന്‌ ഇടുക്കി ഡിസിസി

author-image
സാബു മാത്യു
New Update

publive-image

Advertisment

ഇടുക്കി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക്‌ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ച 53 പോലീസ്‌ ഉദ്യോഗസ്ഥരെ മൂന്നാര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയ്‌ക്ക്‌ നിയോഗിച്ച ഇടുക്കി എസ്‌ പി യ്‌ക്ക്‌ പിണറായി സിന്‍ഡ്രോം ബാധിച്ചതായി ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍.

രാവിലെ 7 മുതല്‍ രാത്രി 8 വരെ കഠിനജോലിയെടുപ്പിക്കുന്നതിന്‌ മനപൂര്‍വ്വമായാണ്‌ ജില്ലാ പോലീസ്‌ മേധാവി ഇവരെ നീലക്കുറിഞ്ഞി ഡ്യൂട്ടിയ്‌ക്കായി നിയോഗിച്ചത്‌. പ്രസവാവധിയ്‌ക്കു ശേഷം ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ പോലീസുകാരിയടക്കം പ്രതികാരനടപടിയ്‌ക്ക്‌ വിധേയമാക്കിയത്‌ മനുഷ്യത്വരഹിതമായിപ്പോയി. സ്‌പെഷ്യല്‍ ഡ്യൂട്ടിയുടെ പേരില്‍ ഇതിനു മുമ്പും സി പി എമ്മിന്റെ ഇംഗിതത്തിന്‌ നില്‍ക്കാത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

കാലവര്‍ഷക്കെടുതിയില്‍ വീടും സ്ഥലവും നഷ്‌ടപ്പെട്ട പോലീസുകാരുടെ ഒരു മാസത്തെ ശമ്പളം ബലമായി വാങ്ങിക്കുന്നത്‌ ക്രൂരതയാണ്‌. യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പോലീസ്‌ അസോസിയേഷന്‍ സ്ഥാനങ്ങളിലിരുന്നവരെയും അനുഭാവികളെയും തലങ്ങും വിലങ്ങു സ്ഥലം മാറ്റുകയും ശിക്ഷാ നടപടികള്‍ക്ക്‌ വിധേയമാക്കുകയുമാണ്‌. സാലറി ചലഞ്ചിന്റെ വിസമ്മത പത്രത്തിന്റെ പേരിലും കോണ്‍ഗ്രസ്സ്‌ അനുഭാവ കുടുംബാംഗങ്ങള്‍ എന്ന നിലയിലും വാഗമണ്‍, കാളിയാര്‍, ഉപ്പുതറ പോലീസ്‌ സ്റ്റേഷനുകളിലെ 10 പേരെ സ്ഥലം മാറ്റി.

publive-image

ഇങ്ങനെ കൂട്ടത്തോടെ മാറ്റുന്നതുമൂലം പോലീസ്‌ സറ്റേഷന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലായ സ്ഥലങ്ങളുണ്ടെന്നു അദ്ദേഹം ആരോപിച്ചു. ശമ്പളം നിര്‍ബന്ധിച്ച്‌ പിരിക്കരുതെന്ന ഹൈക്കോടതി വിധി നഗ്നമായി ലംഘക്കുകയാണ്‌ ഇടുക്കിജില്ലയിലെന്നും അദ്ദേഹം ആരോപിച്ചു. നീലക്കുറിഞ്ഞി കാണുന്നതിനായുള്ള സഞ്ചാരികളുടെ തിരക്ക്‌ കുറഞ്ഞ ഘട്ടത്തിലാണ്‌ സ്‌പെഷ്യല്‍ ഡ്യൂട്ടി നല്‍കി ഇവരെ മനപൂര്‍വ്വം മൂന്നാറിലേയ്‌ക്കയച്ചത്‌.

കടുത്ത പനിയെ തുടര്‍ന്ന്‌ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ ഒരു വയസ്സുള്ള കുഞ്ഞിന്റെ മാതാവു കൂടിയായ പോലീസുകാരിയെ ആശുപത്രിയിലെത്തിച്ചത്‌ പോലും വനംവകുപ്പ്‌ ഉദ്യോഗസ്ഥരാണ്‌. സി പി എം പ്രാദേശിക നേതാക്കളുടെ ഇംഗിതങ്ങള്‍ക്ക്‌ വഴങ്ങാത്ത പോലീസ്‌ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുന്നതിന്‌ വകുപ്പു മേധാവികള്‍ പൂര്‍ണ്ണമായും കൂട്ടുനില്‍ക്കുന്നത്‌ ഇതാദ്യമാണ്‌.

ജില്ലാ പോലീസ്‌ മേധാവയുടെ കൂട്ട സ്‌പെഷ്യല്‍ ഡ്യൂട്ടി പിന്‍വലിക്കണമെന്നും സാലറി ചലഞ്‌ചിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ഉപദ്രവിച്ചാല്‍ സമരങ്ങളിലൂടെയും നിയമപരമായും ശക്തമായി പ്രതികരിക്കുമെന്നും ഡി സി സി പ്രസിഡന്റ്‌ പറഞ്ഞു. 49 പോലീസുകാരുടെ ശമ്പളം പിടിച്ചെടുത്ത്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറിയ നടപടി പിടിച്ചുപറിക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

idukki con
Advertisment