Advertisment

തിരിച്ചടിച്ച്‌ ജപ്പാന്‍, ചുവപ്പുകാർഡ്, പെനല്‍റ്റിഗോൾ; കൊളംബിയയെ ജപ്പാൻ വീഴ്ത്തി

New Update

ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കൊളംബിയ്‌ക്കെതിരെ ലീഡ് നേടി ഏഷ്യന്‍ കരുത്തരായ ജപ്പാന്റെ തിരിച്ചടി. കളിയുടെ തുടക്കത്തില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ ഷിന്‍ജി കവാഗെ ജപ്പാനെ മുന്നിലെത്തിച്ചെങ്കിലും 39ആം മിനിറ്റില്‍ മെക്‌സോക്കാ സമനില ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ 73ാം മിനിറ്റില്‍ ഒസാകോയുടെ അനായാസ ഗോളിലൂടെ ജപ്പാന്‍ വീണ്ടും മുന്നിലെത്തി.



ബോക്‌സില്‍ നിന്ന് പന്ത് കെെ കൊണ്ട് തടഞ്ഞതിനാണ് കൊളംബിയയ്‌ക്കെതിരെ പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റിയോടൊപ്പം ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് പിറക്കുന്നതിനും ജപ്പാന്‍- കൊളംബിയ മത്സരം സാക്ഷിയായി. പന്ത് കൈ കൊണ്ട് തടഞ്ഞതിന് കൊളംബിയന്‍ താരം കാര്‍ലോസ് സാ‌ഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 39ആം മിനിറ്റില്‍ ക്വിന്റേറോയാണ് കൊളംബിയയ്‌ക്ക് വേണ്ടി ഗോള്‍ നേടിയത്. സമനിലയില്‍ കുരുങ്ങിനിന്ന ആദ്യ പകുതിക്ക് ശേഷം 73ാം മിനിറ്റില്‍ ഗോള്‍ വലയ്‌ക്ക് അരികെ നിന്ന് ഒസാകോ നേടിയ ഹെഡ്ഡറിലൂടെ ജപ്പാന്‍ വീണ്ടും മുന്നിലെത്തി.



2014 ലോകകപ്പില്‍ ഹാമിഷ് റോഡ്രിഗസിലൂടെ വിസ്മയം സൃഷ്ടിച്ച്‌ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിയ ടീമാണ് കൊളംബിയ. ക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോറ്റെങ്കിലും നെയ്മറിനെ മാരകമായി സുനിഗ ഫൗള്‍ ചെയ്‌ത് പുറത്താക്കിയത് ഇന്നും ഫുട്ബാള്‍ ആരാധകരുടെ മനസിലുണ്ട്. വാള്‍ഡറാമയുടെയും ഹിഗ്വിറ്റയുടെയുമൊക്കെ പിന്‍മുറക്കാരുടെ ആറാം ലോകകപ്പാണിത്. കഴിഞ്ഞ തവണത്തെ ക്വാര്‍ട്ടര്‍ പ്രവേശനമാണ് ചരിത്രത്തിലെ വലിയ നേട്ടം. അതേസമയം, പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് റോഡ്രിഗസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.



കഴിഞ്ഞ ലോകകപ്പില്‍ പരിശീലിപ്പിച്ച ഹൊസെ പെക്കെര്‍മാന്‍ തന്നെയാണ് ഇക്കുറിയും കൊളംബിയയെ പരിശീലിപ്പിക്കുന്നത്. 2006ല്‍ അര്‍ജന്റീനയുടെ കോച്ചായിരുന്നു ഇദ്ദേഹം. യോഗ്യതാറൗണ്ട് മത്സരത്തില്‍ ബ്രസീലിനെ അവരുടെ മണ്ണില്‍ 1-1ന് സമനിലയില്‍ തളച്ച വീര്യവുമായാണ് കൊളംബിയ റഷ്യയിലേക്ക് വരുന്നത്. കഴിഞ്ഞ തവണത്തെ ഹീറോ റോഡ്രിഗസ്, ഫല്‍ക്കാവു, ക്വാഡ്രാഡോ, അഗ്വിലാര്‍, ബാക്ക, ഒസ്‌പിന തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.



ഫിഫ റാങ്കിംഗില്‍ 61ാം സ്ഥാനത്തുള്ള ജപ്പാന്‍ വെറ്ററന്‍ താരങ്ങളായ കൊയ്‌സുക്കെ ഹോണ്ട, ഷിന്‍ജി കഗാവ തുടങ്ങിയവരുടെ കരുത്തിലാണ് ഇറങ്ങുന്നത്. 2002, 2010 ലോകകപ്പുകളില്‍ പ്രീക്വാര്‍ട്ടറിലെത്തിയിരുന്ന ജപ്പാന്‍ കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി. 1977 ല്‍ ജപ്പാനുവേണ്ടി ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്ന അകിര നിഷിനോയാണ് അവരുടെ പരിശീലകന്‍.

Advertisment