Advertisment

നെല്ലു സംഭരണം ഊർജ്ജിതമാക്കുന്നതിനായി ചർച്ച മുഖ്യമന്ത്രിയുടെ പക്കലേക്ക്

New Update

തിരുവനന്തപുരം:  നെല്ലു സംഭരണം ഊർജ്ജിതമാക്കുന്നതിനായി മന്ത്രിമാരും മില്ലുടമകളും നടത്തിയ മൂന്നാം വട്ട ചർച്ചയും പൂർണവിജയത്തിലെത്താതെ മുഖ്യമന്ത്രിയുടെ പക്കലേക്ക്.

Advertisment

പ്രോസസിങ് ചാർജ് ഇനത്തിൽ ക്വിന്റലിനു 268 രൂപ ലഭിക്കണമെന്ന ആവശ്യം മില്ലുടമകൾ ശക്തമാക്കിയതിനെ തുടർന്നാണു ഇക്കാര്യം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പരിഹരിക്കാമെന്നു മന്ത്രിമാർ നിർദേശിച്ചത്. നിലവിൽ 214 രൂപയാണു പ്രോസസിങ് ഇനത്തിൽ നൽകുന്നത്.  ഇതു വർധിപ്പിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നതായി മില്ലുടമകൾ ചൂണ്ടിക്കാട്ടി.

publive-image

പ്രളയം ഏറെ നാശമുണ്ടാക്കിയ എറണാകുളം ജില്ലയിൽ പെരിയാറിന്റെ കരകളിലുള്ള ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന നെല്ലു പൂത്തു പോയതായി മില്ലുടമകൾ അറിയിച്ചു. ഇക്കാര്യത്തിൽ‍ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുയർന്നു.

നെല്ലുസംഭരണം അനിശ്ചിതത്വത്തിലായതിനെ തുടർ‍ന്നാണു മന്ത്രിമാരായ വി.എസ്.സുനിൽകുമാർ‍, കടകംപള്ളി സുരേന്ദ്രൻ, പി.തിലോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. നേരത്തേ 21നു സംഭരണം ആരംഭിക്കുമെന്നായിരുന്നു മില്ലുടമകൾ അറിയിച്ചിരുന്നത്.

പ്രോസസിങ് ചാർജിനു പുറമെ ടേൺ ഔട്ട് റേഷ്യോയിലും പരിഹാരം കണ്ടിരുന്നില്ല. 20,000 ടൺ നെല്ലാണ് ഇതേതുടർന്നു പാലക്കാടു ജില്ലയിൽ കെട്ടിക്കിടന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു ക്വിന്റലിനു 148 രൂപയാണു പ്രോസസിങ് ചാർജായി നൽകിയിരുന്നതെന്നു വി.എസ്.സുനിൽകുമാർ ചൂണ്ടിക്കാട്ടി.

ടേൺ‍ ഔട്ട് റേഷ്യോ 100 ക്വിന്റൽ നെല്ലിന് 68 കിലോ അരി എന്നാണു കേന്ദ്രസർക്കാർ നിശ്ചയിച്ചിരുന്നതെങ്കിലും കേരളത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്തു 64.5 കിലോ ആയി നിശ്ചയിക്കുകയായിരുന്നു. 67 കോടി രൂപ ഈയിനത്തിൽ സർക്കാരിനു ബാധ്യതയാണെന്നും സുനിൽകുമാർ ചൂണ്ടിക്കാട്ടി. ഇന്ധന ചെലവു സംബന്ധിച്ച മില്ലുടമകളുടെ പരാതികൾക്കു പരിഹാരം കാണും.

Advertisment