‘പൊന്മണി’ കരിമ്പക്ക് കതിർമണി: കരിമ്പ പാലളത്ത് ആവേശമായി കൊയ്ത്തുത്സവം

സമദ് കല്ലടിക്കോട്
Monday, February 4, 2019

പാലളം നടുക്കളം സുബ്രഹ്മണ്യന്റെ കൃഷിയിടത്തിൽ ആവേശത്തിമിര്‍പ്പില്‍ കൊയ്ത്തുത്സവം നടത്തി. കൃഷിയെ തിരിച്ചുപിടിക്കാൻ മനസുണ്ടായാൽ തരിശായി കിടക്കുന്ന ഭൂമി പോലും നെൽകൃഷിക്കായി ഉപയോഗപ്പെടുത്താനാകുമെന്ന മഹത്തായ സന്ദേശം നൽകുന്നതായി കൃഷിയുത്സവം.

പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപാദന ശേഷിയുള്ള നെല്ലിനം ‘പൊന്മണി’യാണ് ഇവിടുത്തെ വിളവിനായി തിരഞ്ഞെടുത്തത്. എന്നാൽ കരിമ്പയിൽ തന്നെ അക്ഷയ,സുപ്രിയ എന്നീ നെല്ലിനങ്ങളും ആധുനിക മാതൃകയിൽ കൃഷി ചെയ്യുന്നുണ്ട്.

ആദ്യം വാഴക്കൃഷി ചെയ്തിടത്താണ് പൊന്മണിക്ക് ഇപ്പോൾ നൂറുമേനി വിളവ്. കരിമ്പ കൃഷി ഓഫീസർ പി.സാജിദലിയുടെനേതൃത്വത്തിൽ നെല്‍കൃഷിക്കായി ഭൂമി പാകപ്പെടുത്തുകയായിരുന്നു. കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു.

നാട് കൃഷിക്കായി ഉണരേണ്ടത് ഒരു അനിവാര്യത ആയിട്ടുണ്ട്. കുറവുകൾ പരിഹരിച്ച് കൃഷിയുടെ ആശയപ്രചരണത്തിനായി പാടശേഖരങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വൈസ്‌ പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് അധ്യക്ഷനായി.

കേരള കാർഷിക സർവകലാശാല പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം സാങ്കേതിക വിദഗ്ധൻ സബൂർ, ജിമ്മി മാത്യു, ജയലക്ഷ്മി, ശ്രീജ, പി.ജി.വത്സൻ, എം.കെ.രാമകൃഷ്ണൻ, ചാമിക്കുട്ടി, ഷീല.എ തുടങ്ങിയവർ പ്രസംഗിച്ചു.

×