ഇതാ തൃക്കാർത്തിക മാഹാത്മ്യം

സുനില്‍ പാലാ
Wednesday, November 21, 2018

വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാൽ കുമാരനെല്ലൂർ, ഏഴാച്ചേരി കാവിൻപുറം ഉൾപ്പെടെയുള്ള ദേവീക്ഷേത്രങ്ങളിൽ 23-ന് വെള്ളിയാഴ്ച തൃക്കാർത്തിക മഹോത്സവം ആഘോഷിക്കുന്നു.

ദേവീപ്രീതിക്ക് ഏറ്റവും ഉത്തമവും നവരാത്രി പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നുമാണ് തൃക്കാർത്തിക.  ദേവീക്ഷേത്രങ്ങളിൽ അന്ന് വിശേഷാൽ പൂജകളും ലക്ഷദീപം തെളിയിക്കലും നടക്കും. കുമാരനെല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം അതി വിശിഷ്ടമാണ്. പങ്കെടുക്കുന്നത് മഹാഭാഗ്യവും.

കോട്ടയം, പാലാ ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ അന്ന് രാവിലെ 8ന് പൊങ്കാലയും, വൈകിട്ട് 6ന് നൂറുകണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന കാർത്തിക വിളക്ക് ഘോഷയാത്രയുമുണ്ട്.

കാർത്തിക ദിവസം സന്ധ്യയ്ക്ക് ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിച്ചാണ് ദേവിയെ പൂജിക്കേണ്ടത്.

മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ് ദീപം തെളിയിക്കൽ. ഗൃഹത്തിൽ തൃക്കാർത്തിക ദിവസം ദീപം തെളിയിച്ചാൽ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് ഐതീഹ്യം.

അഗ്നിനക്ഷത്രമാണ് കാർത്തിക .ജ്ഞാനത്തിന്റെയും ആഗ്രഹസാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകമാണ് അഗ്നി.കാർത്തിക നക്ഷത്രത്തിന് പൂർണ്ണ ബലം സിദ്ധിക്കുന്നത് പൗർണ്ണാതിഥിയിലായതിനാൽ കാർത്തിക നക്ഷത്രവും പൗർണ്ണമിയും ഒരുമിച്ചു വരുന്നത് തൃക്കാർത്തിക ദിവസമാണ്.

അന്ന് നടത്തുന്ന ദീപം തെളിയിക്കലും, പൊങ്കാല പോലുള്ള അനുഷ്ഠാനങ്ങളും മഹാമായയായ സർവ്വേശ്വരിക്ക് നേരിട്ട് പൂജ ചെയ്ത് അർപ്പിക്കാൻ നമുക്കു ലഭിക്കുന്ന അസുലഭ അവസരമാണ്.

കോട്ടയം കുമാരനെല്ലൂർ ദേവീക്ഷേത്രത്തിലും, പാലാ ഏഴാച്ചേരി കാവിൻപുറം ക്ഷേത്രത്തിലും തൃക്കാർത്തിക ദിവസം ഒരു നേരമെങ്കിലും അമ്മയെ കണ്ട് കൈകൂപ്പി തൊഴാനായാൽ അതു തന്നെ ഐശ്വര്യകരമാണ്. ആ തിരുമുമ്പിൽ നിലവിളക്കിൽ ഒരു തിരിയെങ്കിലും തെളിയിക്കാനായാൽ, ഒരു പൊങ്കാലയെങ്കിലും അർപ്പിക്കാനായാൽ അത് ജന്മാന്തര സുകൃതവും …….

ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ രാവിലെ പൊങ്കാലയിട്ട്, സന്ധ്യയ്ക്ക് കാർത്തിക വിളക്ക് ഘോഷയാത്രയിൽക്കൂടി പങ്കെടുക്കുന്നത് അതീവ ശ്രേഷ്ഠമാണ്.

കുടുംബാംഗങ്ങളോടൊത്ത് നിങ്ങൾ തൃക്കാർത്തിക നാളിൽ ദേവീക്ഷേത്രങ്ങളിൽ ഒരു നേരമെങ്കിലുമെത്തി പ്രാർത്ഥനാ നിരതരാകൂ….. അഷ്ടൈശ്വര്യങ്ങൾക്ക് പാത്രീഭൂതരാകൂ…..
(ഏഴാച്ചേരി കാവിൻപുറം ക്ഷേത്രം ഫോൺ – 97 45 26 04 44 )

×