ഇന്ത്യൻ സേനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്ലാസിക് സിഗ്നല്‍സ് എഡിഷന്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, August 28, 2018

ഇന്ത്യൻ സേനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്ലാസിക്കിന് പ്രത്യേക പതിപ്പുമായി റോയൽ എൻഫീൽഡ്. ക്ലാസിക് 350 സിഗ്നല്‍സ് എഡിഷന്‍ എന്നാണ് സ്‌പെഷ്യല്‍ എഡിഷന്റെ വിശേഷണം.  1.62 ലക്ഷം രൂപയാണ് വില.

ഇന്ത്യൻ സേനയും റോയൽ എൻഫീൽഡും തമ്മിലുള്ള സഹകരണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സിഗ്നൽ എഡിഷൻ പുറത്തിറക്കിയത്. ക്ലാസിക്ക് 350 അടിസ്ഥാനപ്പെടുത്തിയാണ് പ്രത്യേക പതിപ്പ് നിർമിക്കുന്നത്. ക്ലാസിക്ക് 350യെക്കാൾ 15000 രൂപ അധികമാണ് സിഗ്നൽ എഡിഷന്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന ഫ്ളയിങ് ഫ്ളീ എന്ന മോഡലിൽ നിന്നു പ്രചോദിതമായി പുറത്തിറക്കിയ ക്ലാസിക് 500 പെഗാസസിന് ലഭിച്ച മികച്ച പ്രതികരണമാണ് പുതിയ ബൈക്ക് പുറത്തിറക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

സൈനിക ശൈലിയിലുള്ള കാൻവാസ് പാനിയർ, ബ്രൗൺ ഹാൻഡിൽ ബാർ ഗ്രിപ്, കറുപ്പ് സൈലൻസർ, റിം, കിക്ക് സ്റ്റാർട്ട് ലീവർ, പെഡൽ, ഹെഡ് ലൈറ്റ് ബീസൽ തുടങ്ങിയവയൊക്കെയാണ് സിഗ്നലിനെ വേറിട്ടു നിർത്തുന്നത്. ബൈക്കിനു കരുത്തേകിയത് ക്ലാസിക്കിലെ 349 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്.

5,250 ആർ പി എമ്മിൽ 19 ബി എച്ച് പി വരെ കരുത്തും 4,000 ആർ പി എമ്മിൽ 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയർ തുടങ്ങിയവയിലും ക്ലാസിക്കും സിഗ്നലിനും വ്യത്യാസമൊന്നുമില്ല. എബിഎസ് നൽകിയിട്ടുണ്ട്. എയർബോൺ ബ്ലൂ, സ്റ്റോം റൈഡർ സാന്റ് തുടങ്ങിയ നിറങ്ങളിലാണ് ബൈക്ക് ലഭിക്കുക.

×