അച്ചടക്കവും അറിവും നല്ല പെരുമാറ്റവും കുട്ടികള്‍ പഠിക്കേണ്ടത് വീടുകളില്‍ നിന്ന്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, October 11, 2018

മക്കള്‍ക്ക് സ്‌കൂളുകളിൽ നിന്ന് ലഭിക്കുന്നതു മാത്രമല്ല വിദ്യാഭ്യാസം. അച്ചടക്കവും അറിവും നല്ല പെരുമാറ്റവും കുട്ടികൾ പഠിച്ചു തുടങ്ങേണ്ടത് വീടുകളിൽ നിന്നാണ്. കുട്ടികള്‍ സ്‌നേഹിക്കാന്‍ പഠിക്കുന്നതും മറ്റുള്ളവരെ പരിഗണിക്കാന്‍ പഠിക്കുന്നതും വീടുകളില്‍ നിന്നാണ്. അതവര്‍ മനസ്സിലാക്കുന്നതാകട്ടെ മുതിര്‍ന്നവര്‍ തമ്മിലുള്ള ഇടപെടലുകളില്‍ നിന്നാണ്.

വീടു നൽകുന്ന സ്‌നേഹത്തിന്റെ പാഠങ്ങള്‍, മറ്റുള്ളവരെ ആദരിക്കുന്ന രീതി ഇതെല്ലാം കുട്ടികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് പതിയുന്നു.

സ്വന്തം വീട്ടിൽ സ്നേഹം അനുഭവിക്കാത്ത കുട്ടികള്‍ക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനോ പരിഗണിക്കാനോ ബുദ്ധിമുട്ടാണ്. അതുകൊണ്ട് സ്‌നേഹത്തിന്റെ പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് നാം പരസ്പരം സ്‌നേഹിച്ചുകൊണ്ടായിരിക്കണം.

കുട്ടികള്‍ക്ക് പലപ്പോഴും അവരുടെ കഴിവുകളെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കുകയില്ല. എന്നാല്‍ എല്ലാ കുട്ടികളും എത്രയോ സാധ്യതകളും കഴിവുകളുമുള്ളവരാണ്. ആ കഴിവുകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക. അതുപോലെ അവരുടെ വികാരങ്ങളെ കൈകാര്യം ചെയ്യാനും അവയെ ക്രിയാത്മകമായ രീതിയിലേക്ക് വഴിതിരിച്ചുവിടാനും അവരെ പഠിപ്പിക്കണം.

എല്ലാ വികാരങ്ങളും പരസ്യമായി പ്രകടിപ്പിക്കേണ്ടതല്ലെന്നും സ്വന്തം വികാരപ്രകടനം കൊണ്ട് മറ്റുള്ളവരെ വ്രണപ്പെടുത്താന്‍ നമുക്ക് അവകാശമില്ലെന്നും അവരെ ചെറുപ്രായത്തിലേ പഠിപ്പിക്കണം.

×