Advertisment

മഹാകവി കുമാരനാശാന്റെ കുട്ടിക്കവിതകളില്‍ നിന്ന്

author-image
admin
Updated On
New Update

publive-image

Advertisment

മഹാകവി കുമാരനാശാന്റെ കുട്ടിക്കവിതകളില്‍ നിന്ന് ചില കവിതകള്‍ ഇവിടെ വായിക്കാം...

കുട്ടിയും തള്ളയും

ഈ വല്ലിയില്‍നിന്നു ചെമ്മേ - പൂക്കള്‍

പോവുന്നിതാ പറന്നമ്മേ!

തെറ്റീ! നിനക്കുണ്ണി ചൊല്ലാം - നല്‍പൂ -

മ്പാറ്റകളല്ലേയിതെല്ലാം.

മേല്ക്കുമേലിങ്ങിവ പൊങ്ങീ - വിണ്ണില്‍

നോക്കമ്മേ, യെന്തൊരു ഭംഗി!

അയ്യോ! പോയ്ക്കൂടിക്കളിപ്പാന്‍ - അമ്മേ,

വയ്യേയെനിക്കു പറപ്പാന്‍!

ആകാത്തതിങ്ങനെ എണ്ണീ - ചുമ്മാ

മാഴ്‌കൊല്ലായെന്നോമലുണ്ണീ!

പിച്ചനടന്നു കളിപ്പൂ - നീയി -

പ്പിച്ചകമുണ്ടോ നടപ്പൂ?

അമ്മട്ടിലായതെന്തെന്നാല്‍ - ഞാനൊ -

രുമ്മതരാമമ്മ ചൊന്നാല്‍.

നാമിങ്ങറിയുവതല്പം - എല്ലാ-

മോമനേ, ദേവസങ്കല്പം.



മിന്നാമിനുങ്ങ്


ഇതെന്തൊരാനന്ദമിതെന്തു കൗതുകം!

സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം;

ഇതാ പറന്നെത്തിയടുത്തു ഹാ! പറ-

ന്നിതാ തൊടുംമുമ്പിതു വിണ്ണിലായിതേ!

ഉടന്‍ മടങ്ങുന്നിത, പൂത്തിരുട്ടിലായ്-

ക്കിടന്ന വേലിച്ചെടിതന്റെ തുമ്പിതില്‍;

ചുടുന്നതില്ലിച്ചെറു തീയതൊന്നുമേ!

കെടുന്നുമില്ലീ മഴയത്തുപോലുമേ!

ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ,

ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,

വരിഷ്ഠമാം തങ്കമുരച്ച രേഖപോ-

ലിരുട്ടു കീറുന്നൊരു വജ്രസൂചിപോല്‍.

സ്ഫുരിക്കുമീ നിന്നുടലിന്‍ പദാര്‍ഥമെ-

ന്തുരയ്ക്ക, മിന്നല്‍പ്പിണരിന്‍ സ്ഫുലിംഗമോ?

വിരഞ്ഞുപോം താരഗണങ്ങള്‍ തമ്മിലാ-

ഞ്ഞുരഞ്ഞു പാറും പൊടിയോ നിലാവതോ?

പുളച്ചിടുന്നെന്മനതാരഹോ! വെറും

വെളിച്ചമേ, വാ കിളിവാതിലൂടെ നീ,

വിളിച്ചു കേളാത്തവിധം ഗമിക്കിലാ-

മൊളിച്ചിടാന്‍ കള്ള, നിനക്കു വയ്യെടോ!

പിലാവിലും തെങ്ങിലുമക്കവുങ്ങിലും

വിലോലമായ് മാവിലുമങ്ങുമിങ്ങുമേ

വിലങ്ങിടും നീ പ്രകൃതിക്കു ചാര്‍ത്തുവാന്‍

നിലാവുപൂമ്പട്ടിനു പാവു നെയ്കയോ?



പരുക്കേറ്റ കുട്ടി


അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാന്‍

കരയായ്‌കോമനേ, കരള്‍ വാടി

പുരികവും ചുണ്ടും ചുളിച്ചു നീ വിങ്ങി-

ക്കരയായ്‌കോമനേ, വരുന്നു ഞാന്‍.

പനിനീര്‍ച്ചെമ്പകച്ചെറുമുള്ളേറ്റു നിന്‍

കുരുന്നുകൈവിരല്‍ മുറിഞ്ഞിതേ!

തനിയേ തൈമാവില്‍ക്കയറി വീണോമല്‍-

ച്ചെറുകാല്‍മുട്ടുകള്‍ ചതഞ്ഞിതേ!

മറിച്ചിട്ടിപ്പടം മുകളില്‍ നിന്നയ്യോ

മുറിച്ചിതേ പൊന്നിന്‍നിറുകയും

മുറിയില്‍ക്കട്ടിന്മേല്‍ കയറിച്ചാഞ്ചാടി-

ത്തറയില്‍ വീണിപ്പൂങ്കവിളും നീ.

കരുതേണ്ട, തല്ലുമിതിനായ് ഞാനെന്നു,

കരയേണ്ട, നോവുമകന്നുപോം

അറിയാപ്പെതല്‍ നീ കളിയാടിയേറ്റ

മുറിവു ഭൂഷണം നിനക്കുണ്ണീ.

ഉരച്ചിവണ്ണമക്ഷതമോരോന്നുമേ

തിരിച്ചു ചുംബിച്ചാളുടനമ്മ,

സ്ഫുരിച്ച പുഷ്പത്തെയളിപോലെ, കുട്ടി

ചിരിച്ചാന്‍ കാര്‍ നീങ്ങും ശശിപോലെ.



പ്രഭാതപ്രാര്‍ഥന


സകലാശ്രയമായി രാത്രിയും

പകലും നിന്നെരിയും പ്രദീപമേ,

ജഗദീശ, ജയിക്ക! ശാശ്വതം

നിഗമം തേടിന നിന്‍പദാംബുജം.

അരുണോദയമായി, പൂക്കള്‍പോല്‍

വിരിയുന്നൂ കരണോല്‍ക്കരം വിഭോ,

തിരിയെത്തെളിയുന്നു ഹന്ത! നീ

തിര നീക്കുന്നൊരു ലോകരംഗവും.

ഒരു ഭീതിയെഴാതെ, കാത്തു, ദുഷ്-

കര സാംസാരികപോതയാത്രയില്‍

കര കാട്ടുക നിന്നു നീ കൃപാ-

കര,- ഞാന്‍ ദിക്കറിയാത്ത നാവികന്‍.

ഗുണമെന്നിയൊരാള്‍ക്കുമെന്നില്‍നി-

ന്നണയായ്‌വാന്‍ തരമാകണം വിഭോ,

അണുജീവിയിലും സഹോദര-

പ്രണയം ത്വല്‍കൃപയാലെ തോന്നണം.

ഉളവാകണമാത്മതുഷ്ടിയീ-

യെളിയോനിങ്ങനെ പോകണം ദിനം,

ഇളകാതെയുമിന്ദ്രിയാര്‍ത്തിയാല്‍

കളിയായും കളവോതിടാതെയും.

അഖിലോപരിയെന്റെ ബുദ്ധിയില്‍

സുഖദുഃഖങ്ങളില്‍ മാറ്റമെന്നിയേ

ജഗദീശ, തെളിഞ്ഞു നില്ക്കണം

നിഗമം തേടിന നിന്‍പദാംബുജം.

(കുമാരനാശാന്റെ കുട്ടിക്കവിതകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Advertisment