Advertisment

മലമുകളിലെ മണിനാദം

author-image
admin
New Update

- ജോൺ കുറിഞ്ഞിരപ്പള്ളി

Advertisment

publive-image

ഞങ്ങൾ ലഗ്ഗേജുമെടുത്തു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ജോസഫ് ചേട്ടൻ പറഞ്ഞു," നിൽക്കു , അല്പം കൂടി കഴിഞ്ഞിട്ട് പോകാം ",

ചോദ്യ രൂപത്തിൽ അയാളുടെ മുഖത്തേക്ക് നോക്കി," നല്ല ലക്ഷണമല്ല സർ ,ഒരു മഴയ്ക്കുള്ള ലക്ഷണം കാണുന്നുണ്ട്. ഇവിടെ വളരെ പെട്ടന്നാണ് മഴ പെയ്യുക. അതുപോലെ മലവെള്ളം കുതിച്ചു വരും.".

ജോസഫ് ചേട്ടൻ ആ ഹോംസ്റ്റേയുടെ ഉടമസ്ഥനും തൊഴിലാളിയും എല്ലാമാണ്.

ദാ മഴ പെയ്തു തുടങ്ങി,തുള്ളിക്ക് ഒരു കുടം പോലെ..

എത്ര പെട്ടന്നാണ് ഇവിടെ കാലാവസ്ഥയിൽ മാറ്റം വരുന്നത്? അന്തരീക്ഷം ആകെ മാറിയിരിക്കുന്നു. കാറ്റും മഴയും തകർക്കുകയാണ് .ജോസഫ് ചേട്ടൻ മുന്നറിയിപ്പ് തന്നത് നന്നായി.

കാർ പാർക്ക് ചെയ്‌തിരിക്കുന്ന സ്ഥലത്തേക്ക് അല്പം നടക്കാനുണ്ട്..ഈ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണുവഴി ബ്ലോക്ക് ആയിട്ടുണ്ടാകും കൂടാതെ ഉരുൾ പൊട്ടി വെള്ളപൊക്കം ഉണ്ടാകാനും സാദ്ധ്യത ഉണ്ട്.

ജോസഫ് ചേട്ടൻ ലഗേജ് മറ്റും തിരിച്ചു കൊണ്ടുപോയി റൂമിൽ വച്ചു.

."ഇനി ഇന്നു പോകണ്ട. നാളെ കാലത്തു പോകാം".

ഇനി ഇന്ന് പോയാലും എല്ലാം കുഴഞ്ഞു മറിയും.മലയിറങ്ങി ടൗണിൽ എത്താൻ നാലഞ്ചു മണിക്കൂറെങ്കിലും എടുക്കും. നാട്ടിൽ വരുമ്പോൾ ഒരു മൂന്നു നാലു ദിവസം ഈ ഹോംസ്‌റ്റേയിൽ വന്നു താമസിക്കും .മൂന്ന് നാല് വര്ഷമായിട്ടുള്ള പതിവാണ്.സൗകര്യങ്ങൾ കുറവാണ്. അതുകൊണ്ടു തന്നെ തിരക്കും കുറവുണ്ട്..

പക്ഷെ എല്ലാ അസൗകര്യങ്ങളും അയാളുടെ പെരുമാറ്റം കൊണ്ട് ഇല്ലാതാകും.മുതലാളിയും തൊഴിലാളിയും എല്ലാം അയാൾ തന്നെ.സഹായിക്കാൻ മൂന്നു നാലു പേർ ഉണ്ട് എന്ന് മാത്രം.ഹോംസ്റ്റേയോട് ചേർന്ന് ഒരു ചെറിയ കോഴി ഫാമും മൂന്നോ നാലോ പശുക്കൾ ഉള്ള ഒരു തൊഴുത്തും .

ചുറ്റും പുൽമേടുകളാണ് അവിടെയവിടെയായി ആകാശം മുട്ടിനിൽക്കുന്നമരങ്ങളും അല്പം നടന്നാൽ പിന്നെ മുഴുവനും ഏലക്കാടുകളാണ്..മലയിടുക്കുകളിലെ മൂടൽ മഞ്ഞിൽ സൂര്യനുദിക്കുമ്പോൾ എന്തു ഭംഗിയാണ്.

കുട്ടികൾ കാലത്തെ എഴുന്നേൽക്കും.അവർക്ക് ഇതൊരു അത്ഭുദ ദ്വീപാണ് ..

അയാളുടെ ജോലിത്തിരക്കിനിടയിലും കുട്ടികളുമായി കളിക്കുവാൻ സമയം കണ്ടെത്തും.കോഴി ഫാമിലും തൊഴുത്തിലും എല്ലാം അയാൾ അവരെ കൊണ്ടുപോയി കാണിക്കും ഓരോ കോഴിയേയും പശുവിനേയും പേരുചൊല്ലി വിളിക്കും.

കണ്ണുകളിൽ നിറയെ മാജിക് കാണുന്ന കൗതുകത്തോടെ അവർ അയാളുടെ കൂടെ നടക്കും ഇടക്ക് കുട്ടികളെ കാണുന്നതിനായി എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി അയാൾ വരും.

യാത്ര പറഞ്ഞു പിരിയുമ്പോൾ അയാളുടേയും കുട്ടികളുടേയും കണ്ണുനിറയും.

വിവരിക്കാൻ വയ്യാത്ത ഒരു സ്നേഹ ബന്ധം.

ആദ്യ ദിവസം.

കാലത്തു എന്തോ ശബ്ദം കേട്ട് ഇളയമോൾ ക്‌ളാര ഉറങ്ങികിടന്നിടത്തുനിന്നും ചാടി എഴുനേറ്റു.

"എന്താ അതു്?"

"ഒരു പൂവൻ കോഴി കൂവിയതാണ്." അന്ന മൂത്ത കുട്ടി പറഞ്ഞു.

അവൾ ക്ലോക്കിലേക്കു നോക്കി."എന്നും ഈ സമയത്തു കൂകുവോ?"

"ഉം ....."

വെളിച്ചമായപ്പോൾ അന്നയും ക്‌ളാര യും അയാളുടെ കൂടെ കോഴി കൂടിനടുത്തു പോയി..ഓരോ കോഴികളെയും അവരുടെ പേരുകളും അയാൾ അവർക്ക് പറഞ്ഞു കൊടുത്തു..

രാത്രിയിൽ ഞങ്ങളെ കൂവി ഉണർത്തിയ കോഴി പൂവനെ അന്നയുടെ കയ്യിൽ വച്ച് കൊടുത്തു..ഒരു കൊച്ചുകുട്ടിയെപ്പോലെ അത് അവളുടെ നെഞ്ചോട് ചേർന്നിരുന്നു.

എന്തു ഭംഗിയാണ് ഈ പൂവൻ കോഴിക്ക്.

അടുത്ത ദിവസങ്ങളിൽ പുലർച്ചെ അവർ കാത്തിരുന്നു,അവൻറെ കൂവൽ കേൾക്കാൻ..

ഒരിക്കൽ പോലും അവൻ നിരാശപ്പെടുത്തില്ല,കൃത്യസമയത്തു് ,അവൻ ഞങ്ങളെ കൂവി ഉണർത്തി.

രാത്രി മുഴുവൻ മഴയും കാറ്റും ആയിരുന്നു.യാത്ര പുറപ്പെടാതിരുന്നത് ഭാഗ്യം.

മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നതായിരിക്കും പുറത്തു എന്തെല്ലാമോ ശബ്ദം കേട്ടു..അയാൾ പലതവണ പുറത്തിറങ്ങി പോകുന്നതും ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നതും കേൾക്കാമായിരുന്നു.

എട്ടുമണിക്ക് വാതിലിൽ മുട്ടുന്നത് കേട്ടാണ് എല്ലാവരും ഉറക്കത്തിൽ നിന്ന് എഴുന്നേക്കുന്നത്..

"സർ മഴയെല്ലാം മാറിയെന്നു തോന്നുന്നു,.ബ്രേക്ക് ഫാസ്റ്റ് റെഡി,വന്നോളൂ ......."ജോസഫ് ചേട്ടൻ പറഞ്ഞിട്ട് പോയി.

പ്രഭാത ഭക്ഷണം വിഭവ സമൃദ്ധം ആയിരുന്നു.ചൂടുള്ള അപ്പവും കോഴിക്കറിയും. കുട്ടികൾക്കായി വേറെയും കുറെ വിഭവങ്ങൾ.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അന്ന പറഞ്ഞു",ഇന്ന് അവൻ ഉറങ്ങി പോയിയെന്നു തോന്നുന്നു.അവന്റെ കൂവൽ കേട്ടില്ല.".

"ഏയ്‌ ,അവനു സമയം തെറ്റില്ല. നമ്മളെല്ലാവരും ഉറങ്ങി പോയി, അതുകൊണ്ടാ."ക്‌ളാര .

"ഞാനൊന്നു നോക്കിയിട്ടുവരട്ടെ,ചിലപ്പോൾ മഴ കാരണം അവനും ഉറങ്ങിപ്പോയി കാണും"അന്ന ഏഴുന്നേറ്റു പുറത്തേക്കു പോകാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു,"പുറത്തു മുഴുവൻ ചെളിയാണ് ,വീഴും, പോകണ്ട".

അയാൾ പറഞ്ഞത് അവൾ കേട്ടില്ലെന്നു തോന്നുന്നു,

കുട്ടികൾ രണ്ടുപേരും പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അയാൾ ചോദിച്ചു,

"മോൾക്ക് ഞാൻ ഒരു സ്പെഷ്യൽ ബുൾസ് ഐ ഉണ്ടാക്കി തരട്ടെ?".അയാൾ കുട്ടികൾ നന്നായി ഭക്ഷണം കഴിക്കാൻ പക്ഷികളുടെയും മൃഗങ്ങളുടെയും മറ്റും ആകൃതിയിൽ പലതും ഉണ്ടാക്കി കൊടുക്കാറുണ്ട്.

"അങ്കിൾ............."

"എന്തു മഴയായിരുന്നു ഇന്നലെ രാത്രിയിൽ?"

"അങ്കിൾ....".

എന്തോ പന്തികേടുണ്ട് എന്ന് എല്ലാവര്ക്കും തോന്നി തുടങ്ങിയിരുന്നു.

ചൂടുള്ള കോഴി കറിയും അപ്പവും മേശ പുറത്തു് നിരന്നിരിക്കുന്നു.,എങ്കിലും കഴിക്കണമെന്നു തോന്നുന്നില്ല.

അയാളുടെ മൗനം അസഹ്യമായി തോന്നി.

.അന്നയും ക്‌ളാരയും എഴുന്നേറ്റു കോഴിക്കൂടിന്റെ ഭാഗത്തേക്കുഓടി പോയി.അവരുടെ കൂട്ടുകാരനെ കാണാൻ.പെട്ടന്നാണ് അവരുടെ നിലവിളി കേട്ടത്

ഞങ്ങൾ ഓടിച്ചെന്നു.

മരക്കൊമ്പുകൾ ഒടിഞ്ഞുവീണു കോഴികൂട് നിശേഷം തകർന്നു പോയിരുന്നു.

തകർന്നുപോയ ആ കൂട് കണ്ടാലറിയാം ഒന്നും ജീവനോടെ അവശേഷിച്ചിട്ടുണ്ടാകില്ല.എന്ന്.

കുട്ടികൾക്ക് എല്ലാം മനസിലായിക്കഴിഞ്ഞിരുന്നു.

അന്നയുടെയും ക്ലാരയുടേയും നിലവിളി ഉച്ചത്തിലായി.അവരുടെ നിലവിളി സഹിക്കാൻ വയ്യാതെ , ജോസഫ് ചേട്ടൻ തിരിഞ്ഞുനിന്നു.അയാളുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു.

മലമുകളിലെ വൃക്ഷങ്ങൾക്കിടയിൽ അപ്പോഴും സുര്യൻ ഒളിച്ചു കളിക്കുകയായിരുന്നു.

Advertisment