ചിത്രം വരയ്ക്കാന്‍, നിങ്ങളെ സ്നേഹിക്കുന്ന, പുഞ്ചിരിക്കാന്‍ അറിയുന്ന ഒരു ലോകം – ക്രയോണ്‍സ് ആര്‍ട്സ് ഉദയംപേരൂര്‍

Wednesday, February 27, 2019

തൃപ്പൂണിത്തുറ ഉദയംപേരൂര്‍ ഗ്രാമത്തില്‍ ക്രയോണ്‍സ് ആര്‍ട്സ് കുട്ടികളിലെ ചിത്രകലയോടുള്ള താല്പര്യത്തെ അവരുടെ ഒരു ലഹരിയാക്കി മാറ്റുംവിധം കഴിഞ്ഞ 6 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു.

എല്‍ കെ ജി മുതല്‍ ഡിഗ്രി തലത്തില്‍ വരെയുള്ള കുട്ടികള്‍ ആര്‍ട്ടിസ്റ്റ് സുജിത് സുരേന്ദ്രന്റെ കീഴില്‍ ചിത്രകല അഭ്യസിക്കുന്നു. 6 വര്‍ഷങ്ങളിലായി ഏകദേശം 300 ഓളം കുട്ടികള്‍ ഇവിടെ ചിത്രകല പഠിച്ചിട്ടുണ്ട്. 44 കുട്ടികളുടെ 110 ചിത്രങ്ങളുടെ പ്രദര്‍ശനം 2019 ഫെബ്രുവരി 17,18,19 തീയതികളിലായി ഉദയംപേരൂര്‍ എസ് എ എസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നിരുന്നു.

പ്രശസ്ത ചിത്രകാരി സാറാ ഹുസൈന്‍ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്ഡ് കരസ്ഥമാക്കിയ കാര്‍ട്ടൂണിസ്റ്റ് സജീവ്‌ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി.

എല്‍ സന്തോഷ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കളമശ്ശേരി നജാത്ത് പബ്ലിക് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ഡോ. എം അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്ബ്, ചിത്രകാരന്മാരായ ഒനിക്സ് പൗലോസ്, ആര്‍ കെ ചന്ദ്രബാബു, രഞ്ജിത്ത് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന്‍ പ്രദര്‍ശനം കാണാന്‍ വന്ന അന്‍പതോളം ആളുകളുടെ കാര്‍ട്ടൂണ്‍ വരച്ച് സജീവ് ബാലകൃഷ്ണന്‍ കുട്ടികള്‍ക്ക് ആവേശമായി.

44 കുട്ടികളുടെ 110 ചിത്രങ്ങളുടെ പ്രദര്‍ശനം ‘CRESCENT’ ക്രയോണ്‍സ് ആര്‍ട്ട്സിന്റെ നാലാമത് ചിത്രപ്രദര്‍ശനമാണ്. ഇതിന് മുമ്പ് കേരള ലളിതകലാ അക്കാദമി ഡര്‍ബാര്‍ഹാളില്‍ സംഘടിപ്പിച്ച 15 കുട്ടികളുടെ അക്രിലിക് മീഡിയത്തില്‍ വരച്ച 38 ചിത്രങ്ങളുടെ പ്രദര്‍ശനം ‘അപ്പൂപ്പന്‍താടി’ ഏറെ ശ്രദ്ധ നേടിയിരുന്നു.

2017 ല്‍ മരട്, അബാദ് ന്യൂക്ലിയസ് മാളില്‍ നടത്തിയ 15 കുട്ടികളുടെ 30 ചിത്രങ്ങളുടെ പ്രദര്‍ശനവും കുട്ടികള്‍ക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുക്കുകയുണ്ടായി. 2016 ല്‍ 50 കുട്ടികളുടെ 100 ചിത്രങ്ങളുടെ പ്രദര്‍ശനം ‘ചേമ്പില’ ആയിരങ്ങള്‍ വന്നു കണ്ട ഉദയംപേരൂര്‍ ഗ്രാമത്തിലെ ആദ്യത്തെ ഏറ്റവും ശ്രദ്ധയേറിയ ഒരു ചിത്ര പ്രദര്‍ശനമായിരുന്നു. കലാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചേമ്പില ചിത്രപ്രദര്‍ശനത്തിന് നടന്‍ അനൂപ്‌ ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

ക്രയോണ്‍സ് ആര്‍ട്ട്സിന്റെ 4 -)൦മത് ചിത്ര പ്രദര്‍ശനം CRESCENT പ്രശസ്ത ചിത്രകാരനും ഡോക്യുമെന്‍ററി സംവിധായകനുമായ ബിനുരാജ് കലാപീഠത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തകനായ വിപിന്‍ പുളിമൂട്ടില്‍, ആര്‍ട്ടിസ്റ്റ് വാസന്‍ മാഷ്‌, എക്സ് ഗവണ്മെന്റ് പ്ലീഡര്‍ മധുബെന്‍, സൈക്കോളജിസ്റ്റ് സശീര്‍ കുമാര്‍, ബാലജനസഖ്യം കളമശ്ശേരി യൂണിയന്‍ കോ ഓര്‍ഡിനേറ്റര്‍ ജലീല്‍ താനാട്ത്, തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് മേരി രാജേന്ദ്രന്‍, വാര്‍ഡ്‌ മെമ്പര്‍ സുനില്‍ കുമാര്‍, കുട്ടി പ്രാസംഗികന്‍ 6 -)൦ ക്ലാസ് വിദ്യാര്‍ഥി അശോക്‌ ജോസഫ് തുടങ്ങിയവരുടെയും സാന്നിധ്യത്തില്‍ വന്‍ ശ്രദ്ധനേടുകയുണ്ടായി. ആയിരത്തോളം ആളുകള്‍ ചിത്ര പ്രദര്‍ശനം കണ്ട് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.

ചിരിയിലൂടെ കുട്ടികളുടെ മനസ്സില്‍ ഇടംനേടാന്‍ സാധിക്കും, അവരെക്കൊണ്ട് വേണ്ടവിധം ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കും എന്ന് തെളിയിക്കുകയാണ് ക്രയോണ്‍സ് ആര്‍ട്സിന്റെ ഡയറക്ടറും ചിത്രകാരനുമായ സുജിത് സുരേന്ദ്രന്‍. ലളിതമായ ഭാഷയില്‍ കുട്ടികളോട് വിനയപൂര്‍വ്വം തമാശകളിലൂടെ ക്ലാസുകള്‍ നയിക്കുന്ന സുജിത് കുട്ടികള്‍ക്ക് ഒരു അദ്ധ്യാപകന്‍ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടിയാണ്.

കുട്ടികളുടെ മാതാപിതാക്കളുടെ പരിമിതികള്‍ മനസിലാക്കി ചെറിയ ഫീസ്‌ ഈടാക്കിയും നിര്‍ധനരായ കുട്ടികള്‍ക്ക് സൌജന്യമായും ആണ് ക്രയോണ്‍സ് ആര്‍ട്സ് പ്രവര്‍ത്തിക്കുന്നത്.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് 12 വര്‍ഷത്തോളം കമ്പനി ജോലിയില്‍ പ്രവര്‍ത്തിച്ചിരുന്ന സുജിത്ത് തന്റെ ഇഷ്ടം, പ്രവര്‍ത്തന മേഖല ചിത്രം വരയ്ക്കലാണെന്ന് തിരിച്ചറിഞ്ഞ് ജോലിയില്‍ നിന്ന് രാജിവച്ച് ക്രയോണ്‍സ് ആര്‍ട്സിനും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കളമശ്ശേരിയിലെ നജാത്ത് പബ്ലിക് സ്കൂളില്‍ ചിത്രകലാ അധ്യാപകനായി ജോലി നോക്കുന്നു.

കുട്ടികള്‍ എന്നും സന്തോഷമാണ്, കുട്ടികളുടെ നിഷ്കളങ്കമായ ചിരി എന്നും നമ്മുടെ മനസിന് ഉണര്‍വ്വാണ്. ചിത്രം വരയ്ക്കാന്‍ താല്പര്യം കാട്ടുന്ന കുട്ടികള്‍ എല്ലാവരും നാളത്തെ ചിത്രകാരന്മാരോ ചിത്രകാരികളോ ആവണമെന്നില്ല. എന്നാലും അവരുടെ കുഞ്ഞ് മനസിനെ ഏറെ ഉല്ലാസഭരിതമാക്കാന്‍ നിറങ്ങള്‍ക്ക് കഴിയും. അവരുടെ മനസിലെ ചെറിയതെന്നു കരുതുന്ന വലിയ ആശയങ്ങള്‍ നമ്മള്‍ മുതിര്‍ന്നവര്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നതിലും ഒരുപാട് മുകളിലാണ്.

“ബോട്ട് ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ കടലിലെ വെള്ളത്തെ ബോട്ടിന്റെ മുകള്‍ തട്ടില്‍ വലിച്ചുകയറ്റി ഫില്‍റ്റര്‍ ചെയ്യുമ്പോള്‍ അവിടെ മീനുകള്‍ പിടയുന്നു. കേവലം ഒരു സ്രാങ്ക് മാത്രം മതി ഈ ബോട്ടില്‍ ഏന് പറഞ്ഞ് ബോട്ടിന് നിറങ്ങള്‍ നല്‍കിയ 3 -)൦ ക്ലാസുകാരന്‍ ദര്‍ശ്ശ് ദനേഷിനെ ഓര്‍ത്തുപോകുകയാണ്.

കാരണം ദര്‍ശ്ശ് വലുതാകുമ്പോള്‍ ഒരു ചിത്രകാരനാകണമെന്നില്ല, വലിയൊരു എഞ്ചിനീയറോ മറ്റേതെങ്കിലും വിദഗ്ധനോ ആവാം. അവന്‍റെ കുഞ്ഞുമനസില്‍ ഇങ്ങനെയൊരാശയം ഉണ്ടായതിനെ അവന്റെ നിറങ്ങളിലൂടെ മാത്രമേ അവനു മറ്റുള്ളവരോട് പറയാന്‍ കഴിയൂ. കുട്ടികളാണ് നാളെയുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ അവരുടെ ആശയങ്ങളുടെ മൂല്യം മനസിലാക്കി സുജിത് പ്രവര്‍ത്തിച്ചുവരുന്നു.

മത്സര ബുദ്ധിയുള്ള രക്ഷകര്‍ത്താക്കളില്‍ നിറഞ്ഞ നമ്മുടെ ഈ കാലത്തില്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി കുട്ടികളുടെ കലയോടുള്ള അഭിരുചി മനസിലാക്കി പാകപ്പെടുത്തുന്നു.

പാകപ്പെടുത്തലിന്റെ ഭാഗമായി കുട്ടികള്‍ക്ക് ചിത്രം വരച്ച് കൊടുത്ത് പഠിപ്പിക്കുന്ന ഒരു രീതി തുടക്ക കാലത്തില്‍ അവലംബിച്ച് പോന്നെങ്കിലും അധ്യാപകനില്ലെങ്കില്‍ കുട്ടികള്‍ വരയ്ക്കില്ല എന്ന അവസ്ഥയുണ്ടായപ്പോള്‍ വിഷയങ്ങളോ സാധനങ്ങളോ ആളുകളെയോ നേരില്‍ കണ്ട്, മനസ്സില്‍ കണ്ട് വരയ്ക്കാന്‍ പ്രേരിപ്പിക്കുകയും പിന്നീട് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് പരിശീലനം നടത്തുന്ന രീതിയാണ് ക്രയോണ്‍സ് ആര്‍ട്സില്‍ ഉള്ളത്.

ഇപ്പോഴായി ചിത്രരചനാ മത്സരങ്ങളില്‍ 15 മുതല്‍ 20 ഓളം കുട്ടികളുമായി പോകുന്ന ക്രയോണ്‍സ് ആര്‍ട്സ് പല സ്ഥലങ്ങളിലും 8 മുതല്‍ 10 സമ്മാനങ്ങള്‍ കരസ്തമാക്കുന്നു.

ചിത്രരചനാ മല്‍സരങ്ങളിലുപരി കുട്ടികളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കൂട്ടമായി ഔട്ട്‌ ഡോര്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ഒരേ സ്ഥലങ്ങളെയോ സാഹചര്യങ്ങളെയോ പല കോണുകളില്‍ നിന്നായി കുട്ടികള്‍ ചിത്രീകരിക്കുമ്പോള്‍ കുട്ടികള്‍ക്ക് തന്റെ കൂട്ടുകാരുടെ ചിത്രരചനാ രീതിയും നിറങ്ങളുടെ വിന്യാസവും മനസിലാകുന്നു. ഓരോരുത്തരുടെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളെ സ്വന്തം ബോധത്തില്‍ പഠിച്ച് സ്വയം പര്യാപ്തരാകുന്നു.

സ്വയം പര്യാപ്തതയുടെ ഭാഗമായി അവര്‍ വരയ്ക്കുന്ന ചിത്രങ്ങളെ നല്ല രീതിയില്‍ ചിട്ടപ്പെടുത്തി വര്‍ഷാവര്‍ഷം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നു. ചിത്രപ്രദര്‍ശനത്തില്‍ ഓരോ കുട്ടികള്‍ക്കും ഒരേ പ്ലാറ്റ്ഫോം കിട്ടുമ്പോള്‍ അവര്‍ക്ക് ശോഭിക്കാന്‍ കൂടുതല്‍ കഴിയും, കാണുവാന്‍ വരുന്നവരുടെ നേരിട്ടുള്ള ഇടപഴകല്‍ കുട്ടികളില്‍ വലിയ സ്വാധീനം തന്നെ ചെലുത്തും. അത് അവരെ കൂടുതല്‍ നല്ല ചിന്തകളിലേക്ക് നയിക്കും.

നല്ലൊരു നാളേയ്ക്കായി നല്ല മനസുകളെ സ്വയംപര്യാപ്തമാക്കുക, ചിരിക്കാന്‍ പഠിക്കുക, ചിരിക്കാന്‍ പഠിപ്പിക്കുക, നല്ലത് ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്ന വസ്തുത മുന്നില്‍ വച്ച് ചിത്രകാരനായ സുജിത് കുട്ടികളുടെ ഒരു വലിയ ലോകത്ത് ജീവിക്കുന്നു.

×