Advertisment

വായനാനുഭവം - 'അനിവാര്യതയുടെ തിരിച്ചെടുക്കലുകൾ'

author-image
admin
New Update
-സഹർ അഹമ്മദ്
Advertisment
അനിവാര്യതയുടെ തിരിച്ചെടുക്കലുകൾ - ഹരിഹരൻ പങ്ങാരപ്പിള്ളി
ലിപി ബുക്സ്
വില: 110 രൂപ

രിഹരൻ പങ്ങാരപ്പിള്ളി എന്ന മകനും സേതുമാധവൻ എന്ന അച്ഛനും തമ്മിലുള്ള സ്നേഹത്തിന്റെയും, രോഗാവസ്ഥ സമ്മാനിച്ച നീണ്ട ആശുപത്രി വാസത്തിലും അച്ഛന്റെ കൂടെ ഒരു നിഴൽ പോലെ നിന്ന് ജീവിതത്തോട് പൊരുതിയ മകന്റെ നിശ്ചയദാർഢ്യത്തിന്റെയും കഥയാണ് "അനിവാര്യതയുടെ തിരിച്ചെടുക്കലുകൾ" എന്ന ഈ നോവൽ.

യാതൊരുവിധ കൂട്ടിച്ചേർക്കലുകളോ, സാഹിത്യപരമോ ഭാഷാപരമോയായ പരീക്ഷണങ്ങൾക്കും മുതിരാതെ തന്റെ അനുഭവങ്ങളെ അതിന്റെ തീക്ഷ്ണതയെ പച്ചയായി വായനക്കാരോട് എഴുത്തുകാരൻ പങ്കുവെക്കുന്നു. പുസ്തകത്തിന്റെ പുറംചട്ടയിൽ ആത്മകഥാംശമുള്ള നോവൽ എന്നാണ് പ്രസാധകർ ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

publive-image

<സഹർ അഹമ്മദ്>

"ഈ നോവൽ ഒരു പാഠപുസ്തകമാണ്. അതിസങ്കീർണമായ ജീവിത സാഹചര്യങ്ങളിലും സ്വന്തം മാതാപിതാക്കളെ മറ്റാർക്കും വിട്ടുകൊടുക്കാതെ സംരക്ഷിക്കുന്ന പച്ചയായ മകൻ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ.

പാരമ്പര്യ സ്വത്തുകളുടെയോ പശ്ചാത്തല ശക്തികളുടെയോ സഹായമില്ലാതെ പോരാടി ജീവിതത്തിൽ കരകയറിവരാൻ ആത്മവിശ്വാസം തരുന്ന പാഠപുസ്തകം..." എന്നാണ് പ്രശസ്ത സാമൂഹ്യ പ്രവർത്തകയായ ഉമാ പ്രേമൻ ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്.

"അനിവാര്യതയുടെ തിരിച്ചെടുക്കലുകൾ" എന്ന പുസ്തകത്തിന്റെ എഴുത്തിലും അതിന്റെ ഘടനയിലും പുതുമകൾ കണ്ടെന്നുവരില്ല. എങ്കിലും മനുഷ്യബന്ധങ്ങളെ മുൻനിർത്തിയുള്ള എഴുത്ത് ഹരിഹരന്റെ ആദ്യത്തെ ശ്രമത്തിന്റെ വിജയം കൂടിയാണ്.

എഴുത്തുവഴിയിൽ ചില തിരുത്തലുകളും പുതിയ ശ്രമങ്ങളും എഴുത്തുകാരനെ മുന്നോട്ടു നയിക്കേണ്ട ഘടകങ്ങളാണ്." എന്ന് പുസ്തകത്തിന്റെ അവതാരികയിൽ എഴുത്തുകാരൻ ഇ. കെ. ദിനേശൻ അഭിപ്രായപ്പെടുന്നു.

അവിചാരിതമായി ഹരിഹരന്റെ അച്ഛന്റെ ജീവിതത്തിലേക്ക് വന്ന ഹൃദയാഘാതത്തിൽ നിന്നും, അറുപതു ദിവസത്തോളം നീണ്ട ചികിത്സയിൽ നിന്നൊക്കെയുള്ള ഒത്തിരി പാഠങ്ങൾ ഈ നോവൽ നമ്മോടു പങ്കുവെക്കുന്നുണ്ട്.

കൂട്ടുകുടുംബ വ്യവസ്ഥയിലൂടെ കൈവന്ന സ്നേഹവും സാഹോദര്യവും വായനക്കാർക്ക് അനുഭവിച്ചറിയത്തക്ക രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.

ജീവിതത്തിൽ പകച്ചു പോവുമ്പോഴും മനോധൈര്യം നഷ്ടപ്പെടാതെ ഹരിഹരന് താങ്ങായി മാറിയ അമ്മയും ഭാര്യയും തുടങ്ങി ഒത്തിരി കഥാപാത്രങ്ങൾ ജീവിതത്തിന് പ്രതീക്ഷ കാണുവാൻ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.

എല്ലാ പ്രതീക്ഷകളും അറ്റു പോവുന്ന സമയത്തും പ്രാർത്ഥനയിലൂടെ ദൈവത്തിലേക്ക് അടുക്കുന്ന വിശ്വാസിയേയും, കൂട്ടുകാരിലൂടെയും ബന്ധുകളിലൂടെയൊക്കെയായി വന്നുചേരുന്ന ദൈവ സഹായത്തെയും കുറിച്ച് എഴുത്തുകാരൻ വാചാലനാകുന്നുണ്ട്.

അച്ഛന്റെയും അമ്മയുടെയും സ്നേഹത്തെ, അവരുടെ ദാമ്പത്യബന്ധത്തിലെ ഇഴയടുപ്പത്തെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട് ഐ.സി.യു.വിൽ വന്ന് അമ്മ ആദ്യമായി കാണുന്ന രംഗവും ജീവിതത്തിലേക്ക് അച്ഛൻ തിരിച്ചു വരുന്നതും.

publive-image

പങ്ങാരപ്പിള്ളി എന്ന ഗ്രാമത്തിന്റെയും തമിഴ്നാടിലെ അമ്പത്തൂർ എന്ന തെരുവിന്റെ ഭംഗിയും അവിടുയുള്ളവരുടെ നന്മ നിറഞ്ഞ മനസ്സും വായനക്കാരെ അവരിൽ ഒരാളായി വായിപ്പിക്കുന്നുണ്ട്. സ്നേഹം കൊടുത്താൽ അത് അതിലേറെ തിരിച്ചു കിട്ടുമെന്ന് ഈ നോവൽ പലയിടങ്ങളിലായി ആവർത്തിച്ചു പറയുന്നുണ്ട്.

ആദ്യം മുതൽ അവസാനം ഒത്തിരി പ്രതീക്ഷയും ആകാംക്ഷയും നിറഞ്ഞ ജീവിതാനുഭവങ്ങളും, തീവ്രമായ പരീക്ഷണങ്ങളുമാണ് ഈ നോവൽ പങ്കുവെക്കുന്നത്. ഒരു വ്യക്തിയുടെ അനുഭവത്തെ എഴുത്തുകാരനിലൂടെ എഴുതപ്പെടുമ്പോഴാണ് അത് മനോഹരമായ നോവലും കഥയും കവിതയുമൊക്കെയായി തീരുന്നത്.

ഒരു നോവൽ എന്ന രീതിയിൽ വായിക്കപ്പെടുമ്പോൾ സാഹിത്യപരവും ഭാഷാപരവുമായ ചില പോരായ്മകൾ ഈ നോവലിനുണ്ട്. പുനർവായനയിലൂടെയും എഡിറ്റിങ്ങിലൂടെയും മികച്ചതാക്കമായിരുന്ന ഒത്തിരിയിടങ്ങൾ വായനക്കാരന് കണ്ടെത്താം.

ഹരിഹരൻ പങ്ങാരപ്പിള്ളി എന്ന എഴുത്തുകാരന്റെ ആദ്യ നോവലാണിത്. ഇനിയും കൂടുതൽ മികച്ച രചനകൾ നടത്താൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു. നന്മകൾ നേരുന്നു, ഒപ്പം പ്രാർത്ഥനയും.

Advertisment