Advertisment

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ (നോവല്‍ ഭാഗം - 4)

author-image
ജോൺ കുറിഞ്ഞിരപ്പള്ളി
Updated On
New Update

ജോലി വേണ്ട എന്ന് തീരുമാനിക്കാൻ എനിക്ക് അധികസമയം വേണ്ടിവന്നില്ല. ഞാൻ ആ ഓഫർ ലെറ്റർ ചുരുട്ടിക്കൂട്ടി ചവറ്റുകൂട്ടയിലേക്ക് ഇട്ടു.

ജോൺ ചെറിയാനും ഉണ്ണികൃഷ്ണനും ഒരേ ശബ്ദത്തിൽ ചോദിച്ചു.

“എന്തുവിവരക്കേടാണ് നീ കാണിക്കുന്നത്?”

Advertisment

ഇത് എന്തെങ്കിലും അഭ്യാസമാകാനാണ് വഴി, എന്നായിരുന്നു എൻ്റെ നിഗമനം.

ഇനിയും തക്കം കിട്ടിയാൽ ആ സ്ത്രീ എന്തെങ്കിലും വിളച്ചിൽ കാണിക്കാതിരിക്കില്ല. അവരുടെ കീഴിൽ ജോലി ചെയ്യുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല.

പക്ഷെ,ഇനി എന്ത് എന്ന ചോദ്യം ബാക്കിയായി. കയ്യിലെ കാശു തീർന്നു തുടങ്ങുന്നു. എളുപ്പവഴി അമ്മച്ചിയോട് അപ്പച്ചൻ അറിയാതെ കുറച്ചു പൈസ അയച്ചുതരാൻ പറയുകയാണ്.

ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടിരുന്ന ജോസഫ് മാത്യു എന്ന മലബാർ ലോഡ്ജിലെ ഒരു അന്തേവാസി പറഞ്ഞു. അവന് പരിചയമുള്ള ഒരു കമ്പനിയിൽ വേണമെങ്കിൽ ഒരു ചാൻസ് നോക്കാം എന്ന്.

publive-image

ജോസഫ് മാത്യു ഇൻഡോറിലുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയിൽസ് റെപ്പ്റസൻറ്റിവ് ആണ്. അവരുടെ ബാംഗ്ലൂർ സെയിൽസ് ഡിവിഷനിൽ ആണ് ഇപ്പോൾ ജോലിചെയ്യുന്നത്..

രണ്ടു മീറ്റർ നീളമുള്ള ജോസഫ് മാത്യുവിൻ്റെ ശബ്ദം വളരെ പതുക്കെയാണ്. സംസാരിക്കുമ്പോൾ അല്പം കുനിയുകയും ചെയ്യുന്നതുകൊണ്ട് ഒരു ജിറാഫ് വർത്തമാനം പറയുകയാണ് എന്നേ തോന്നൂ.

ജോലിക്കുള്ള ഉണ്ണികൃഷ്ണന്റെ ഓഫർ മറ്റൊന്ന് കാത്തിരിക്കുന്നു.

മലബാർ ലോഡ്ജിൻ്റെ ഏറ്റവും വലിയ സൗകര്യം വെള്ളം ഇഷ്ടംപോലെ കിട്ടാനുണ്ട് എന്നതായിരുന്നു.

ലോഡ്‌ജിൻ്റെ മുറ്റത്തുതന്നെയുള്ള കിണറ്റിൽ വെള്ളം സുലഭമായിരുന്നു. അധികം ആഴമില്ല എപ്പോഴും ആവശ്യത്തിനുള്ള വെള്ളം കിട്ടാനുമുണ്ട് . ബാംഗ്ലൂരിലെ ജലക്ഷാമം, കാവേരി നദി മുഴുവൻ അവിടേക്ക് തിരിച്ചുവിട്ടാലും തീരില്ല എന്നോർക്കണം.

ഒരു നൂറുവർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടമാണ് മലബാർ ലോഡ്ജ് എങ്കിലും അവിടെ താമസിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം വെള്ളത്തി ൻ്റെ സൗകര്യം തന്നെ ആയിരുന്നു.

എൻ്റെ ഡ്രെസ്സകൾ കഴുകുക എന്നത് ഒരു വിരസമായ ജോലിയായി എനിക്ക് തോന്നി.

ജോൺ സെബാസ്റ്റിയനും ഉണ്ണികൃഷ്ണനും അവരുടെ ഷർട്ടുകളും പാൻറ്സുകളും കഴുകുന്നതിനായി ബക്കറ്റിൽ സോപ്പ് വെള്ളത്തിൽ കുറച്ചുസമയം കുതിർത്തു വെക്കുന്ന സ്വഭാവം ഉണ്ട്. അവർ ഇങ്ങനെ കുതിർത്തു കഴുകാനായി വച്ചിരിക്കുന്ന തുണികളുടെ അടിയിൽ ആരും കാണാതെ എൻ്റെ ഷർട്ടും പാൻറ്സും തിരുകിവയ്ക്കും.

അവരുടെ ഷർട്ട് കഴുകാൻ എടുത്തപ്പോൾ അബദ്ധത്തിൽ എൻ്റെ ഡ്രസ്സുകളും എടുത്തുപോയതായിരിക്കും എന്ന ധാരണയിൽ സോറി പറഞ്ഞു അവർ അതുകൂടി വാഷ് ചെയ്തു വെക്കും.

അങ്ങിനെ വലിയ അല്ലലില്ലാതെ കാര്യങ്ങൾ നടന്നുപോകുന്നുണ്ടങ്കിലും സ്ഥിരമായ ഒരു സംവിധാനം ഉണ്ടാക്കുന്നതിനെക്കുറിച്ചു ആലോചിച്ചു കൊണ്ടിരിക്കുമ്പോളാണ് ജിറാഫ് ജോലിക്കാര്യം പറയുന്നത്.

ഇവർക്കെല്ലാം എന്ത് അസുഖമാണെന്ന് മനസിലാകുന്നില്ല.

എന്നേക്കാൾ എനിക്ക് ജോലികിട്ടേണ്ടത് അവരുടെ ആവശ്യമാണ് എന്നുതോന്നുന്നു.

അങ്ങിനെ ജോസഫ് മാത്യു തന്ന അഡ്രസ്സിൽ വിളിച്ചു നോക്കി. അവർ അടുത്ത ദിവസം കാലത്തു പത്തുമണിക്ക് ചെല്ലാൻ പറഞ്ഞു. സിറ്റി മാർക്കറ്റിൽ ചിക്പെട്ട് റോഡിലാണ് അവരുടെ ഓഫിസ്.

റാം അവതാർ ആൻറ് കമ്പനി എന്നാണ് പേര് .

ഒന്ന് പോയി നോക്കുന്നതിൽ തകരാറൊന്നും ഇല്ലല്ലോ.

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാർ ലോഡ്ജിൻ്റെ മുൻപിൽ വന്നു നിന്നു. അതിൽ നിന്നും ഒരു സ്ത്രീ, അന്ന് ഞങ്ങളെ കാറിൽ കയറ്റിയ ആ സ്ത്രീ തന്നെ ,ഇറങ്ങി വരുന്നു.

ആരും ഞെട്ടിപ്പോകും.

ഓഫിസിൽ വച്ചുകണ്ടപ്പോൾ പ്രായം തോന്നിയിരുന്നു. ഇത് ഒരു കോളേജ് വിദ്യാർഥിയെപ്പോലെ സ്മാർട്ട് ആയി ഡ്രസ്സ് ചെയ്ത ഒരു പെൺകുട്ടി..

“ഹലോ, മാത്യു, നിന്നെ തേടി വന്നതാണ് ഞാൻ.”

“ഹലോ”

ജോലി മിക്കവാറും വേണ്ട എന്ന് വച്ചിട്ടുണ്ടാകും,അല്ലെ”?

ഇതൊരു വിളഞ്ഞ വിത്തു തന്നെ. ഞാൻ മനസ്സിൽ വിചാരിച്ചു.

“ഹേയ് അങ്ങിനെ തീരുമാനമൊന്നും എടുത്തിട്ടില്ല”

എൻ്റെ CV നോക്കി അഡ്രസ് കണ്ടുപിടിച്ചു വന്നിരിക്കുകയാണ്.

“ഉം ,വെറുതെ കള്ളം പറയണ്ട മത്തായി. മാത്യു,നിനക്ക് എന്നെ അറിഞ്ഞുകൂടാ എങ്കിലും എനിക്ക് നിന്നെ നന്നായി അറിയാം ഞാൻ ശ്രുതി .ശ്രുതി ഡേവിഡ്. നമ്മൾ ഒരേ കോളേജിൽ ഉണ്ടായിരുന്നവരാണ്”

“കണ്ടതായി ഓർമ്മയില്ല”

“.ഞാൻ സയൻസ് ഗ്രുപ്പിലായിരുന്നു. നീ ഇംഗ്ലീഷ് ലിറ്ററേച്ചറും. ശരിയല്ലേ?”

“ശരിയാണ്” .

“പിന്നെ മൂവായിരത്തിൽ അധികം കുട്ടികളുള്ള ഒരു കോളേജിലെ എല്ലാവരും തമ്മിൽ അറിയണമെന്നില്ലല്ലോ.? ഇപ്പോൾ നാടകം കളി ഒന്നും ഇല്ലേ?”

“സത്യം പറഞ്ഞാൽ തമ്മിൽ കണ്ടതായി ഓർമ്മയില്ല”

“നീ കോളേജിൽ പ്രസിദ്ധനായിരുന്നല്ലോ. നമ്മളെല്ലാം പഠിപ്പ് മാത്രം തലയിൽ ഉള്ളവരും”ഒന്ന് നിർത്തിയിട്ട് അവൾ ചോദിച്ചു.

“നീ എന്താ ജോലിക്കൊന്നും ശ്രമിക്കാതിരുന്നത്?”

“നിൻറ്റെ കാഞ്ഞിരപ്പള്ളിയിലെ പപ്പയ്ക്ക് സുഖമല്ലേ?”വിഷയം മാറ്റാനായി ഞാൻ കണ്ട സൂത്രമായിരുന്നു

അവൾ പൊട്ടിച്ചിരിച്ചു.”നിന്റെ അഭ്യാസത്തിന് ഞാൻ ഒരു പൂള് ഇറക്കിയതല്ലേ?”

“ഞാൻ ആ ജോലി അത്ര സീരിയസ്സായി എടുത്തിരുന്നില്ല.എല്ലാവരും നിർബന്ധിച്ചപ്പോൾ വന്നു എന്നേയുള്ളു.”

” മാത്യു നിന്റെ പഴയ കമ്പനിയുമായി കണക്ഷൻ ഉണ്ടോ ഇപ്പോഴും?”അവൾ നിർത്താതെ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു കാര്യം മനസ്സിലായി. അവൾ എന്നെക്കുറിച്ച് വിശദമായി മനസ്സിലാക്കിയിട്ടുണ്ട്.

അവളുടെ ചോദ്യത്തിന് മറുപടി പറയേണ്ടിവന്നില്ല. ഒരു ഫോൺ കോൾ രക്ഷിച്ചു.

പ്രസാദ് ആണ്. എന്നെ ബാംഗ്ലൂർ കൊണ്ടുവന്നവൻ.

അവന് ഇന്ന് ഫ്രീ ആണ്. ലോഡ്ജിലേക്ക് വരുന്ന വഴിയാണ് എന്ന് .

ഇടക്ക് ഇടക്ക് വിളിച്ചു ക്ഷേമന്യഷണം നടത്താൻ അവൻ മറക്കാറില്ല. ഒരുകണക്കിന് പാവമാണ് അവൻ.

ജീവിക്കാൻവേണ്ടി ഓരോ വേലയിറക്കുന്നു..

“എൻ്റെ സുഹൃത്താണ് .അവൻ കാരണമാണ് ഞാൻ ബാംഗ്ലൂർ വന്നത്. വിവാഹം ഒക്കെ ഉറപ്പിച്ചു കാത്തിരിക്കുകയാണ്.”

അവനോടൊത്തുള്ള രണ്ടു ദിവസത്തെ ജീവിതവും അവൻ്റെ അഭ്യാസങ്ങളും വിവരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ ഒരു ഓട്ടോ റിക്ഷയിൽ ലോഡ്ജിനുമുന്പിൽ ഇറങ്ങി. അവൻ നടന്നു വന്ന് ലോഡ്ജിൻ്റെ ഗെയ്റ്റ് തുറന്ന് അകത്തേക്ക് വന്നു.

ശ്രുതി എൻ്റെ കഥയിൽ രസിച്ചു ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.

“വിവാഹം ?അതും എന്തെങ്കിലും ഉടക്ക് കേസ് ആയിരിക്കും അല്ലെ?”അവൾ ചോദിച്ചു.

“അറിയില്ല”

“എടാ,മത്തായി………..”

പെട്ടന്ന് അവൻ്റെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ അവൾ സ്തംഭിച്ചുപോയി.

“ഇതാണോ മാത്യു പറഞ്ഞ പ്രസാദ്………….?”

“അതെ:”

അവളെ കണ്ടതും പ്രസാദിനും ഷോക്ക് ഏറ്റതുപോലെ ആയി.

രണ്ടുപേരും മുഖത്തോട് മുഖം നോക്കി ഒരു നിമിഷം നിന്നു. അവൾ പറഞ്ഞു.

“പിന്നെ കാണാം മാത്യു…………. ……….ജനറൽ മാനേജർ…..തെണ്ടി……”

അവസാന വാക്ക് പറഞ്ഞത് പതുക്കെയായിരുന്നു.

അവൾ ചെന്ന് കാറിൽ കയറി.

“ശ്രുതി………….”

“ഞാൻ പിന്നെ വിശദമായി പറയാം ”

അവൾ പോയി.

പ്രസാദ് ചോദിച്ചു.”നീ എല്ലാം അവളോട് പറഞ്ഞു അല്ലെ?”

“അതെ, ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചതാണ്, നിനക്ക് അവളെ എങ്ങിനെ അറിയാം?”

അവൻ ഒന്നും പറഞ്ഞില്ല.

പ്രസാദിൻ്റെ ഭാവി ഭാര്യ ആകേണ്ടവൾ.

ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നു.

അവൻ എന്നെ ദയനീയമായി നോക്കി.

ഞാൻ അവൻ്റെ സ്വപ്ങ്ങൾ തകർത്തുകളഞ്ഞ മണ്ടൻ ആയ മത്തായി ആണന്നു കരുതുന്നുണ്ടാകും.

ഞാൻ എന്ത് ചെയ്യാൻ?

“അവൾ എന്താ പതുക്കെ പറഞ്ഞത്?”

“തെണ്ടി,എന്നാണ് പറഞ്ഞത്”..

“എങ്കിൽ നിന്നെ വിളിച്ചതാണ് തെണ്ടി എന്ന് . എല്ലാം അവളോട് പറഞ്ഞ നീ ഒരു തെണ്ടി തന്നെ.”.

അവൻ പണിത് ഉയർത്തിയ സ്വപ്നങ്ങളുടെ കൊട്ടാരം തകർന്നു വീണു.

“പക്ഷേ നീ കാണിച്ചത് …?

അവൻ ഒന്നും കേൾക്കാൻ നിന്നില്ല.

ഞാൻ ഒരു ശത്രുവിനെ നേടിയെടുത്തു.

കുനിഞ്ഞ ശിരസ്സുമായി അവൻ ഒന്നും മിണ്ടാതെ നടന്നുപോകുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.

 

(തുടരും)

.

Advertisment