തേജായിഷ – അതിജീവനത്തിനായി പൊരുതുന്നവരുടെ നിശ്വാസം

സമദ് കല്ലടിക്കോട്
Wednesday, August 8, 2018

മലയാള സർഗാത്മക സാഹിത്യത്തിൽ ജനകീയ വായനയുടെ അടിത്തറയും ആകാശവും ഒരുക്കിയത് നോവലുകളാണ്. ഭാഷയും ശില്പവും പ്രമേയത്തിന്റെ കാതലിലൂടെ കടന്ന് വായനക്കാരിലെത്തുകയായിരുന്നു.

മലയാള നോവല്‍ സാഹിത്യശാഖ നവീനവും ആധുനികവുമായ രീതിയിൽ പുരോഗമിച്ചു വരികയാണ്. ഏറ്റവും പുതിയ കാലത്തിന്റെ പ്രശ്നസങ്കീര്‍ണതകളെ ആവിഷ്കരിക്കാന്‍ തക്ക കരുത്തും സൗന്ദര്യവും നോവലുകൾക്കുണ്ട്. പ്രതിഭാശാലികളായ ഒട്ടേറെ പേര്‍ നോവല്‍ എഴുത്തിലേക്ക് അനുദിനം കടന്നുവരുന്നു.

സഹൃദയരായ വായനക്കാര്‍ വെളിച്ചം പ്രകാശിപ്പിക്കുന്ന രചനകളെ സ്വീകരിക്കുന്നുമുണ്ട്. ഇതിനു തെളിവാണ് ഈ ഇന്റർനെറ്റ് കാലത്തും നോവല്‍ പ്രസാധനത്തിലും വില്‍പനയിലും ഉണ്ടാകുന്ന പുരോഗതി. മലയാളസാഹിത്യത്തിൽ വായനക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് നോവലുകളെയാണ്. സാമൂഹ്യ വിമര്ശനപരമായും നോവലുകളെ വലിയ തോതിൽ പരിഗണിക്കുന്നു.

അരനൂറ്റാണ്ടുമുമ്പുള്ള കേരളീയ ജാത്യാചാരങ്ങളുടെ സാക്ഷ്യമായ എസ്.ഹരീഷിന്റെ ‘മീശ’ തന്നെ ഉദാഹരണം. നോവലുകളിലൂടെ സാമൂഹ്യപരിവര്‍ത്തനത്തിന്റെയുംവിമർശനത്തിന്റെയും ഒരു സംവേദനം കേരളത്തില്‍ അരങ്ങേറിയിരുന്നു. അത് സഹിഷ്ണുതാപൂർവ്വം വായിക്കാൻഅനുവാചകർക്ക് കഴിഞ്ഞിരുന്നു.

നോവലുകള്‍ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ജീര്‍ണ്ണതകളെ ചോദ്യം ചെയ്യാനുള്ളതാണ്.സ്നേഹവും പ്രണയവും പ്രകൃതിയും കൂടുതലായി അവയിൽഉൾച്ചേർന്നിരിക്കും.നിയമസംഹിതകളോടും നാട്ടുനടപ്പിനോടും വ്യവസ്ഥകളോടും അവ കലഹിച്ചുകൊണ്ടിരിക്കും. ഈ ഇനത്തിൽ ഉള്‍ക്കരുത്തുള്ള ഒരു പ്രമേയമാണ് ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച സൈഫുന്നീസയുടെ ‘തേജായിഷ’ എന്ന നോവൽ.

മുഖ്യ പ്രമേയത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് തീവ്രമായ സ്നേഹത്തിന്റെ വിശേഷങ്ങൾ പറയുന്ന നോവൽ.ചുറ്റുമുള്ള ജീവിതങ്ങളെ ശക്തമായി നിരീക്ഷിച്ചും,സ്നേഹരഹിതമാകുന്ന കാലത്തിന്റെഭീകരത പശ്ചാത്തലമാക്കിയും രചിക്കപ്പെട്ട ഈ നോവലിൽ അവയുടെ കാരണങ്ങളും ഫലങ്ങളും സ്പഷ്ടമാക്കിയിട്ടുണ്ട്.

ആതുരാലയത്തിലെ സ്കാനിങ് റൂമിന്റെ വരാന്തയിൽ നിന്നാണ് ഈ നോവൽ സംസാരിച്ചു തുടങ്ങുന്നത്. നോവു ജീവിതങ്ങളെ ശാന്തമായും ആർദ്രമായും അപഗ്രഥിച്ചുള്ള ഒരു മേഘച്ഛായ നോവലിൽ നിഴലായിനിൽക്കുന്നുണ്ട്.

ചെറുപ്പം മുതലേ വായനയോടുംഎഴുത്തിനോടുമാണ് സൈഫുന്നീസക്ക് താല്പര്യം. താനൂർ ശോഭ പറമ്പ് സ്‌കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി എഴുതിയ കുഞ്ഞു കഥക്ക് സൂസി ടീച്ചറിൽ നിന്നും കിട്ടിയ പ്രശംസ ഇപ്പോഴും എപ്പോഴും കൂടുതൽ പ്രചോദനം നൽകിയതായി സൈഫു പറയുന്നു. സ്കൂൾ വിദ്യാഭ്യാസ തലത്തിൽ പഠിപ്പിനേക്കാൾ കൂടുതൽ ഇഷ്ടം എഴുത്തിനോടായിരുന്നു.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളം സെക്കന്റ്‌ നോട്ട് ബുക്കിന്റെ ബാക്കിൽ എഴുതി തുടങ്ങിയ നോവൽ 100 പേജ് ഉള്ള രണ്ടു നോട്ട് ബുക്കുകൾ കടന്നത് എപ്പോഴും വല്ലാത്തൊരു കൗതുകമാണ്. കോളേജ് പഠന കാലത്ത് ഓഫ്‌ സ്റ്റേജ് ഇനത്തിൽ സമ്മാനങ്ങൾ സ്വന്തമാക്കി മികച്ച സർഗ പ്രതിഭ ആയി. ഒരു നോവൽ എഴുതി അതു പബ്ലിഷ് ചെയ്തു പുറത്തിറക്കണമെന്ന ആഗ്രഹം സഫലമായത് ഈ അടുത്ത കാലത്താണ്.

പിയാനോ പബ്ലിക്കേഷനിലൂടെ ആദ്യ നോവൽ ‘നിലാവ് പറയാതെ പോയത് ‘ പുറത്തിറങ്ങി. നഷ്ട പ്രണയത്തിന്റെയും മനുഷ്യ ബന്ധത്തിന്റെയും നിലയില്ലാ കയത്തിലേക്ക് കൊണ്ടുപോകുന്ന ആ നോവലിന് കിട്ടിയ വളരെ നല്ല പ്രതികരണമാണ് ‘തേജായിഷ’ എന്ന രണ്ടാമത്തെ നോവൽ രചനക്ക് സന്തോഷ പ്രേരകമായിരിക്കുന്നത്.

മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യനെ പച്ചക്ക് കത്തിച്ചു കളയുന്ന നരഭോജികൾക്കെതിരെ ഉള്ള ഒരു എഴുത്തുകാരിയുടെ ഇലയനക്കമാണിത്. സർവോപരി മനുഷ്യ സ്നേഹത്തിന്റെയും രക്തബന്ധത്തിന്റെയും മഹത്വവും വ്യാപ്തിയും ചൂണ്ടി ക്കാണിക്കാനുള്ള എളിയ ശ്രമവും. ഒരേ രക്തത്തിൽ ജനിച്ച് ഭിന്ന മതങ്ങൾക്കു കീഴിൽ ജീവിക്കേണ്ടിവന്ന രണ്ടു പെൺകുട്ടികളുടെ കഥ പറയുന്ന ഈ നോവൽ മനുഷ്യ മനസ്സിനെ പിടിച്ചുലയ്ക്കാനും ഒരുപാട് ചിന്തിപ്പിക്കാനും ഉതകുന്ന ഒന്നാണ്.

മനുഷ്യരെല്ലാം സ്നേഹത്തിന്റെ വചനങ്ങൾ നിരന്തരം ഉരുവിടേണ്ട ഇക്കാലത്ത് തേജായിഷ പോലുള്ള നോവലിന്റെ പ്രസക്തിവളരെ വലുതാണെന്നും ഓരോ അധ്യായങ്ങളും വായനക്കാരനോട് ആ വിധം സംസാരിക്കുന്നതായും വി.സി.ഇക്‌ബാൽ ആമുഖത്തിൽ പറയുന്നു. കൂടാതെ എഴുത്തിന്റ മേഖലയിലേക്ക് സ്ത്രീകളുടെ വർദ്ധിച്ച കടന്നുവരവും ഈ നോവലിന്റെ ലാളിത്യമാണ്.

×