വഴിതെറ്റാതെ വന്ന് പോകുന്നവര്‍

Wednesday, December 5, 2018

– അശ്റഫ് പൂങ്ങോട്

ന്നും തരാനല്ല ഒന്നും വാങ്ങാനുമല്ല
എന്നിട്ടും ഞാനെന്തിനാണ് ഈ വഴി വന്നത്
വസന്തങ്ങള്‍ ഇവിടെ പൂക്കാറില്ല
ഇവിടെ പൂക്കുന്ന പൂക്കളെ ആരും നുകരാറില്ല
ഇവിടേക്കുളള വഴിയിലെ
പുല്ലുകള്‍ പോലും ചിരിക്കുന്നില്ല

പച്ചിലമരങ്ങള്‍ ഇവിടെ ധാരാളമുണ്ട്
എന്നിട്ടും ഒരു കുഞ്ഞുകുരുവിയുടെ
കൂടുപോലും ഇവിടെ എങ്ങുമില്ല
ഒരു സുഗന്ധവും നുകരാനാകാത്ത
ഒരു സന്തോഷവും തരുകയില്ലാത്ത
ഈ നിശബ്ദതയുടെ ഉദ്യാനത്തിലേക്ക്
എന്തിനാണ് എല്ലാവരും വന്നുപോകുന്നത്

ഒരിക്കലും അടച്ചിടാത്ത പടിവാതിലും
ഒരു കാവല്‍ കാരന്‍ പോലുമില്ലാത്ത ഇവിടം
ഒരുപാട് ഫലവൃക്ഷങ്ങള്‍ നിറഞ്ഞിരിക്കുന്നു

ഇവിടെ എല്ലാവരുമുണ്ട് നാട് ഭരിച്ച രാജാവും
കൊട്ടാരത്തിലെ അതിസുന്ദരിയായ
രാജകുമാരിയുംഇവിടെയുണ്ട്
കൊട്ടാരത്തിന്‍റെ പടിക്കല്‍ പോലും കേറാന്‍
അനുവാദമില്ലാത്ത ആ പാവം ആട്ടിടയനും
ഈ നാട്ടിലെ അറിയപ്പെടുന്ന സുന്ദരിയായ
അഭിനേത്രിയും ഇവിടെയുണ്ട്

ഒന്ന് കാണാന്‍ മുന്നേ അനുവാദം
വാങ്ങേണ്ടി വന്നവരും , കരിംപുച്ചകളും
കാവലാളുകളും കൂടെ നടന്നവരും ഇവിടെയുണ്ട്

ഒരിക്കലും കൊതിക്കാതെ വന്നവരാണ്
ഇവിടെ അധികവും , പ്രായഭേദങ്ങള്‍ പോലും
ഇവിടെയില്ല , വന്നവരുടെ കാരണങ്ങള്‍
മാത്രം പലതാണ് എന്നിട്ടും എല്ലാവര്‍ക്കും
ഒരേ നിറം ഒരേ നിയമം

ഇവിടെയാണ് ഞാന്‍ കണ്ട സമത്വമുളളത്
എല്ലാവരും ഒരുപോലെയുറങ്ങുന്നു
സമരങ്ങളില്ല ബഹളങ്ങളോ ഇല്ല
ആരും ആരേയും നോവിക്കുന്നില്ല
പീഢനങ്ങളില്ല പീഠങ്ങളില്ല
പശിയുളള വയറുകളില്ല , ദഹനമില്ല ദാഹമില്ല
ആരും ആര്‍ക്കും ഭാരമല്ല

സമത്വങ്ങള്‍ക്ക് വേണ്ടി പോരടിക്കുന്നവരോ
തെരുവിലിറങ്ങുന്നവരോ വാളേന്തുന്നവരോ
വാക്കേന്തുന്നവരോ ഇവിടെ ഇല്ല

ഇവിടെ വരുന്നവരെ ആരും ക്ഷണിക്കുന്നില്ല
സ്വീകരിക്കുന്നില്ല എന്നിട്ടും
വിലകൂടിയ പൂക്കളും വിശുദ്ധമാക്കിയ തിരികളും
അവര്‍ സമ്മാനമായി കൊണ്ടുവരുന്നു

ചിരിക്കുന്നവരെ ഞാനിവിടെ കണ്ടില്ല
എല്ലാവരും മൗനമായി കരയുന്നു
മാതാവിനെ കാണാനും പിതാവിനെ കാണാനും ഇവിടെ ആളുകള്‍ വരുന്നു

ബന്ധങ്ങളെ കാണാന്‍ സ്വന്തങ്ങളെ കാണാന്‍
സൗഹൃദങ്ങളെ കാണാന്‍ പ്രാണനെ കാണാന്‍
പ്രണയത്തെ കാണാന്‍ ഈ ഭൂമിയിലെ
പലവേഷങ്ങളണിഞ്ഞവരെ കാണാന്‍

നേരം തെറ്റാതെ തിരിതെളിക്കുന്നവര്‍
കാലം തെറ്റാതെ വന്ന് പോകുന്നവര്‍

ഞാന്‍ വന്നതും വഴി തെറ്റിയല്ല ഈ ഭൂമിയില്‍ ഞാനേറ്റവും
കൂടുതല്‍ സ്നേഹിച്ചവര്‍ ഇവിടെയാണ്
ഞാനൂറിയ വയറും എന്‍റെ ശിരസ്സിലെ ചോരയും ഇവിടെയാണ്
ഞാന്‍ തോളേറ്റി നടന്ന എന്നേക്കാള്‍ നാല്
വേനലും മഴയും കുറച്ച് കണ്ട ഉടപിറപ്പും ഇവിടെയാണ്

പുല്‍ചെടികള്‍ മൂടിയിരിക്കുന്ന അവരുടെ
താവളങ്ങള്‍ മൂന്നറ്റത്തായുണ്ട്
ഞാന്‍ വന്നത് നിങ്ങള്‍ അറിഞ്ഞുവോ
എന്‍റെ മിഴികണങ്ങള്‍ പൊഴിഞ്ഞത് നിങ്ങള്‍ കണ്ടുവോ
എന്‍റെ ചങ്ക് പൊളളുന്നത് നിങ്ങള്‍ക്ക് നോന്തോ
എനിക്ക് അറിയില്ല എന്നാലും ഞാന്‍ വരും
എന്നോ ഒരുനാള്‍ എല്ലാവരും കൂടി
എന്നെ നിങ്ങളെ അടുത്തേക്ക് കൊണ്ടുവരുന്ന വരെ ഞാനൊറ്റക്ക് വഴിതെറ്റാതെ
ഇവിടെ വന്ന് പോകും .

×