Advertisment

അഴൽ

author-image
admin
New Update

- ലില്ലി വാഴയിൽ, പാലക്കാട്

Advertisment

publive-image

ഇരുണ്ട മാനം ഇടഞ്ഞ് മനമുടഞ്ഞു വീഴുന്നു...

മന്നിടങ്ങൾ ക്ഷണമാത്രയിൽ വഴിയുന്നു.

മാനവർ ആശയറ്റാശ്രയമില്ലാതുഴലുന്നു...

മന്നവൻ നോക്കുകുത്തിയായ് ഉലയുന്നു...

ജീവജാലങ്ങൾ പ്രജ്ഞയറ്റ് അണയുന്നു...

വഴികളെല്ലാം ദിശ തെറ്റി അലഞ്ഞ് കുഴയുന്നു..

പുഴകളൊന്നൊന്നായ് ഗതിമാറി, നിണമായി നിറഞ്ഞൊഴുകുന്നു....

ആഴി അലയാഴിയായ് അലറുന്നു ..

കൊട്ടാരങ്ങൾ നിശ്വാസ ഗതിമുട്ടി ആഴ്ന്നു താഴുന്നു....

കുടിലുകളോ കാറ്റിൽ പറന്നലിയുന്നു..

അഹന്തകൾ ഒന്നൊന്നായ് ഒരു മാത്രയെങ്കിലും

കാഴ്ചയ്ക്കായ് മൗനമായ് കൊഴിയുന്നു...

മതങ്ങളൊഴുകുന്നു മാംസപിണ്ഡങ്ങളായി..

അതിൻ, വേരുകൾ എല്ലാം ചീഞ്ഞഴുകുന്നു...

ഭ്രൂണങ്ങൾ പോലും കൈകൾ കൂപ്പുന്നു

ജീവന്നു വേണ്ടി കരഞ്ഞു കേഴുന്നു....

വഴിപാടുകൾ എല്ലാം നിർദ്ദയം തഴയുന്നു

പ്രാർത്ഥനാ മന്ത്രങ്ങൾ വിഫലമായൊഴുകുന്നു....

ദൈവങ്ങളെല്ലാം ഗതിയില്ലാതിഴയുന്നു.

പാവം മനുഷ്യരൊ അഴിക്കുള്ളിൽ കഴിയുന്നു..

ദുരിതാശ്വാസമൊ ദുരിതത്തിൽ അലിയുന്നു (2)

അഴകുകൾ അഴുകി അഴിക്കുള്ളിലായി

അഴലായ് നിഴലായി പോയിടുന്നു ..

കാറ്റിൽ പതിച്ചൊരാ സ്മാരക ബിംബങ്ങൾ ചേറുള്ള താളിയാൽ ഉലഞ്ഞു കഴുകുന്നു...

തരുണികൾ അവരുടെ മാറ് മറയ്ക്കുവാൻ, നിണമായൊഴുകുന്ന നീര് തുടയ്ക്കുവാൻ, ഒരു തുണിക്കീറിനായി കേണിടുന്നു...

ഒരു മൂല, മറക്കുവാൻ വെമ്പിടുന്നു,

തന്റെ ചോര കഴുകുവാൻ കാത്തിടുന്നു ..

ഒരു തുള്ളി പാലിനായ് പൈതങ്ങൾ കേഴുമ്പോൾ..

മാറ് ചുരത്തുവാൻ വെമ്പുന്നൊരമ്മതൻ മാറിടത്തിൽ നിന്നും ചോര കിനിയുന്നു (2)

രക്ഷകരായവർ ദൈവീക തുല്യരായ്, ജീവിതം പാതി പകുത്തു കൊടുക്കുന്നു... ചിലർ, ജീവൻ വെടിഞ്ഞും ഉയിർ കൊടുക്കുന്നു...

മക്കളെ കാണുവാൻ കേഴുന്ന വൃദ്ധർക്ക് മക്കളായ് ഇന്നവർ മേവിടുന്നു..

രോഗിയാം അഗതികൾക്കാശ്വാസമേകുവാൻ കൂടപ്പിറപ്പായി മാറിടുന്നു..

മലയമ്മതൻ പാദമുദ്രകൾ കാത്തവർ അമ്മയാം അമൃതിനെ കാർന്നുതിന്നുന്നു..

വിറപൂണ്ട്, ഉഗ്രകോപത്തോടമ്മതൻ മാറ് പിളർത്ത് പകുത്തു നൽകി,

തന്റെ ചുടു ചോരകൊണ്ടൊരു ഗർത്തമുണ്ടാക്കുന്നു,

ചുടുചോരയാൽ പല പാതകൾ തീർക്കുന്നു..

മുന്നിൽ ചരിച്ചവരുടെ പിന്നിൽ ഗമിക്കുവാൻ പാദം പതിച്ചിടം ഗർത്തമായ് മാറുന്നു...

ഒരു നാൾ അയിത്തമായ് മാറ്റിനിർത്തപ്പെട്ടോർ കച്ചിത്തുരുമ്പായി മാറിടുന്നു..

മൂത്തവർ, മൂപ്പെത്താത്തവർ, വിളഞ്ഞുപഴുത്തവർ....

ഉണങ്ങി, ഞെങ്ങിഞ്ഞെരിഞ്ഞവർ, ഞെക്കി ഞെരിച്ചവർ ...

എല്ലാരും ഉണ്ടതിൽ കുത്തിഓയൊഴുകുന്നു..

പേമാരിയാൽ അവർ കുത്തിയൊലിക്കുന്നു..

കണ്ഠമിടറിക്കൊണ്ടോടി തളർന്നവർ

എവിടെ, എവിടെയെന്നാർത്ത് കുഴഞ്ഞവർ..

എന്റെയല്ലെന്ന് കണ്ടു, കരഞ്ഞുകൊണ്ടുറവവറ്റിയ കണ്ണു കുഴിഞ്ഞവർ..

ഉറ്റവർക്കായ് ഉടയാടകൾക്കായ് ...

തന്റെ പൊന്നുമക്കൾക്കായി,

എന്തിനീ ദുർവിധി, എന്നലറി കരയുന്നു..

കുളിർ കാറ്റ് വന്ന് കവിളിൽ തലോടുന്നു..

ഉൾത്തടത്തിൽ ഉൾക്കണ്ണ് തെളിയുന്നു...

ചിന്തകൾ കൊണ്ട് അന്തരംഗം കഴുകുന്നു.

അഴലാം ആഴിയിൽ ഹൃദയം പിടയുന്നു...

അരുതരുതേയെന്ന് മനസ്സിൽ മന്ത്രിക്കുന്നു..

അരുതാത്തത് അരുതെന്ന് കാതിൽ മൊഴിയുന്നു...(2)

Advertisment