- രാജു ജോസഫ്
കുംഭമാസക്കുളിരില് നീരാടും പൂന്തിങ്കള്‍
ശുഭസായാഹ്നങ്ങള് നിന്നിലലിഞ്ഞു ചേരാന്‍
എന്‍ മനസ്സില്‍ തുടിതാളമുയര്ത്തുമൊരു
പൊന്നുഷസ്സിന്‍ പ്രഭാകിരണങ്ങള്‍ ചൊരിയൂ നീ...
നിത്യവസന്തം വിടര്ത്തുമൊരുദ്യാനം നിന്നില്‍
സത്യസുന്ദരമായൊരു പ്രപഞ്ചം മന്നില്‍
കുളിര്‍ക്കാറ്റില്‍ വെഞ്ചാമരം മെല്ലെ വീശും
തെളിനീരുറവയൊഴുകും നീര്‍ച്ചാലുകള്‍ നിത്യവും
മാനവര്‍ ജീവജാലങ്ങള്‍ കാടിന് മക്കള്‍
മനം കുളിര്പ്പിക്കുമീ പീരുമേട് ഗ്രാമവും.
മൂന്നാര്‍ ഉടുമ്പഞ്ചോല ദേവികുളം സൂര്യനെല്ലിയും
നന്നായി വിളയട്ടെ ഗ്രാമീണ ഭംഗിയാം തേയിലക്കാടുകളും
കാടിന് മക്കള്‍ നീരാട്ടിനിറങ്ങീടുന്നൊരു
കാട്ടാറാണല്ലോയീ തേക്കടി ജലതരംഗിണി
പൊന്നതൃക്കരയില് ഗാനപഞ്ചമം തീര്‍ക്കുമീ
പൊന്നതൃക്കും പക്ഷികള്‍ തന് കലപിലമേളവും ..
പല പല ദുഃഖജാലങ്ങള് നിറഞ്ഞു നില്ക്കുകിലും
ചേലുള്ള കാഴ്ചകള്‍ കണ്ണിനു കണികാണ്മാന്
വിരുന്നു വരുന്നു ഞങ്ങള്‍ സ്വദേശി വിദേശികള്‍
കുരുന്നു മോഹങ്ങള്‍ ചിറകേറും മനസന്തുഷ്ടിയേകാന്
ഹിമകണങ്ങള്‍ നിന്നെ പുല്കിത്തഴുകുമ്പോള്
മാമല നാടിനാകെ കുളിരലപുളകിതം.
കേരള നാടിന് ജലസംഭരണിയെന്നു ചൊല്ലും
സുരഭില സുന്ദരമീനാട് ഇടുക്കി എന്‍ സ്വദേശം ..!