Advertisment

ഒരു നല്ല വാക്ക് കൊതിക്കുന്നുണ്ടവൾ ..

New Update

കണ്ണ് മുൻപിൽ ഉണ്ടായിട്ട് പോലും തിരിച്ചറിയപ്പെടാതെ പോകുന്ന അവളുടെ ജീവിതം, കുടുംബത്തിനു വേണ്ടി നിത്യവും കത്തി എരിയുന്ന വിളക്ക് .അവൻ സഞ്ചരിക്കുന്നത് അവളുടെ പ്രകാശത്തിലാണ്, ഇരുട്ടിലും ഒരു കൂട്ടു പോലെ അവൾ സ്വയം കത്തി എരിഞ്ഞു കൊണ്ട് അവനെ വഴി നടത്താറുണ്ട്. എങ്കിലും ഇന്നേവരേ അവൻ ഒരു നല്ല വാക്കും അവളോട് പറഞ്ഞിട്ടില്ല, എത്ര രുചികരമായ ഭക്ഷണം വിളമ്പിയാലും അവനാമുഖത്ത് നോക്കി അവളെ അഭിനന്ദിക്കാൻ സമയം കണ്ടെത്താറില്ല.

Advertisment

അവളെന്നും അവന്റെ നിഴലായി മറയുകയാണ് പതിവ്, അവന്റെ ലോകത്തിന് വർണ്ണങ്ങൾ നിറച്ചിട്ടു സ്വയം കറുത്ത തുണി കൊണ്ട് ആഗ്രഹങ്ങളുടെ കണ്ണുകള മൂടി കെട്ടുന്നവൾ. കാലം ഒരുപാട് മാറിയെങ്കിലും ഒരു നല്ല വാക്ക് കൊതിക്കുന്ന അവൾ ഇന്നും അവന്റെ അടുക്കളയിൽ നിത്യവും നീറി പുകയുന്നുണ്ട്, സ്നേഹത്തിന്റെ കനൽ കെട്ടുപോകാതെ, ജീവന്റെ ചൂടുപകരാനായി .

publive-image

അവൻ ഇപ്പോഴും അവളോളം ഉയർന്നിട്ടില്ല, ഒന്നു ജീവിതം ഉലഞ്ഞു പോയാൽ തകരാവുന്ന വഞ്ചി മാത്രമാണവൻ. അവൾ നൽകുന്ന ഊർജ്ജമാണ് അവനെ വീണ്ടും മുന്നോട്ടു നയിക്കുന്നത്. തമാശയായി പരിഹസിക്കാറുണ്ട് ദുരന്തം വീശുന്ന കൊടുങ്കാറ്റുകൾക്കു അവളുടെ പേരാണെന്ന്. ഒന്നോർത്താൽ അവളോളം ഈ ഭൂമിയുടെ മേൽ അധികാരം ആർക്കാണ്, അവളൊന്ന് കോപിച്ചിരുന്നെങ്കിൽ ക്ഷമിച്ചില്ലായിരുന്നെങ്കിൽ, ഇന്നവന് സ്വന്തം എന്നു വിളിക്കാൻ എന്തെങ്കിലും അവശേഷിക്കുമായിരുന്നോ?

ദൈവത്തിന് എന്തെങ്കിലും മടക്കി കൊടുക്കാൻ അവനു സാധിക്കുമെങ്കിൽ അത് അവന് കൂട്ടാനായി കൊടുത്ത അവളോട് ഒരു നല്ല വാക്കെങ്കിലും പറയുക എന്നതായിരിക്കും. അവൻ എന്തൊക്കെ നേടിയാലും അവനു ജന്മം നൽകിയ അവളുടെ കാലടികൾ തൊട്ടു വണങ്ങാതെ അവന് മോക്ഷം ലഭിക്കുകയില്ല.

എത്രയെത്ര മുറിപ്പെടുത്തിയാലും അവന്റെ മടങ്ങി വരവിനായി കാത്തിരിക്കാനും കരയാനും അവൾക്ക് മാത്രമേ കഴിയൂ. പുക്കൾ കൊടി ബന്ധമെന്ന നിസ്സാരമായി പറഞ്ഞു പോകാമെങ്കിലും അത് ഇന്നും അദൃശ്യമായി അവനേയും അവളേയും ബന്ധിപ്പിക്കുന്നുണ്ട്. അവന്റെ മേൽ പതിക്കുന്ന ഒരോ പ്രഹരവും അവളും മനസ്സിൽ ഏറ്റു വാങ്ങുന്നുണ്ട്.

അവന്റെ അറിവിനും അനുഭവത്തിനും ത്യാഗത്തിനും എത്രയോ ഉയരേയാണവൾ. എങ്കിലും അവന്റെ അംഗീകാരം മാത്രമാണ് അവളെ മനസ്സ് കൊണ്ടു സന്തോഷിപ്പിക്കുന്നത്. ലോകത്തിലെ ഏത് പരമോന്നതമായ ബഹുമതിയും അവൾക്ക് അവകാശപ്പെട്ടതാണ്. അവൾ നഷ്ടപ്പെടുത്തിയ സ്വപ്നങ്ങളും സുഖങ്ങളും കണ്ണുനീരും കൊണ്ട് മനുഷ്യൻ നെയ്തെടുത്തതാണ് ഒരോ വിജയപാതകളും.

അവന്റെ ലോകത്ത് അവൾ ഇല്ലാതെയാകുമ്പോൾ അവൾ ആഗ്രഹിക്കുന്നത് ഒരു നല്ല വാക്കു മാത്രമാണ്.

അവൻ മറ്റെല്ലാത്തിലും ധാരാളിയാകുമ്പോളും അവൾ ആഗ്രഹിക്കുന്ന ഒരു നല്ല വാക്കു പറയാൻ പിശുക്കനാകുന്നു.

ഞാനൊരു മനുഷ്യനായി പിറന്നതവളിലൂടേയാണ്, വാക്കുകളുടെ ബഹുമാനത്തേക്കാൾ ,ശൂന്യമായി പോകുമായിരുന്ന എന്റെ ജീവിതത്തിന് അവനാകുവാൻ നന്മകൾ തന്നതുമവളാണ്, ഞാനെത്ര മറച്ചു പിടിച്ചാലും മുറിച്ചു മാറ്റിയാലും എന്നിലേക്ക് സ്നേഹത്തിന്റെ കരവും നീട്ടി ഓടി തളർന്ന കാലുമായി വീണ്ടും വരുന്നതും അവൾ മാത്രമാണ്. തെറ്റുകൾക്ക് മാപ്പ് പറയുന്നത് ഒരു നല്ല വാക്കല്ല, അത് ഇന്ന് ഉപയോഗിച്ച് അർത്ഥം നഷ്ടപ്പെട്ട ഒരു പദമാണ്.

ഒരു നല്ല വാക്ക് മാത്രമാണ് അവൾ കേൾക്കാൻ ആഗ്രഹിക്കുന്നത്. എനിക്ക് അവളെക്കാൾ ഉപരി മറ്റാരുമില്ല എന്ന എന്റെ ഹൃദയം തുറന്ന സമ്മതം. മറ്റു പലരുമുണ്ടെങ്കിലും അവരാരും അവൾക്ക് പകരമാവില്ല, ദൈവം പോലും സ്ഥാനം വെച്ചൊഴിഞ്ഞത് അവൾക്ക് മുന്നിലാണ്, അവളുടെ മകനാകുവാൻ കഴിഞ്ഞ അവൻ മനുഷ്യൻ ഭാഗ്യവാനാണ്.

എഴുതിയാൽ അവസാനിക്കാത്ത അവളുടെ തേങ്ങലുകളിൽ ഒന്ന് തൊട്ട് വന്ദിച്ചുകൊണ്ട് ഞാൻ എന്നിലേക്ക് മടങ്ങട്ടെ. ബോബി അച്ചന്റെ അവളെന്നെ പുസ്തകത്തിൽ സഞ്ചരിച്ച് മടങ്ങവേ ഞാനറിയാതെ എന്നിലേക്കും കണ്ണോടിച്ചു. അവളെ അറിയാതെ പോകുന്ന അവൻ അതാണ് ഞാനും.

ചരിത്രം അവന്റെ കഥയാണ് ഹിസ് സ്റ്റോറി, എങ്കിൽ

ജീവിതം അവളുടെ മാത്രം കഥയാണ് .അവിളല്ലാതെ കഥയും ചരിത്രവും ഇല്ലെന്നുള്ള തിരിച്ചറിവ്.

Advertisment