എന്റെ ഓർമ്മയിലെ മൈലാഞ്ചി

ലീന അനീഷ്‌
Wednesday, January 10, 2018

അങ്ങനെ വീണ്ടും ഒരു അവധിക്കാലത്ത് , പണ്ട് പഠിച്ച കലാലയത്തിന്റെ മൈതാന ഓരത്തു കൂടി ഇങ്ങനെ പഴയ കാല ഓർമ്മകളെ ഓർത്തെടുത്തു കൊണ്ട് നടക്കുമ്പോൾ അതാ ഒരു മൈലാഞ്ചി ചെടി നിൽക്കുന്നു. ഞാൻ നടന്ന പാതയോരത്തെ ചെടികിൾക്കിടയിൽ ഒറ്റപ്പെട്ട ഒരു സുന്ദരിയെപ്പോലെ …….

നിറയെ പൂത്തുലഞ്ഞ ആ മൈലാഞ്ചി ചെടി അസ്തമയ സൂര്യന്റെ മഞ്ഞ വെളിച്ചത്തിൽ തിളങ്ങി നിന്നു .ഇളം കാറ്റിൽ എന്നെ മാടിവിളിക്കുന്നതെന്നോണം ഇളകിയാടുന്ന തളിരിലകളും ,പൂക്കളും തഴുകി മുന്നോട്ടു നടക്കുമ്പോൾ കുട്ടിക്കാലത്തെ അത് വീണ്ടും ഓർമ്മിപ്പിക്കുന്നു .

എന്റെ വീടിന്റെ മുൻപിലും ഉണ്ടായിരുന്നു ഒരു മൈലാഞ്ചി ചെടി .എല്ലാ വർഷവും വെട്ടി യൊരുക്കി സൂക്ഷിക്കുമായിരുന്ന ആ ചെടി തളിരലകളും പൂക്കളും ചൂടി നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു ചന്തമായിരുന്നു …

വർഷാ വർഷങ്ങളിൽ മൈലാഞ്ചി കൊമ്പുകളിൽ കൂടു തീർക്കാൻ എത്തുന്ന അടയ്ക്കാ കുരുവികൾ… മുട്ട വിരിഞ്ഞിറങ്ങുന്ന കുരുവി കുഞ്ഞുങ്ങളുമായി ‘അമ്മ കുരുവി പറന്നു പോകുന്ന ജീവന്റെ നിറവാർന്ന കാഴ്ചകൾ …. അങ്ങനെ എത്ര നനുത്ത ഓർമ്മകൾ ..

മൈലാഞ്ചി ചെടി യെക്കുറിച്ചു ഓർക്കാൻ ഇഷ്ടമില്ലാത്തത് ഒന്ന് മാത്രം ഉണ്ട് ..ചെറുപ്പത്തിന്റെ കുസൃതി തരങ്ങൾ ക്കു സമ്മാനമായി മൈലാഞ്ചി തണ്ടു ഉപയോഗിച്ച് അപ്പന്റെയും അമ്മയുടെയും കയ്യിൽ നിന്നു കിട്ടിയിട്ടുള്ള `മൈലാഞ്ചി കഷായങ്ങൾ `…കാലങ്ങൾ കഴിഞ്ഞു ആ മൈലാഞ്ചി ചെടിയും പൂക്കളും ഒക്കെ മുറ്റത്തിന്റെ വടക്കു കിഴക്കേ കോണിൽ മുരിങ്ങ മരത്തോടു ചേർന്ന് നിന്നിരുന്ന സ്ഥലത്തു നിന്നും നിന്നും അപ്രത്യക്ഷമായിരിക്കുന്നു …

വീണ്ടും ഇന്ന് എന്റെ പഴയകലാലയ മുറ്റത്തെ പൂവിട്ട മൈലാഞ്ചിയുടെ അടുത്ത് എത്തിയപ്പോൾ കാലുകൾ അറിയാതെ നിശ്ചലമായി. എന്നും ഞാൻ കണി കണ്ടുണർന്നിരുന്ന എന്റെ പ്രിയപ്പെട്ട മൈലാഞ്ചി ചെടിയെ ആണ് എനിക്ക് ഓർമ്മ വന്നത് … നിറയെ പൂവും കായുമായി മൈലാഞ്ചി ചെടി അങ്ങനെ നാണിച്ചു നിൽക്കുന്നത് കണ്ടപ്പോൾ മാറോടു ചേർത്ത് പിടിക്കാനാണ് തോന്നിയത് ..

സന്തോഷത്തിന്റെ പഴയ ബാല്യ കാല ഓർമ്മകൾക്കൊപ്പം ………..

×