Advertisment

ഹറാം (കഥ)

author-image
admin
New Update

-  പുണ്യ.സി.ആർ

ഗവ.വിക്ടോറിയ കോളേജ് പാലക്കാട്.

Advertisment

publive-image

മഴയായ മഴയെല്ലാം കുടിച്ച് വറ്റിച്ച....

വെയിലായ വെയിലെല്ലാം ഊറ്റിയെടുത്ത...ഒരു കുന്ന്.!

ആ കുന്നിടിച്ചിൽ പോലൊഴുകുന്ന വലിയ ചാലിനിപ്പുറമായിരുന്നു എന്റെ വീട്.

ബിവറേജിനു മുന്നിൽ ക്യൂ നിന്ന് മടുത്തതിന്റെ കലിപ്പെല്ലാം അപ്പൻ വീട്ടിൽ വന്ന് തീർത്ത്.....

മുടിച്ചുരുളുകളുടെ ഉറക്കചടവ് മാറ്റി...

വെളിച്ചപാട് തുള്ളി....

അമ്മച്ചിയാണേൽ കുറേ കാർക്കിച്ച് തുപ്പി...

പേരറിയാത്തവരെ പ്രാകാ പിഴപ്പിച്ച്..അട്ടഹസിച്ച്...

കരഞ്ഞ് കരഞ്ഞ് കരച്ചിലൊരു നേർത്തനാദമാകുമ്പോൾ...

പിന്നെയിരുവരും ഒരു പായിലഭയം പ്രാപിക്കുമ്പോൾ.. ..

ചില ഒച്ചപാടുകളിൽ...

ചിലയേറെ ഒറ്റപ്പെടലുകളിൽ.....

അറിഞ്ഞും അറിയാത്തതുപോലെ നടിച്ചും,

ഈ പടികളിൽ...കുന്നിടിച്ചിൽ പോലൊഴുന്ന ചാലിനപ്പുറത്തേക്ക് ..പാടവരമ്പുകൾക്കുമപ്പുറത്തേക്ക്...

കണ്ണും നട്ട്, ഇങ്ങനെയിരിക്കാറുണ്ട്!

ഒറ്റപെടലിന്റെ ലഹരിക്കു നുരപൊന്തുമ്പോഴേക്കും മുനീർ ഓടിപാഞ്ഞു വരും.

ദാ....ഇപ്പോൾ വരുന്നതുപോലെ തന്നെ....

അടിയൊഴുക്കില്ലാത്ത പുഴപോലെ...

"ഹൊ..എന്റെ സമീരാ...നിന്റെ കണ്ണുകളെന്നെയിങ്ങ് വലിച്ചെടുക്കുകയായിരുന്നു..."

അവൻ എന്റെ തൊട്ടുതാഴെയായി..മുഖമുയർത്തി എന്നെതന്നെ നോക്കി കൊണ്ട് ദീർഘമായി.. സുദീർഘമായി..നിശ്വസിച്ചു.

"സമീരാ....."

ഇഷ്ടമായില്ലെങ്കിലും ആ വിളിക്ക് മൂളികൊടുത്തു.സമീര! മുനീറിൽ മുറേ ആശ്വാസം കണ്ടെത്തിയതിന്റെ ..എന്റെ വിങ്ങലുകളെയെല്ലാം അവനു മുന്നിൽ ഞെക്കിപ്പൊട്ടിച്ചതിന്റെ ..പ്രണയിച്ചതിന്റെ...അവനെന്റെ കണ്ണുകളിൽ ചുംബിച്ചതിന്റെ...,ഉണങ്ങാത്തൊരു പാട്!

മീരയിൽ നിന്നും സമീര വരെ എത്ര ദൂരമുണ്ടായിരുന്നു....!ആവോ....

"സമീരാ...നിനക്കൊരു തട്ടം കൂടി വേണം പെണ്ണേ.. നമ്മുടെ നിക്കാഹിന് നീയൊരു ഹൂറിയായിരിക്കണം."

പ്രണയം ഇഴഞ്ഞിഴഞ്ഞ് ...കാൽവിരലിന്റെ അറ്റം മുതൽ അങ്ങവസാനത്തെ മുടിതുമ്പുവരെ അരിച്ചുകയറിയ ഒരു നിമിഷത്തിലും ഞങ്ങൾ നിക്കാഹിനെ കുറിച്ച് സംസാരിച്ചിരുന്നില്ല.അന്നു ഞാൻ മീരയും അവൻ മുനീറും മാത്രമായിരുന്നുവല്ലോ!

അന്നെന്റ പാറിപറക്കുന്ന മുടികളോടവന് കൊതി തോന്നിയിട്ടുണ്ടെത്രെ.

അന്നു ഞാൻ വലിച്ചു പൊട്ടിച്ചെറിയാൻ നോക്കിയ എന്റെ കൊന്ത കൈവെള്ളയിലെടുത്ത് " എല്ലാ മതങ്ങളും സ്നേഹിക്കാനാ പെണ്ണേ പഠിപ്പിക്കുന്നത്." എന്നു മനോഹരമായി പറഞ്ഞുവച്ചിരുന്നു.

" എന്താണു പെണ്ണേ നീയൊന്നും മിണ്ടാത്തത്?"പെട്ടന്ന് യാന്ത്രികമായൊരു പുഞ്ചിരിയോടെ അവനിലേക്ക് തിരിച്ചു വന്നു.

"പെരേന്ന് ഒച്ചപൊങ്ങിയാർന്നല്ലോ...എന്നോട് വർത്തമാനം പറഞ്ഞൂന്നും പറഞ്ഞ് ഉമ്മ കലഹിക്കുകയോ മറ്റോ...."

" അള്ളോ..ഒന്നും പറയണ്ട,കിണറ്റിലൊരു പട്ടി ചത്ത് കെടക്ക്ണ്...ആ വക ജന്തുക്കള് ഞങ്ങക്ക് ഹറാമാണെന്നറിയാലോ..!ഉമ്മ അലമുറയിട്ടു.കിണറ്റിലെ വെള്ളം മുഴുവൻ വറ്റിച്ചു.ഇത്തയാണേൽ തുണിയായ തുണിയെല്ലാം ...ആ വെള്ളം കൊണ്ട് അലക്കിയിട്ടിരിക്കുന്നു..പെരയെല്ലാം തുടച്ചിട്ടിരിക്കുന്നു."

ഞാൻ ജിജ്ഞാസയോടെ മുനീറിനെ തന്നെ നോക്കി.

"എന്തു ചെയ്യാനാ...പെരയെല്ലാം വേറെ വെള്ളം കൊണ്ടുവന്ന് ഏഴ് തവണ തുടച്ച്,തുണികളെല്ലാം ഏഴ് തവണ മുക്കിപിഴിഞ്ഞ് ..ഹറാം കളഞ്ഞ്."

ഹറാം കളഞ്ഞു!

മുനീർ താഴേക്ക് നോക്കി മടുപ്പഭിനയിച്ചിരുന്നു.

"അല്ലാ..ഇന്നിവിടെ വക്കാണമൊന്നുമുണ്ടായില്ലേ..?"

ആ ചോദ്യം ഒട്ടും രസിച്ചതല്ല.എങ്കിലും മുറുപടി പറയുക എന്ന ബാധ്യത തലക്കുമീതെ വട്ടം കറങ്ങി.

"അപ്പനിന്നലെ അവർടെ തലയടിച്ച് പൊട്ടിച്ച്.രണ്ട് സ്റ്റിച്ചിണ്ട് നെറ്റീല്.. !ആശുപത്രീലാ.."

"പടച്ചോനെ...ന്ന്ട്ട് അമ്മച്ചീടൊപ്പം നീ പോയില്ലാ....?"

"എന്തിന്,അയാൾ തന്നെ കൊണ്ട് പോയി.പുലർച്ചക്ക്"

മുനീറിന്റെ നോട്ടത്തിൽ സഹതാപം കലർന്നിട്ടുണ്ടോ!

സഹതാപത്തിൽ കലർന്നതൊന്നും തനിക്കിഷ്ടമല്ലെന്ന് അവനറിയാവുന്നതാണ്.എന്നിട്ടും...

"ങാ..ഞാനങ്ങ് ചെല്ലട്ട്.പണിക്കാർക്ക് കൂലി കൊടുക്കണം."കുന്നിടിച്ചിൽ പോലുള്ള ആ വലിയ ചാലും കടന്ന് അവൻ വന്നതിലും വേഗത്തിൽ തിരിച്ചു പോയി.

ഇനി...ഇനിയെപ്പോഴാണ് പറയുക! പറഞ്ഞേ തീരൂ...പറഞ്ഞാലും അവൻ സമ്മതിച്ചു തരില്ലായിരിക്കും.'നമ്മൾ തമ്മിൽ അങ്ങനൊന്നുമുണ്ടായിട്ടില്ലല്ലോ എന്നൊഴിഞ്ഞുമാറും.

ശരിയാണ്.ഏറ്റവും പ്രണയാർദ്രമായെന്റെ കണ്ണുകളിലേക്ക് നോക്കുകയല്ലാതെ ഇടക്കെങ്ങോ ഒന്നു ചുംബിക്കുകയല്ലാതെ....,പക്ഷേ എനിക്കുറപ്പാണ്.

അടിവയറ്റിൽ തടവുമ്പോഴെല്ലാം അറിയുന്നുണ്ട് ഒരു ഞെരക്കം..മറ്റൊരു മിടിപ്പ്...

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

കൃത്യമായി പറഞ്ഞാൽ പ്രണയിച്ചു തുടങ്ങിയതിന്റെ മൂന്നാം നാൾ മുതൽ...

ഇപ്പോൾ ഏതാനും മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.വയറു വീർത്തു വരുന്നുണ്ടോ.....ഇടക്കിടെ കണ്ണാടിയിൽ നോക്കി.ആദ്യമാസങ്ങളിൽ പൂർണ്ണ വിശ്രമം അനിവാര്യമാണ്.അതുകൊണ്ടു തന്നെ വയ്യായ്കയഭിനയിച്ച് ബുദ്ധിമുട്ടുള്ള പണികളിൽ നിന്നും ഒഴിഞ്ഞു മാറി.ഓക്കാനിക്കാൻ തോന്നിയില്ല.പുളിമാങ്ങ തിന്നണമെന്നില്ല...മാസമുറ തെറ്റിയില്ല.

എങ്കിലും ഉറപ്പാണ്.........,

എന്റെ വയറ്റിൽ ...മുനീറിന്റെ കുഞ്ഞ്! ഒരു പെൺകുഞ്ഞ്.അവൾ തിരിഞ്ഞും ..മറഞ്ഞും..കിടക്കുന്നു.എന്നെ "അമ്മേ"യെന്നു വിളിക്കുന്നു.

ഒറ്റപ്പെടുമ്പോൾ ...കരച്ചിലണപ്പൊട്ടുമ്പോൾ....എന്റെയുദരത്തോടുരുമ്മി കിടന്ന് ആശ്വസിപ്പിക്കുന്നു.ഞാൻ അമ്മയായി കഴിഞ്ഞിരിക്കുന്നു.മാതൃത്വം എന്നുടലാകെ പടർന്നു പന്തലിച്ചിരിക്കുന്നു.

മുനീറിനോടിതെങ്ങനെയാണ് പറയുക....

അവൻ എന്നെ ചേർത്തുപിടിച്ചൊന്ന് ചുംബിച്ചിരുന്നെങ്കിൽ...എന്റെയടിവയറ്റിൽ ചെവിചേർത്ത് വച്ച്..അവളുടെ മിടിപ്പ് പിടിച്ചെടുത്തിരുന്നെങ്കിൽ.."നമ്മുടെ കുഞ്ഞ്"എന്നൊരു വട്ടമെങ്കിലും ..എന്റെ കാതിൽ മന്ത്രിച്ചിരുന്നെങ്കിൽ!

മുനീർ അങ്ങു കണ്ണെത്താ ദൂരത്തേക്ക് നടന്നകന്നിരുന്നു.വല്ലാത്തൊരു വിങ്ങലോടെ..നിരാശയോടെ..പടികളിൽ തലവച്ച് മാനം നോക്കി കിടന്നു.ഉദരത്തിൽ കൈചേർത്തു വക്കുമ്പോഴെല്ലാം ...എന്തോ ഒരു പൂവിരിയുന്ന സുഖം...'ഞങ്ങളുടെ കുഞ്ഞ്'

അവളെന്റെ പൊക്കിൾ ചുഴിയിൽ നിലാവു പെയ്യിച്ച്...ഹൃദയത്തിന്റെ നാലറകളിലും ഓരോ ചുംബനം പൊഴിച്ച്...എന്റെ മിഴികളിൽ..മൗനങ്ങളിൽ...വല്ലാത്തൊരു കുളിരു കോരിയിടുന്നു.

പിന്നീടുള്ള രാത്രികളിലെല്ലാം ..കാത്തിരിപ്പുകളിലെല്ലാം...ഏറ്റവും മനോഹരമായി മുനീറിനോടീ കാര്യം അവതരിപ്പിക്കുക എന്നതു മാത്രമായി മനസ്സിൽ ...കുന്നിടിച്ചിൽ പോലുള്ള ഈ വലിയ ചാലും കടന്ന് വന്ന് അവനെന്റെ അടുത്തിരിക്കുന്നതായി സ്വപ്നം കണ്ടു.ആ സ്വപ്നവും ആലിപ്പഴം പോലലിഞ്ഞങ്ങു പോയി.മുനീർ വന്നതേയില്ല.അവന്റെ കാൽച്ചുവടുകളുടെ നനവു പോലുമില്ലാതെ പാടവരമ്പുകളങ്ങനെ വറ്റികിടന്നു.

പെട്ടന്നൊരു സന്ധ്യക്ക് മുനീർ എന്റെടുത്തു വന്നിരുന്നു.

അവൻ കിതച്ചു.ഞാൻ കിതച്ചു.ഞങ്ങളുടെ കുഞ്ഞും കിതച്ചു.

മറ്റൊന്നും ചിന്തിക്കാതെ മുനീറിന്റെ വലതുകൈയ്യെടുത്ത് എന്റെ ഉദരത്തോട് ചേർത്തു വച്ചു.

"മുനീർ .....നീയറിയുന്നില്ലേ...നമ്മുടെ പ്രണയത്തിന്റെ വസന്തം..ഇതാ..ഇവിടെ വിരിഞ്ഞുതുടങ്ങിയിരിക്കുന്നു."

പൊള്ളലേറ്റതു പോലെ അവൻ കൈ പിൻവലിച്ചു. കുറച്ചുസമയം വല്ലാത്തൊരു അമ്പരപ്പോടെ എന്നെതന്നെ നോക്കി.

പിന്നീടൊരു പൊട്ടിച്ചിരിയോടെ പറഞ്ഞു."പെണ്ണേ...അന്യമതസ്ഥരിലുണ്ടാകുന്ന കുഞ്ഞ് ഞങ്ങക്ക് ഹറാമാണ്.ഹറാം .അറിയാമോ....!അതുകൊണ്ടാണു ഞാൻ.... "

അവന്റെയടുത്തു നിന്ന് മാറിയെഴുന്നേറ്റ് എന്റെ കുഞ്ഞിനേയും ചേർത്തുപിടിച്ച് ..ആ പടികൾ കയറുമ്പോൾ....കരയണമെന്നോ..ചിരിക്കണമെന്നോയില്ലായിരുന്നു.

മുനീറിനോട്...സൗമ്യമായി...അത്രമേൽ മനോഹരമായിതന്നെ പറയണമെന്നു തോന്നി.

"എനിക്കൊരായിരം ഹറാമുകളെ പ്രസവിക്കണം മുനീർ.കരഞ്ഞും...കളിച്ചും..കുസൃതികാണിച്ചും.. അവർ ഇവിടെയിങ്ങനെ പാറിനടക്കണം. !അവർക്കുവേണ്ടി..., എന്റെ നക്ഷത്രക്കുഞ്ഞുങ്ങൾക്ക് വേണ്ടി..എനിക്കു ജീവിക്കണം.ഒരു ചോദ്യത്തിനും പിടികൊടുക്കാതെ..ഒരുത്തരത്തിനും ആമുഖമാകാതെ.....കൊതിതീരുവോളം ജീവിക്കണം.

പിന്നെ ഒരു മൺതരിയോളം ചെറുതാകണം.!"

Advertisment