ആലപ്പുഴയില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണ ചടങ്ങില്‍ കവി ഡാര്‍വിനെ ആദരിച്ചു

കൊട്ടാരക്കര ഷാ
Thursday, November 1, 2018

ഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന വയലാര്‍ രാമവര്‍മ്മ അനുസ്മരണ ചടങ്ങില്‍ ആലപ്പുഴയുടെ സ്വന്തം കവി ഡാര്‍വിന്‍ മാത്യുവിനെ ആദരിച്ചു. വര്‍ഷാവര്‍ഷം മഹാനായ ഗാനരചയിതാവിന്റെ ഓര്‍മ്മ ദിനത്തില്‍ അന്നപൂര്‍ണ സംഘടിപ്പിക്കുന്ന ചടങ്ങില്‍ യുവകവികളെ ആദരിയ്ക്കാറുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് നവമാധ്യമങ്ങളിലൂടെയും, ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും ശ്രദ്ധേയനായ എഴുത്തുകാരനാണ് ഡാര്‍വിന്‍. ”നീ അറിയാത്തൊരു ഞാനുണ്ട്, ചിതറിയ സ്വപ്നങ്ങളെ ഭ്രാന്ത് പൂക്കുന്ന ചിന്തകളാല്‍ അക്ഷരങ്ങളുടെ നൂലിഴകളില്‍ കെട്ടിയിടുന്നവന്‍…..” എന്നാണ് ഡാര്‍വിന്‍ സ്വന്തം കവിതാ സമാഹാരമായ ‘കാലയവനിക ഉയരുമ്പോള്‍’ എന്ന പുസ്തകത്തിന്റെ മുഖചിത്രത്തില്‍ തന്നെ എഴുതി വച്ചിരിയ്ക്കുന്നത്.

ആലപ്പുഴ വാടയ്ക്കല്‍ സ്വദേശിയായ ഡാര്‍വിന്‍ മാത്യു-മേരി ദമ്പതികളുടെ മകനാണ്. മണ്ണിനെയും കാക്കയേയും പ്രണയത്തെയും പ്രവാസിയെയും പ്രതീക്ഷയേയും കുറിച്ച് വ്യത്യസ്ത ഭാവ പ്രകാശങ്ങള്‍ നല്‍കുന്ന ഈ യുവകവി മനസ്സില്‍ നിറയ്ക്കുന്നത് യന്ത്രവത്കൃത മഷിയല്ല. ചോരയും നീരുമുളള മനുഷ്യരുടെ കണ്ണീരും കിനാവുമാണ്. അതില്‍ നിന്നും ഇനിയും ഇനിയും തീനാളങ്ങളെ സൃഷ്ടിക്കാന്‍ ഈ പുതിയമുഖത്തിനു കഴിയും എന്നാണ് എഴുത്തുകാരി ബിന്ദു വി. എസിന്റെ പക്ഷം.

തന്റെ വരികളില്‍ അച്ചടിമഷി പുരട്ടാന്‍ സഹായിച്ച മലയാള സാഹിത്യ ലോകത്തിലെ കൂട്ടുകാര്‍ക്കും, കൂടെ നിന്നു പ്രോല്‍സാഹിപ്പിക്കുന്ന എല്ലാവരോടും, ഈ ആദരവ് സമ്മാനിച്ച ജന്മനാട്ടിലെ പ്രിയപ്പെട്ടവരോടും നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കാനും ഡാര്‍വിന്‍ മറന്നില്ല.

×