Advertisment

ജനകീയ വായന പരിലസിക്കുന്ന തച്ചമ്പാറ ദേശീയ ഗ്രന്ഥശാല

New Update

ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന തച്ചമ്പാറ ദേശീയ ഗ്രന്ഥശാല ഒരു പ്രദേശത്തിന്റെആത്മാവാണ്. കലയുടേയും സാഹിത്യത്തിന്റേയും ചെറുചലനങ്ങളും, ആനുകാലിക ചർച്ചകളും കൊണ്ട് സമ്പന്നമായ ഗ്രാമീണവായന ശാല.

Advertisment

വായനശാലയുടെ അകത്തളത്തിലെത്തിയാൽ ധാരാളം വായിക്കാനും സംവദിക്കാനുമുണ്ട്.കലാ-സാഹിത്യ, സാംസ്‌കാരിക ചരിത്രത്തെ നല്ലതുപോലെ വായിച്ചെടുക്കാം എന്ന് മാത്രമല്ല ആനുകാലിക പത്ര-പ്രസിദ്ധീകരണങ്ങളും വയോജനങ്ങൾക്കും കുട്ടികൾക്കും വനിതകൾക്കുമെല്ലാം പ്രത്യേകം വേദികളുമുണ്ട്.

publive-image

ഡോ.വി.എസ്.സുനിൽരാജ്,എം.രാജഗോപാലൻ എന്നിവരാണ് വയോജന വേദിയുടെ സാരഥികൾ. തച്ചമ്പാറ ഗ്രന്ഥശാലയുടെ സാംസ്‌കാരിക-വൈജ്ഞാനിക ചലനങ്ങൾ കാലോചിതമായ പുതിയ പരീക്ഷണങ്ങള്‍ തേടുകയാണ്. വായന ശാലകള്‍ ഓരോ ഗ്രാമങ്ങളുടെയുംസാംസ്കാരിക സാമൂഹിക വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവാത്തതാണല്ലോ.

പുതിയ തലമുറയുടെ കാലത്ത് ആ ഒരു സംസ്കാരത്തിന്‍റെ തുടര്‍ച്ച നഷ്ട്ടപെടുന്നുണ്ടോ എന്നാണു ആശങ്ക.സാങ്കേതിക മാധ്യമങ്ങളുടെ അതിപ്രസരം ഇന്ന് പല ലൈബ്രറികളും പഴയകാല പുസ്തകങ്ങള്‍ സൂക്ഷിച്ചു വെക്കുന്ന കേന്ദ്രങ്ങളാക്കുമ്പോഴും കാലത്തെ അതിജീവിക്കുന്ന പ്രവർത്തനങ്ങളിലൂടെ പഴയ കാല പ്രതാപത്തോടെ പ്രവര്‍ത്തിക്കുന്ന വായന ശാലകളും ഉണ്ട്.

1977 ഏപ്രിൽ 26 ന് തച്ചമ്പാറയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടക്കമിട്ട ഈ അക്ഷരാലയം നാലു പതിറ്റാണ്ട്കടക്കുമ്പോള്‍ പഴമയുടേയും പാരമ്പര്യത്തിന്റേയും തൂണിലുറച്ച് നിന്നു കൊണ്ടാണ് പുതിയ ഗാഥ രചിക്കുന്നത്.

publive-image

സ്ഥാപക പ്രസിഡണ്ട് മേനകത്ത് ശങ്കരനാരായണൻ, സെക്രട്ടറി എം.എൻ.രാമകൃഷ്ണപിള്ള എന്നിവരായിരുന്നു. ഒക്ടോബർ 1വയോജന ദിനത്തിൽ വായന സ്നേഹികളുടെ സംഗമവും വാർഷിക അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ഇതു സംബന്ധിച്ച സുപ്രധാന യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു.എം.എൻ.രാമകൃഷ്ണപിള്ള,ചന്ദ്രൻ തച്ചമ്പാറ, എം.രാജഗോപാലൻ,എം.ഉണ്ണികൃഷ്ണൻ,കെ.കെ.നാരായണൻ,കെ.വി.ചാക്കോ,പി.കെ.ജയപ്രകാശ്,കെ.മുരളീധരൻ,കെ.അയ്യപ്പൻകുട്ടി,ഒ.നൗഷാദ്,ദീപ്തി രമേഷ്,കെ.ഹരിദാസൻ,എ.രാമകൃഷ്ണൻ,വി.പത്മനാഭൻ തുടങ്ങിയവർ വാർഷികാഘോഷ പരിപാടികളുടെ ആലോചന യോഗത്തിൽ പങ്കെടുത്തു.

വായനയുടെ വേറിട്ട നടത്തമാണ് സംഘാടകർ ഇപ്പോള്‍ ആലോചിക്കുന്നത്. തച്ചമ്പാറയുടെവായനയില്‍ നിര്‍ണായക സാന്നിദ്ധ്യമായി നിൽക്കുന്ന നൂറ് കണക്കിന് അംഗങ്ങളും പതിനയ്യായിരത്തോളം പുസ്തക ശേഖരവുമുള്ള ഈ ഗ്രന്ഥാലയം നേരിടുന്ന പ്രതിസന്ധി സ്ഥല പരിമിതി തന്നെയാണ്.

publive-image

മാനുഷിക ബന്ധങ്ങൾ നിലനിർത്താനും, നല്ല വായനയിലൂടെ മനസിലെ ഭാവനകൾ തോട്ടുണർത്താനും, ജീര്ണതകൾക്കെതിരെ പൊരുതാനും, പരന്ന വായനയിലൂടെ ഒരു മികച്ച മനുഷ്യൻ ആകാനും മനസ്സിൽ നന്മയുള്ളവർ സ്ഥാപിച്ച കൂട്ടായ്മയുടെഅടിത്തറയാണ് തച്ചമ്പാറ ദേശീയ ഗ്രന്ഥശാല. സുസജ്ജമായ ഈ വായനശാല മുഴുവൻ പ്രവർത്തനത്തിന്റെയും കേന്ദ്രമാണ്.

ഒഴിവുസമയങ്ങളില്‍ കുട്ടികളും കുടുംബിനികളും മുതിർന്നവരും പുസ്തകങ്ങളെ പരിചയപ്പെടാനെത്തുന്നു.നല്ല പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനും വായിക്കാനും ലൈബ്രറിസാരഥികളുടെ സഹായവുമുണ്ട്. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാനും അവരുടെ ചിന്തകള്‍ക്ക് ചിറകുകളേകാനും ബാലവേദിയുണ്ട്.

അക്ഷരങ്ങളുടെ ശക്തിയും നന്മയുടെ ജീവിതപാഠങ്ങളുമായി ഈ ലൈബ്രറി ആർക്കും കരുത്തുപകരും. ഈ ഒരു തിരിച്ചറിവാണ് വായനശാലയിൽ ഈപ്രദേശത്തുകാർ ഉള്‍ക്കൊള്ളുന്നത്. വായന നമ്മുടെ സംസ്കാരമാകണം, ശീലമാകണം. വായനയെ ഇടപെടലുകളിലൂടെയും വേറിട്ട പ്രവർത്തന പരിപാടികളിലൂടെയും സജീവമാക്കേണ്ടത് അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ സാമൂഹ്യ ബാധ്യതയാണ്.

Advertisment