follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

ഒന്നിനും പിശുക്കാനല്ലാത്ത (ചിരിക്കുവാൻ ലേശം ) നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആത്മ വിശ്വാസത്തിന്റെ പിൻ ബലത്തിൽ ജയിച്ചു കയറിയപ്പോൾ അമിത ആവേശവും ആത്മവിശ്വാസവും മുൻ മുഖ്യന്‍റെ രണ്ടാമൂഴ പ്രതീക്ഷകൾ അസ്ഥാനത്താക്കി

ഇത്ര ബുദ്ധിയും വിവരവും ഉള്ള ജനതയെ എത്ര ഈസിയായി പറ്റിക്കാം - കേരള നിയമസഭാ തിരഞ്ഞെടുപ്പ് , ഒരു താത്വിക അവലോകനം !!

ദാസനും വിജയനും » Posted : 27/06/2016

പിന്നെ കേരളം എന്നാൽ ഇവിടെ ഒരു അസഹിഷ്ണുതയും വിഭാഗീയതയും ഇല്ല . ഒരു തരത്തിലും വർഗീയതയോ ജാതീയതയോ ഇല്ല . ഇവിടെ ഉള്ളത് അസ്സൽ കുശുമ്പ് അല്ലെങ്കിൽ അസൂയ . അത് സ്വന്തം കുടുംബത്തിൽ തുടങ്ങി സ്വന്തം നാട്ടിലൂടെ ജോലി സഥലത്തും കച്ചവടത്തിലും രാഷ്ട്രീയത്തിലും എന്നു വേണ്ട പള്ളി കമ്മറ്റികളിലും അമ്പല കമ്മറ്റികളിലും എല്ലാം വളരെ നല്ലപോലെ കാർന്നു തിന്നുന്ന ഒന്നാണ് ഇപ്പറഞ്ഞ അസൂയ.ഇക്കഴിഞ്ഞ മെയ് 19 നു ശേഷം ഇതുവരെ ടിവിയിൽ വാർത്ത കണ്ടിട്ടില്ല . പഴയ ആ ത്രിൽ ഒക്കെ പോയി . യുഡിഫ് തോറ്റത് കൊണ്ടല്ല, പക്ഷെ സരിതയും മാണിയും ഒന്നും ഇല്ലാത്ത ടിവി എന്തോന്ന് ടിവി . പക്ഷെ ഇടക്കാലാശ്വാസം പോലെ ജയരാജേട്ടൻ മമ്മാലിക്കയെ ആദരിച്ചപ്പോൾ ചുമ്മാ ഒന്നു ടിവി വെച്ച് നോക്കി . കേരളത്തിന്റെ ഈ പോക്ക് അത്ര നല്ലതല്ല എന്ന് ഏത് കുഞ്ഞിനും അറിയാം .

ഇത്രയും ബുദ്ധിയും വിവരവും ഉള്ള ജനതയെ എത്ര ഈസിയായി പറ്റിക്കാം എന്നത് പണ്ടേ ആട് തേക്ക് മാഞ്ചിയം ബ്ലേഡ് ബോബി ഇൻറ്റഗ്രേറ്റഡ് ഒക്കെ തെളിയിച്ചു . എന്നിട്ടും പൂർവാധികം ഭംഗിയായി കേരളജനത പറ്റിച്ചും പറ്റിക്കപ്പെട്ടും ജീവിക്കുന്നു . പത്രങ്ങൾക്കും ചാനലുകൾക്കും മുന്നേ സോഷ്യൽ മീഡിയ മുന്നേറുമ്പോൾ ആർക്കും എന്തും പറയാം ചെയ്യാം എന്നൊരു ദുരവസ്ഥ എവിടെയും കാണാം .

എന്നാലും കുത്തകകൾ തകരുന്നതിൽ നമ്മുക്ക് ഏറെ ആശ്വസിക്കാം . തമിഴ്‌നാട്ടിൽ ഇപ്പറഞ്ഞ പത്രങ്ങളെയോ ചാനലുകളെയോ കൂസാതെ പെണ്ണൊരുത്തി രണ്ടാം പക്കവും ആ കസേരയിൽ ഇരുന്നപ്പോൾ നാം ഒരു വസ്തുത മനസ്സിലാക്കേണ്ടിയിരിക്കുന്നു . ജനങ്ങളെ അല്ലെങ്കിൽ ജനഹൃദയങ്ങളെ തൊട്ടറിഞ്ഞവർക്ക് ചാനലുകളെയും പത്രങ്ങളെയും ഭയക്കേണ്ടതില്ല .

അപ്പോഴും കേരളത്തിൽ രണ്ടു വഞ്ചിയിലും കാലിടുവാൻ ശ്രമിച്ചവരൊക്കെ പരാജയത്തിന്‍റെ കയ്പുനീർ കുടിക്കേണ്ടി വന്നു . നിലാപാടുകൾ ഉള്ളവരെല്ലാം ജയിച്ചു കയറിയപ്പോൾ ആത്മവിശ്വാസവും അതിന്റെ ഭാഗമായി . ഒന്നിനും പിശുക്കാനല്ലാത്ത (ചിരിക്കുവാൻ ലേശം ) നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആത്മ വിശ്വാസത്തിന്റെ പിൻ ബലത്തിൽ ജയിച്ചു കയറിയപ്പോൾ അമിത ആവേശവും ആത്മവിശ്വാസവും മുൻ മുഖ്യന്‍റെ രണ്ടാമൂഴ പ്രതീക്ഷകൾ അസ്ഥാനത്താക്കി .

കളം മാറ്റി ചവുട്ടിയവരെ തിരഞ്ഞു പിടിച്ച് തോൽപ്പിക്കുക എന്ന വാശി ഇപ്പോഴത്തെ മുഖ്യൻ കാണിച്ചപ്പോൾ കൊല്ലവും വീരന്‍റെ പാർട്ടിയും ഒക്കെ വട്ടപ്പൂജ്യമായി മാറുന്നത് നാം കണ്ടു . കഴിഞ്ഞ കുറെ വർഷങ്ങളായി ബുദ്ധിപരമായ നിലപാടുകളോടെ കാര്യങ്ങൾ ചെയ്തുപോന്നയാൾ മുഖ്യമന്ത്രി ആയതിൽ ആർക്കും തെറ്റ് പറയുവാൻ പറ്റാതെയായി .

കോമ്പ്രമൈസ് രാഷ്ട്രീയവും സ്വജനപക്ഷപാതവും ജനങ്ങളുടെ കണ്ണിൽ പൊട്ടിയിട്ടുള്ള സംഭവങ്ങളും തിരസ്കരിക്കപ്പെട്ടപ്പോൾ സിനിമാക്കാരെയും സാഹിത്യകാരെയും മുതലാളിമാരെയും കൂടെ കൂട്ടി ആൺകുട്ടികൾ അധികാരം പിടിച്ചെടുത്തു . ജനങ്ങളുടെ മുമ്പിലെങ്കിലും കാണിക്കുവാൻ വേണേൽ അഴിമതിക്കാരെയും കറ പുരണ്ടവരെയും മാറ്റി നിർത്തിയിരുന്നെങ്കിൽ കുറച്ച് കൂടി മാന്യമായി തോൽക്കാമായിരുന്നു .പക്ഷെ ആളുകൂടിയാൽ പാമ്പ് ചാവില്ല എന്ന അവസ്ഥയിൽ നിയന്ത്രണങ്ങൾ പലരിലും വന്നു ചേർന്നപ്പോൾ നഷ്ടമായത് ഒരു ഭരണത്തുടർച്ച എന്നൊരു സ്വപ്‌നമായിരുന്നു . പിന്നെ കേരളം എന്നാൽ ഇവിടെ ഒരു അസഹിഷ്ണുതയും വിഭാഗീയതയും ഇല്ല , ഒരു തരത്തിലും വർഗീയതയോ ജാതീയതയോ ഇല്ല , ഇവിടെ ഉള്ളത് അസ്സൽ കുശുമ്പ് അല്ലെങ്കിൽ അസൂയ .

അത് സ്വന്തം കുടുംബത്തിൽ തുടങ്ങി സ്വന്തം നാട്ടിലൂടെ ജോലി സഥലത്തും കച്ചവടത്തിലും രാഷ്ട്രീയത്തിലും എന്നു വേണ്ട പള്ളി കമ്മറ്റികളിലും അമ്പല കമ്മറ്റികളിലും എല്ലാം വളരെ നല്ലപോലെ കാർന്നു തിന്നുന്ന ഒന്നാണ് ഇപ്പറഞ്ഞ അസൂയ . ഇതിന്റെ ഭാഗമായാണ് ഭരണത്തുടർച്ച ആർക്കും സമ്മാനിക്കുവാൻ കഴിയാത്തത് , സാക്ഷാൽ ഹരിചന്ദ്രനോ അല്ലെങ്കിൽ മഹാത്മാ ഗാന്ധിയോ ആറു തന്നെ വന്നു കേരളം ഭരിച്ചാലും അവരുടെ പേരിൽ ഒന്നു രണ്ട് പെണ്ണ് കേസുകളോ അല്ലെങ്കിൽ കോഴക്കേസുകളോ ചാർത്തുവാൻ നമ്മുടെ മലയാള മണ്ണിനു പ്രത്യേക നൈപുണ്യം തന്നെയുണ്ട് .

ഇപ്പോഴത്തെ ന്യു ജെൻ എന്നാൽ പോഴന്മാരാണെന്ന് ഏവർക്കും അറിയാം . അവർക്ക് കൂടുതൽ ചിന്തിക്കുവാൻ സമയം കൊടുക്കാതെ സുക്കർബർഗ് അവരെ അപ്പാടെ വിഴുങ്ങിയപ്പോൾ അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു . ചില സിനിമാക്കാരുടെ പോസ്റ്റുകൾക്കു പിന്നിലും ചില മത നേതാക്കളുടെ തള്ളുകൾക്ക് മുൻപിലും അവർ അപ്പാടെ കീഴടങ്ങുമ്പോൾ ഇവിടെ ഇല്ലാതാകുന്നത് ചിന്താ ശേഷിയുള്ള ഒരു തലമുറയെയാണ് .

ലൈക്കുകളും കമന്റുകളും ഷെയറുകളും നോക്കി ജീവിതം തിരഞ്ഞെടുക്കുന്ന ഇക്കൂട്ടരെ സൃഷ്ഠിക്കുവാനാണ് പല കുത്തക കമ്പനികളും രാജ്യങ്ങളും പരീക്ഷണങ്ങൾ നടത്തികൊണ്ടിരുന്നത് , അത് വിജയിച്ചു . ഇനി താത്വികമായ ഒരു അവലോകനത്തിന് മുതിരുകയാണെങ്കിൽ ചില നിരീക്ഷണങ്ങൾ പറയാം . തോറ്റ പാർട്ടിയുടെ നേതാക്കൾ എല്ലാം പച്ച ചാണകത്തിന് തീ പിടിച്ച പോലത്തെ അവസ്ഥയിലായിരുന്നു .

എന്താടോ എന്നു ചോദിക്കുമ്പോൾ താനാരാടാ എന്നു തിരിച്ചു ചോദിക്കുവാൻ കെൽപ്പില്ലാത്ത ചില ഗാന്ധിയന്മാർ ചെറുപ്പക്കാരുടെ മനോവീര്യത്തെ തകർത്തു . അവസാന ദിനങ്ങളിലെ ചില തീരുമാനങ്ങൾ ജനത്തിന്റെ വിശ്വാസം തകർത്തപ്പോൾ ജിഷ ശരിക്കും പെണ്മനസ്സുകളിൽ ആഴത്തിൽ മുറിവേൽപ്പിച്ചു .

കള്ളു കുടിച്ചു വരുന്ന ഭർത്താക്കന്മാരെ വീട്ടമ്മമാർ വെറുക്കുന്നില്ല എന്നു ബാർ മുതലാളിമാർ പണം വീശി തെളിയിച്ചപ്പോൾ അതിനെ തടുക്കാൻ ഗാന്ധിയന്മാർക്ക് ആയില്ല . പെരുമ്പാവൂരിലെ ക്രൂരതക്ക് പിന്നിലും മുഹമ്മദ് നബിക്കെതിരെ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയം മണത്താൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല , ലക്ഷ്യമാണ് പ്രധാനം വഴിയല്ല .

ഒരു വശത്ത് മെഗാസ്റ്റാറും സൂപ്പർസ്റ്റാറും കുട്ടി സ്റ്റാറുകളും എല്ലാ മസാലക്കൂട്ടുകളും കൂടാതെ വിജയിച്ച പടങ്ങളുടെ സംവിധായകർ മുതൽ എട്ടുനിലയിൽ പൊട്ടിയവർ വരെയും സംഗീത ശിരോമണികളായ കുറെ സംഗീത സംവിധായകരും സാഹിത്യ കലാ സാംസ്കാരിക പെണ്ണെഴുത്ത് കാരും , ബ്ലോഗിലെ തലതൊട്ടപ്പന്മാരും ട്രോളന്മാരും എന്തിനധികം അന്നത്തെ പ്രതിപക്ഷ നേതാവ് വരെ സോഷ്യൽ മീഡിയയിൽ വിലസിയപ്പോൾ അതിന്റെ വെല്ലുവാൻ തക്ക ശക്തി ഭരണത്തുടർച്ചക്കാർക്ക് ഇല്ലാതെ പോയപ്പോൾ കുറച്ചെങ്കിലും പിടിച്ച് നിന്നത് മലപ്പുറത്തെ ചാവേറുകളാണ് .

ചാനൽ പത്ര മാധ്യമ മുതലാളിമാർ മുതൽ വായനക്കാരും ക്യാമറാമാനും ലൈറ്റ് ബോയിയും ഒക്കെ ഒന്നടങ്കം ഭരണ തുടർച്ചയെ എതിർത്തപ്പോൾ ചരിത്രത്തിലാദ്യമായി മാധ്യമക്കാർ സ്ഥാനാർത്ഥികൾ ആയപ്പോൾ കേരള ജനത അമ്പരന്നു .അവർക്കു വേണ്ടി പ്രചാരണത്തിന് സഹപ്രവർത്തകർ അണിനിരന്നപ്പോൾ നേരോടെ നെറിവോടെ നിർഭയം എല്ലാം തകർന്നടിഞ്ഞു .

ഉപ്പ് തിന്ന പലരും കിണറ്റിലിറങ്ങി വെള്ളം കുടിച്ചപ്പോൾ പോ മോനെ മോഡി കുറെ പ്രതീക്ഷിച്ച സീറ്റുകൾ കളഞ്ഞു കുളിച്ചു . ലോക ചരിത്രത്തിൽ ആദ്യമായി ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി വെളുക്കാൻ തേച്ചത് പാണ്ടാക്കി , അതും ഈ അടിതുരപ്പന്മാരുടെ കൊച്ചു കേരളത്തിൽ , ഇവിടെ പാവപ്പെട്ട മാവേലിയെ വരെ വെറുതെ വിടാത്തവർ ആണെന്ന് ആ പാവം മനുഷ്യൻ സ്വപ്നത്തിൽ പോലും കണക്കാക്കിയില്ല .

പതിവുപോലെ കുതികാൽ വെട്ടും തൊഴുത്തിൽ കുത്തും അരങ്ങേറിയപ്പോൾ പലരും അടുത്ത 5 കൊല്ലത്തെ കസേര മനസ്സിൽ കണക്കുകൂട്ടി കാര്യങ്ങൾ നീക്കിയപ്പോൾ അതിന്റെ പണി ഭരണത്തുടർച്ചക്കാർക്ക് കിട്ടി . ജനങ്ങളെ നല്ലപോലെ സേവിച്ചവരും കോമ്പ്രമൈസ് ഇല്ലാതെ പണിയെടുത്തവർക്കും ഭൂരിപക്ഷം കൂടിയപ്പോൾ പലരുടെയും പിടിവാശികൾ എതിരാളികൾക്ക് കാര്യങ്ങൾ ഈസിയാക്കി .

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പൈലറ്റ് എന്നോണം നടത്തുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംഭവിക്കുന്ന വിഭാഗീയത താഴെ തട്ടിൽ നിലനിൽക്കുമ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ പലതരത്തിലുള്ള പകരം വീട്ടലുകൾ ആവർത്തിക്കാം .

കൂടാതെ കേഡർ പാർട്ടിയോട് അങ്ങേയറ്റം കൂറുള്ളവർ മാത്രം ക്യാംപയിൻ കയ്യാളുമ്പോൾ ഭരണ തുടർച്ചക്കാർ ക്യാംപയിൻ ഏൽപ്പിക്കുന്നത് ജീവിതത്തിൽ ഇന്നുവരെ പാർട്ടിയെ സഹായിക്കാത്ത രാവിലെ കാവിയും വൈകീട്ട് ചുമപ്പും വേഷം ധരിക്കുന്നവരെയാണ് . അവർ ചോറ് ഇപ്പുറത്തും കൂറ് അപ്പുറത്തും കാണിച്ചെങ്കിൽ അതിലും അത്ഭുതമില്ല . തുടര്ഭരണത്തിനു വേണ്ടി എഴുതി എഴുതി ജീവിക്കുന്ന ആത്മാർത്ഥതയുള്ള ക്യാംപയിൻ കമ്പനികൾ എന്നും പടിക്കു പുറത്ത് തന്നെ.

പോത്തിറച്ചിയും കള്ളും ചിലയിടങ്ങളിൽ കാര്യങ്ങൾ തീരുമാനിച്ചപ്പോൾ ചില ന്യുന പക്ഷങ്ങളുടെ നിലപാടുകൾ ഭൂരിപക്ഷത്തിന് മാറ്റി ചിന്തിക്കുവാൻ ഇട നൽകി . സോഷ്യൽ മീഡിയയിൽ ചില ന്യുനപക്ഷ തീവ്ര പാർട്ടികളുടെ അണികൾ ഇടുന്ന പോസ്റ്റുകൾ ഭൂരിപക്ഷ വർഗീയ കക്ഷികൾക്ക് കാര്യങ്ങൾ സുതാര്യമാക്കി . ആകെ മൊത്തം ചിന്തിച്ചു നോക്കിയാൽ പണിയെടുത്തവരും ബുദ്ധി പ്രയോഗിച്ചവരും പ്രതികരിച്ചവരും നിലപാടുകളിൽ ഉറച്ച് നിന്നവരും നിയമസഭ കാണുവാനിടയായി .മറ്റുള്ളവർക്ക് അടുത്ത അഞ്ച് കൊല്ലം കൂടി ടിവി ചാനലുകളിൽ വന്നിരുന്ന് വീമ്പു പറച്ചിൽ തുടരാം . മുല്ലപ്പെരിയാർ വിഷയവും അതിരപ്പിള്ളി വിഷയവും ചുമ്മാ ഒന്നു ഇട്ട് നോക്കി നമ്മുടെ പുത്യാപ്ള , പക്ഷെ എല്ലാറ്റിനും പ്രതികരിച്ചിരുന്ന കൊച്ചിക്കാരൻ സംവിധായകൻ ഒഴികെ എല്ലാവരും പ്രതികരിച്ചു , അപ്പോഴേക്കും നമ്മുടെ ജയരാജേട്ടൻ മമ്മാലിക്ക വിഷയം മലയാളി മനസ്സുകളിൽ അടിച്ചേൽപ്പിച്ചു .

പെരുമ്പാവൂരിലെ ക്വട്ടേഷൻ സംഘത്തെ പാഷാണം ഷാജി സന്ധ്യയോടെ പിടിച്ചെങ്കിലും ഇക്കാര്യം കൊല നടന്ന അതേ ആഴചയിൽ ഭായി എന്ന പേരിൽ കേരള ജനത അറിഞ്ഞതാണ് , അന്നത്തെ ചെരുപ്പും ഇപ്പോഴത്തെ ചെരുപ്പും ഭായിയുടേത് തന്നെ , ഇനി ആര് എന്തിന് ഇതൊക്കെ ചെയ്യിപ്പിച്ചു എന്നറിഞ്ഞാൽ മതി , അതും ആ അമ്മക്കും ചേച്ചിക്കും അറിയാം .

ഇപ്പോൾ കിട്ടിയത് , മയക്കുമരുന്നിനെതിരെ നമ്മുടെ മൂന്നാറിലെ പൂച്ചകളിലെ കണ്ടൻ പൂച്ചയും മുഖ്യനും കൂടി പ്രചാരണം അഴിച്ചു വിടുകയാണ് , ഇക്കാര്യത്തിൽ കൊച്ചിയിലെ സംവിധായകർക്ക് വല്ലതും പ്രതികരിക്കുവാൻ ഉണ്ടോ ആവോ , എന്തായാലും പ്രതികരണ ശേഷിയുള്ള നമ്മുടെ നേതാവിന്റെ ഫേസ് ബുക്ക് അക്കൌണ്ട് ഏതോ ഛിദ്ര ശക്തികൾ അടച്ചു പൂട്ടിയെന്നു കേട്ടു .

ദൈവമേ ഞങ്ങളുടെ അകൗണ്ടുകളും അടച്ചു പൂട്ടാതിരിക്കുവാൻ പറശ്ശിനിക്കടവ് മുത്തപ്പന്മാരോട് പ്രാർത്ഥിച്ചു കൊണ്ട് ബിജു രമേശിന്റെ വീട്ടിലെ കല്ല്യാണ നിശ്ചയ പന്തലിൽനിന്നും

ദാസനും വിജയനും

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+