follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

വിജിലൻസും കോൺഗ്രസ്സും ഡേറ്റ് ഓവർ നേതാക്കളും !

ദാസനും വിജയനും » Posted : 27/09/2016

കൂട്ടിലിട്ട തത്തയായ വിജിലൻസ് ഇപ്പോൾ കൂട്ടം തെറ്റിയ കഴുകനായി മാറുമ്പോൾ ശാപം കോൺഗ്രസ്സിന് മാത്രം . പാർട്ടിയുടെ പിരിവിന്‍റെ നേതാക്കന്മാരെ അക്കമിട്ട് നിരത്തി റാഞ്ചുമ്പോൾ ലക്ഷ്യം അടുത്ത തിരഞ്ഞെടുപ്പ് തന്നെ .

അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് പേരുകേട്ട നമ്മുടെ കൊച്ചുകേരളത്തിൽ ഇനിയും അട്ടിമറികൾ പ്രതീക്ഷിക്കാം ! 2004 കഴിഞ്ഞു നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അമ്പേ പരാജയപ്പെട്ട് മുന്നോട്ട് നീങ്ങിയിരുന്നു സിപിഎമ്മും കേരളത്തിൽ അക്കൗണ്ട് തുറക്കുവാൻ കയ്യും കാലും ഇട്ടടിച്ചു പരാജയപ്പെട്ട ബിജെപിയും ഇപ്പോൾ അഡ്ജസ്റ്റ്മെന്റ് !കുഞ്ഞാലിക്കുട്ടിയുടെ ലീഗും കരുണാകരന്‍റെ കോൺഗ്രസ്സുമാണ് ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കൾ . ഒരു കാലത്ത് യുപിയും ബീഹാറും മധ്യപ്രദേശും ഗുജറാത്തും എല്ലാം നല്ലപോലെ ഭരിച്ചുപോന്നത് കോൺഗ്രസ്സായിരുന്നു .

അന്നൊന്നും മേമ്പോടിക്കു പോലും പ്രതിപക്ഷമൊന്നും ഇല്ലാതെ വിലസിയിരുന്ന നേതാക്കളായിരുന്നു തിവാരിയും മറ്റും . പക്ഷെ ആ സംസ്ഥാനത്തിലൊക്കെ കോൺഗ്രസ്സിന് മേമ്പോടിക്ക് അണികൾ ഇല്ലാതായിരിക്കുന്ന അവസ്ഥ നമുക്കു കാണാം . എല്ലാം ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിച്ചു കളിച്ചു ഇത്രേം വലിയൊരു പ്രസ്ഥാനത്തെ അവർ സ്വയം കുഴിച്ചു മൂടുകയായിരുന്നു .

എല്ലാറ്റിനും ഒരു അതിരുണ്ട് . അത് കാണാതെ സ്വന്തം താത്‌പര്യങ്ങൾക്കായി എല്ലാവരും ചേർന്ന് പാരമ്പര്യത്തെ ഇല്ലാതാക്കി . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുടർഭരണം വരെ ഉറപ്പാക്കുകയും അവസാന നിമിഷം വരെ പോരാടുകയും അവസാന റൗണ്ടിൽ സെൽഫ് ഗോളുകൾ അടിച്ചു കൊണ്ട് സ്വയം തോൽവികൾ ഏറ്റു വാങ്ങുകയും ചെയ്തപ്പോൾ നഷ്ടമായത് ആതമവിശ്വാസമായിരുന്നു .

എന്നും പോസ്റ്റർ ഒട്ടിക്കുവാനും , മൈക്കിൽ അലമുറയിടുവാനും , സോഷ്യൽ മീഡിയയിൽ പൊരുതുവാനും കുറെ പാവങ്ങളുണ്ട് . അവർ ഉറക്കമിളച്ചതും , വാചകം അടിച്ചതും , മൈദാ കുറുക്കിയതും , ചുമരെഴുതിയതും എല്ലാം വൃഥാവിലാക്കുന്ന അഡ്ജസ്റ്മെന്റ്സ് . അപ്പോൾ പിന്നെ അഞ്ച് കൊല്ലം കൂടുമ്പോൾ എന്തിനീ തിരഞ്ഞെടുപ്പ് മാമാങ്കം ? എന്തിനീ കൊലപാതകങ്ങൾ ? എന്തിനീ നാടകം ? - ഇവരെല്ലാം വട്ടമിട്ട് ഇരുന്ന് നറുക്കെടുപ്പ് നടത്തിയും ടോസ്സ് ഇട്ടും ചായകുടിച്ചും പരിപ്പുവട കഴിച്ചും തിരഞ്ഞെടുത്താൽ പോരേ ?

പിണറായിയുടെ കുശാഗ്ര ബുദ്ധിയും കോടിയേരിയുടെ ഡീലുകളും അച്യുതാന്ദന്‍റെ ഫേസ്‌ബുക്കും കൂടി യുഡിഎഫിനെ കറക്കി . അണികളിലെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന കളികൾ സുധീരനും ഉമ്മൻ ചാണ്ടിയും കളിച്ചപ്പോൾ കുറെ സീറ്റുകൾ നഷ്ടമായി . ഭാവി മുഖ്യന്‍റെ കസേര ലക്ഷ്യമിട്ട് ചെന്നിത്തല ഡീലുകൾ നടത്തിയപ്പോൾ തെക്ക് ജില്ലകൾ ഒന്നടങ്കം തകർന്നു തരിപ്പണമായി .

ഇപ്പറഞ്ഞ വിജിലൻസും ആഭ്യന്തരവും ഒക്കെ കയ്യിൽ ഉണ്ടായിട്ടും സ്വന്തം പാർട്ടിക്ക് ഗുണമൊന്നും ആരും ചെയ്തു കണ്ടില്ല . എളമരവും വിജിലൻസ് കേസുകളും ടി പി കേസിലെ ഉന്നതന്മാരും യു ഡി എഫുകാരാൽ രക്ഷപ്പെട്ടപ്പോൾ അണികൾ വിറച്ചു . എന്നിട്ടിപ്പോൾ കുറെ വളിച്ച സമരങ്ങളും സത്യാഗ്രഹങ്ങളും പിക്കറ്റിംഗുകളും ഒക്കെ ആയി ഇറങ്ങിയിരിക്കുന്നു മഹാന്മാർ .

പാർട്ടിക്ക് ഓരോ ജില്ലയിലും ഫണ്ട് മാനേജ്‌മെന്റിലും , അണികളെ പിടിച്ചു നിർത്തുന്നതിലും വിജയിച്ച നേതാക്കൾ കുടുങ്ങുന്നു . കൊച്ചിയിൽ ബാബുവും തലസ്ഥാനത്ത് ശിവകുമാറും ഇതുപോലെ പകപോക്കൽ രാഷ്ട്രീയത്തിൽ വിജിലൻസ് നോട്ടമിട്ടിരിക്കുന്നു . ജനകീയതയുള്ളവരെ കണ്ടെത്തി ചെറുപ്പക്കാരെ കണ്ടെത്തി അവരിൽ പെണ്ണുകേസുകളും അഴിമതിയും മുദ്രകുത്തുക മാത്രം .

സന്ദേശം സിനിമയിലെ ശങ്കരാടിയുടെ വാക്കുകളെ കടം കൊണ്ട് ഇക്കളികൾ കളിക്കുന്നതെന്നു തോന്നിപ്പോകുന്നു. ആയതിനാൽ ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയ കളികൾ അവസാനിപ്പിച്ചു മുന്നോട്ട് നീങ്ങിയാൽ കുറച്ച് രക്ഷയുണ്ട് .

അല്ലാതെ ബിജു രമേശിന്‍റെ മകളുടെ കല്യാണത്തിന് പോയതുപോലത്തെ കളികൾ കളിച്ചാൽ യുപിയും ബീഹാറും ആവർത്തിക്കും . അതുപോലെ എല്ലാം അനുഭവിച്ചിട്ടും അവസാന നാളുകളിലെ മെത്രാൻ കായലും സന്തോഷ് മാധവന്‍റെ ഭൂമിയും അനുവദിച്ചാൽ ബാക്കിയുള്ള അണികളെ കൂടെ നഷ്ടപ്പടുത്തും എന്ന് ചെറിയ വായയിൽ ഉപദേശിച്ചു കൊണ്ട്,

പോസ്റ്റർ ഒട്ടിക്കുന്ന ദാസനും മൈക്ക് അനൗൺസർ വിജയനും

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+