follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

സിദ്ധിഖിനും ലിജുവിനും വിഷ്ണുനാഥിനും തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് തിരിച്ചുവരുവാൻ നല്ല നേരം

ചിറ്റപ്പാ ആ ജോലി എനിക്ക് വെച്ചേക്ക് @ അളിയന് ഒരു ഫ്രീ വിസയും വേണം ! ഇല്ലെങ്കിൽ വീട്ടിലോട്ട് വരണ്ട - ഇതാണ് കേരളം കിടു കിടാ വിറപ്പിക്കുന്ന ഇരട്ടചങ്കന്മാരുടെ സ്വന്തം വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ- കലികാലം !

ദാസനും വിജയനും » Posted : 09/10/2016

പ്രിയപ്പെട്ട സാഹിബിന്,

" ഈ കത്തുമായി വരുന്ന കുട്ടി എന്‍റെ മകൾ മാലതിയാണ് . അവൾക്ക് രണ്ട് വോയിൽ സാരി കൊടുക്കുക . അൽപ്പം ബുദ്ധിമുട്ടിലാണ്, അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നും കടം തീർത്തുകൊള്ളാം."

- സഖാവ് ഇ.എം.എസ്
ഇങ്ങനെയും ഒരു കാലഘട്ടം കേരളത്തിൽ ഉണ്ടായിരുന്നു എന്നത് നഗ്ന സത്യമായി തുടരുമ്പോള്‍ ഇപ്പോഴോ ? 1996 ഭരണമാണ് ഇക്കളികൾക്ക് എല്ലാവർക്കും ധൈര്യം കിട്ടി തുടങ്ങിയത്. അതും കണ്ണൂരിലെ ലോബിയിൽനിന്നും .

മഞ്ചേശ്വരത്ത് 89 വോട്ടുകൾക്ക് താളം തെറ്റിയ ഹിന്ദി വിദ്വാൻ സുരേന്ദ്രൻ ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു , ""ഇത്രയും കുടുംബക്കാർക്ക് ജോലി കൊടുക്കുവാൻ വ്യഗ്രത കൂട്ടുമ്പോൾ ആ കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബങ്ങളെയും അക്കൂട്ടത്തിൽ പരിഗണിക്കാമായിരുന്നു . "" ശരിക്കും സുരേന്ദ്രനോട് രാഷ്ട്രീയമായി ബഹുമാനം തോന്നിയ ഒരു പോസ്റ്റായിരുന്നു അത് .

ഇങ്ങനെ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ സുരേന്ദ്രനും ഒരു ഭാവിയുണ്ട് . ഇത്രയും നല്ല ഒരു വടി കൈയിൽ കിട്ടിയിട്ട് ചെന്നിത്തലയും സുധീരനും ഉമ്മൻചാണ്ടിയും സടകുടഞ്ഞു എണീറ്റിട്ടില്ല . അവരിപ്പോഴും അടുത്ത മുഖ്യമന്ത്രിയുടെ കസേരയും ഒന്നാം നമ്പർ കാറും സ്വപ്നം കണ്ടുകൊണ്ടിരിക്കുകയായിരിക്കാം .

ഇതുപോലെ ഒരെണ്ണം കിട്ടിയിരുന്നെകിൽ വിഎസും കോടിയേരിയും പിണറായിയുമൊക്കെ എത്രയോ ചെറുപ്പക്കാർക്ക് അടി വാങ്ങിച്ചു കൊടുത്തിട്ടുണ്ടായിരിക്കും . അല്ലെങ്കിൽ സ്വരാജിന്റെ വക ഷംസീറിന്റെ വക ചാനലുകളിൽ തീ പാറിയേനെ .

ഇവിടെ ഇപ്പോൾ ബലരാമനും ഹൈബിയും ഷാഫിയും ഒക്കെ നിരാഹാരത്തിൽ നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചുപിടിക്കുകയാണ് . സിദ്ധിഖിനും ലിജുവിനും വിഷ്ണുനാഥിനും തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് തിരിച്ചുവരുവാൻ നല്ല നേരം .

എന്നിട്ടും സോഷ്യൽ മീഡിയയിലെ പാവപ്പെട്ട ട്രോളർമാരെ ഉള്ളൂ എന്തെങ്കിലുമൊക്കെ പറയുവാനും പ്രതികരിക്കുവാനും . ചാനലുകാർക്ക് കോടതിയിൽ നിന്നും കിട്ടിയ അടിക്ക് വേണമെങ്കിൽ ഒരു മധുര പ്രതികാരം തീർക്കുവാൻ ഒരുനല്ല സ്‌കൂപ്പ് .

പക്ഷെ എന്തിന് വെറുതെ മുഖ്യനെ ചുമ്മാ പിണക്കുന്നു . അടുത്ത തിരഞ്ഞെടുപ്പിലെങ്ങാനും ഒരു സീറ്റ് ഒത്തു കിട്ടിയാലോ ? വീണയെപ്പോലെ നിയമസഭയിൽ കറങ്ങി നടക്കാമല്ലോ ? അല്ലെങ്കിൽ എന്തിന് ഇനി ഒരു നല്ല മുഖ്യനെ ചുമ്മാ പിണക്കുന്നു .

ആഷിഖ് അബുവിനേയും , പോരാളികളെയും മഷിയിട്ട് നോക്കിയിട്ടു വരെ എവിടെയും കാണ്മാനില്ല . പേടിച്ചിട്ടായിരിക്കാം ! ശ്രീനിവാസൻ പറഞ്ഞതുപോലെ തന്നെ എല്ലാം സംഭവിക്കുന്നു. പാവപ്പെട്ടവർ മരിക്കുന്നു , തല്ലുകൊള്ളുന്നു, വെട്ടേൽക്കുന്നു .

നേതാക്കന്മാരുടെ മക്കൾ ഗള്‍ഫിലെ പ്രവാസി വ്യവസായിയുടെ സീ ഇ ഓ ആയും , അബുദാബി നാഷണൽ ബാങ്കിലെ സുരക്ഷിത ജോലിയായും വിലസുന്നു . കഴിഞ്ഞ കുറെ വർഷങ്ങളായി തോൽവി മാത്രം കണ്ടിരുന്ന സിപിഎമ്മിന് ജനങ്ങൾ തിരിച്ചു കൊടുത്ത നല്ല അവസരമായിരുന്നു .

ഇതുവരെയില്ലാത്ത ഒരു അഹങ്കാരമായിരുന്നു നേതാക്കന്മാർക്കും അണികൾക്കും കേരളത്തിൽ ആകമാനം കണ്ടുപോന്നത് . ഇതിനു മുന്പ് 1987 ൽ ജയിച്ചപ്പോൾ ആയിരുന്നു ഇടതന്മാക്ക് ഇതുപോലെ ജാഡയും അഹങ്കാരവും ഉണ്ടായിരുന്നത് . അന്ന് എം വി രാഘവൻ പോയിട്ടും വേറെ അധികം സപ്പോർട്ട് ഇല്ലാതിരുന്നിട്ടും ഭരണം കിട്ടിയപ്പോൾ ഉണ്ടായ ഒരു അഹങ്കാരം .

അതിനു ശേഷം നടന്ന ജില്ലാകൗൺസിലിൽ കേരളം മൊത്തം തുത്തുവാരിയപ്പോൾ നാലുകൊല്ലം കൊണ്ട് ഭരണം പിരിച്ചുവിട്ടു . അതൊരു ചരിത്രപരമായ മണ്ടത്തരം ആയെന്ന് തിരിച്ചറിയുവാൻ മറ്റൊരു പത്തുകൊല്ലം കൂടി എടുക്കേണ്ടി വന്നു .

അഴിമതി എന്നാൽ കാശ് അടിച്ചു മാറ്റൽ മാത്രമല്ല , കോഴ വാങ്ങൽ മാത്രമല്ല , കൈക്കൂലി ഒപ്പിക്കുന്നത് മാത്രമല്ല , പിന്നെ സ്വജന പക്ഷപാതവും , ബന്ധുക്കളുടെ ജോലിയും , ഭാര്യയുടെ അനിയത്തിക്ക് കോർപ്പറേഷൻ സ്ഥാനവും എല്ലാം ഒന്നു തന്നെ .

സരിതക്കും പാവപ്പെട്ട ബിജു രമേശിനും ചാനലിൽ വന്നിരുന്ന് കൂക്കി വിളിക്കുന്ന കുറെ പേർക്കും ജോലി കൊടുക്കണം . എങ്കിലേ കേരളത്തിന്‍റെ ജോലി സമവാക്യങ്ങൾ ശരിയായി എന്ന് നമുക്കും തോന്നൂ . കാരണം എല്ലാം അവർ ശരിയാക്കണ്ടേ ?

ഇനിയിപ്പോൾ മരിച്ചുപോയ മുഹമ്മദാലിക്കയുടെ വീട്ടുകാർക്കും ജയരാജേട്ടൻ ജോലികൊടുക്കുമന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് ,

എകെജി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ജോലിക്കായുള്ള ക്യൂവിൽ നിന്നും

ഇരട്ട ചങ്കില്ലാത്ത വിജയനും , മന്ത്രിയുടെ വീട്ടിലെ അടുക്കളക്കാരിയുടെ മകൻ ദാസനും

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+