follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

പാടത്ത് പണിയുമ്പോൾ വരമ്പത്ത് കൂലി..ജയന്തന്മാര്‍ ജാഗ്രതൈ ..!!

ദാസനും വിജയനും » Posted : 04/11/2016

പാടത്ത് പണിയുമ്പോൾ വരമ്പത്ത് കൂലി കിട്ടുമെന്നത് ഒരു അറം പറ്റിയ വാക്കായാൽ അത്ഭുതമില്ല.
എന്നും ഇതുപോലത്തെ വാക്കുകളും ചരിത്രപരമായ മണ്ടത്തരങ്ങളും വീണുകിട്ടിയ പാർട്ടിയാണ് സിപിഎം.
തീയിൽ കുരുത്തതാണെന്ന് പറഞ്ഞുകൊണ്ട് വെയിലത്ത് വാടില്ലെന്ന മിഥ്യ ധാരണ എന്നും ഇവർക്കുണ്ട്.

ഇനി എല്ലാം അറിഞ്ഞിട്ടുണ്ടാക്കുന്ന മണ്ടത്തരങ്ങളാണോ എന്നും നമുക്കിപ്പോൾ പറയുവാനാകില്ല. കാരണം
ഒരു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തന്നെ ജാതിസമവാക്യങ്ങളും ബൂത്ത് തിരിച്ചുള്ള വോട്ടർമാരെ കാണുന്നതും
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒന്ന് ഒന്നര വര്‍ഷം കുത്തിപ്പിടിച്ച് ഇരുന്ന് കണക്കുകൾ കൂട്ടിയും കിഴിച്ചും വിലയിരുത്തുന്നവർ ആര് ആർക്കൊക്കെ വോട്ട് ചെയ്തുവെന്ന് ഇക്കാലയളവിൽ മനസ്സിലാക്കി പ്രവൃത്തിക്കുന്ന പാർട്ടിയുടെ അമരക്കാർ.

അപ്പോൾ പിന്നെ ജയന്തൻ അത് ചെയ്തുകാണുമോ ? പുള്ളിക്കാരനും ഭാര്യയും കുട്ടികളും അമ്മയും അച്ഛനും ഒക്കെയുണ്ട്, എന്നാണ് ജയന്തൻ സഖാവ് പറയുന്നത്. കൂടാതെ കടം വാങ്ങിയ കാശ് തിരിച്ച് ചോദിച്ചപ്പോൾ പണി കിട്ടിയതാണെന്നും.

ശരി നമ്മൾ എല്ലാം വിശ്വസിച്ചു . എങ്ങനെ ഇങ്ങനെയൊക്കെ സംഭവിച്ചു? എന്തുകൊണ്ട് ഇങ്ങനയൊക്കെ സംഭവിച്ചു? ഉത്തരം കിട്ടാതെ നമ്മൾ അലയുമ്പോൾ ഭാഗ്യലക്ഷ്മി കാണിച്ച ധൈര്യം, അതും ഇരട്ടചങ്കമാരുള്ള ഈ നാട്ടു ഭരണത്തിൽ.എന്തായാലും തീയില്ലാതെ പുകയുണ്ടാകില്ലല്ലോ, ഇപ്പോൾ കാശ് കടം വാങ്ങിച്ചത് തിരിച്ചു ചോദിച്ചപ്പോൾ സംഭവിച്ചാണെങ്കിലും. കനകം മൂലം കാമിനി മൂലം തന്നെയാണ് ഇവിടെ എല്ലാ ഭരണകൂടങ്ങളും തകർന്നടിഞ്ഞിട്ടുള്ളതും അടിയുവാൻ പോകുന്നതും.

ജയരാജേട്ടന്റെ അധികാര ദുർവിനിയോഗങ്ങൾ ആ പാവം മനുഷ്യന്റെ മാനവും ധൈര്യവും ഹുങ്കും എല്ലാം പോയി. ഇനിയിപ്പോൾ കണ്ണൂരിലെ എയർപോർട്ടിൽ എത്രപേരെയാണ് തിരുകികയറ്റിയിരിക്കുന്നത് എന്നും കണ്ടറിഞ്ഞാൽ ഞെട്ടിപ്പോകും.

കൂടാതെ ഇപ്പോൾ വിജിലൻസ് ക്ലിയറൻസ് കിട്ടുവാൻ പോകുന്നതും തട്ടിപ്പ് മാർഗത്തിലൂടെ തന്നെ. ജോലിക്ക് കയറിയവർ ഒന്നും ശമ്പളം വാങ്ങിയിട്ടില്ല എന്ന ഒറ്റക്കാരണത്താൽ അഡ്വേക്കേറ്റ് ജനറൽ കൊടുത്ത ഉപദേശമാണ് കൂട്ടിലിട്ട തത്ത സൂക്ഷിച്ചിരിക്കുന്നത്.

ഇനി കുറച്ച് പിന്നോട്ട് കണ്ണോടിക്കാം:

വർഗീയ പാർട്ടികളായ ലീഗും കേരള കോൺഗ്രസ്സും വേണ്ട എന്ന് പറഞ്ഞു 1987 ഭരണം പിടിച്ചു. തൊട്ടുപിന്നാലെ ജോസഫിനെ പനിനീരിൽ മുക്കി മുന്നണിയിലെടുത്തു. വർഗീയത ഇല്ലെന്നും പറഞ്ഞു ഗൗരിയമ്മയുടെ പേരിൽ പ്രചാരണം. ഭരണം കയ്യിൽ വന്നപ്പോൾ സവർണ്ണനായ നായനാർ മുഖ്യമന്ത്രി.

ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ആവിക്ഷ്കാര സ്വാതന്ത്ര്യം ആണെന്നും പറഞ്ഞു സമരം ചെയ്ത ഡിവൈഎഫ്ഐ ക്കാർ ഭരണം കിട്ടിയപ്പോൾ എല്ലാം മറന്നു കൊണ്ട് നാടകം നിരോധിക്കുവാൻ മുന്നിൽ നിന്നു.
പ്ലസ് ടു /നവോദയ /പോളിടെക്‌നിക് /സ്വാശ്രയ കോളേജ് എന്നിവക്കെതിരെ കേരളം മുഴുവൻ കത്തിച്ചുകൊണ്ട് സമരം നയിക്കുകയും ഭരണം കയ്യിൽ കിട്ടിയപ്പോൾ പേരുകൾ മാറ്റി എല്ലാം തുടങ്ങിവെച്ചു. കംപ്യുട്ടർ സമരത്തെ കുറിച്ച് പറയുന്നില്ല, കുറെ പറഞ്ഞതാണ് .

പിന്നെ നെടുമ്പാശ്ശേരി എയർപോർട്ട് സമരം. അതും നമ്മൾ കുറെ പറഞ്ഞു പറഞ്ഞു മടുത്ത കാര്യങ്ങൾ തന്നെയാണ്, പറയാതെ വയ്യ.

സൂര്യനെല്ലിയിലെ പെണ്ണിന്റെയും ഐസ്ക്രീമിലെ പെണ്ണിന്റെയും കണ്ണീരിൽ അധികാരം കയ്യടക്കുകയും പിന്നീട് അതേ നേതാക്കന്മാർ സ്വന്തം പാർട്ടിയിലെ പെണ്ണുങ്ങളെ പീഡിപ്പിക്കുകയും ഒളിക്യാമറ വെക്കുകയും ചെയ്തതും മക്കൾ മക്കാവുവിൽ പോയതും നമ്മൾ കണ്ടു.

കോൺഗ്രസ്സിലെയും ലീഗിലെയും ഗ്രൂപ്പുകളെ കുറിച്ച് ആധികാരികമായി സംസാരിക്കുകയും കളിയാക്കുകയും ചെയ്തുപോന്ന നേതാക്കന്മാർ കേരളം കണ്ട ഏറ്റവും വലിയ ഗ്രൂപ്പുകളികളുടെയും വിഭാഗീയതയുടെയും ബക്കറ്റിലെ വെള്ളത്തിന്റെയും കൈപ്പിടിയിൽ അകപ്പെട്ടതും കണ്ടു.

അഴിമതിയെക്കുറിച്ച് വാതോരാതെ കവലപ്രസംഗം ചെയ്തവർ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയിൽ കുടുങ്ങുകയും അതിൽ നിന്നും രക്ഷപ്പെടുവാൻ ഏതറ്റം വരെയും കൈക്കൂലി കൊടുത്ത് കേസുകൾ ഒതുക്കുന്നതായും നമ്മൾ കണ്ടു .

ആയതിനാൽ സരിതയെ പോലെ ഒരു പെണ്ണിന്റെ വാക്കുകൾ കേട്ട് കുറെ നല്ല മനസ്സുകളെ വിഷമവൃത്തത്തിൽ ആക്കുകയും, പിന്നീട് ഭരണം വരെ മാറ്റുവാൻ അതൊക്കെ ഉപയോഗിക്കുകയും ചെയ്തപ്പോൾ ഇത്രേം പെട്ടെന്ന് ഇങ്ങനെയൊക്കെ തിരിച്ചടികൾ നേരിടുമെന്ന് ആരും തന്നെ കരുതിയിട്ടില്ല. പെരുമ്പാവൂരിലെ ജിഷയെ ഇപ്പോൾ ആർക്കും വേണ്ട , സൗമ്യയെ ആർക്കും വേണ്ട , എല്ലാവരും ജയിച്ചല്ലോ?

വടക്കാഞ്ചേരിയിലെ ആ പെണ്ണ് വേശ്യയെന്നാണ് ഇപ്പോൾ സഖാക്കന്മാർ പാടി നടക്കുന്നത്. ഭാഗ്യലക്ഷ്മിയും സൂക്ഷിച്ചു നടന്നോളിൻ, നിങ്ങൾ കളിച്ചിരിക്കുന്നത് തെറ്റുകൾ ഒന്നും ചെയ്യാത്ത ചെയ്യുവാൻ അറിയാത്ത കുറെ നല്ല സഖാക്കന്മാരുടെ പേരുകൾ വെച്ചാണ് .

ഗുണ്ടായിസം അറിയാത്ത , പെൺ പീഡനങ്ങൾ അറിയാത്ത , ആശ്രിതർക്ക് ജോലി കൊടുക്കാത്ത ഇവരെ നിങ്ങൾ ചുമ്മാ ക്രൂശിക്കരുത്.

ക്രൂശിച്ചാൽ ഉടൻ അതിനുള്ള മറുപടി കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട്
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗുണ്ടകളായ ദാസനും വിജയനും


:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+