follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST

മമ്മുക്കയും ഈ ഞാനും, അന്തവും കുന്തവുമില്ലാത്ത ചോദ്യങ്ങള്‍ - ഒരു അപസര്‍പ്പക കഥ ഇങ്ങനെ ..!

ദാസനും വിജയനും » Posted : 10/11/2016

നീനാ വ്യാസ് എന്നൊരു പത്രപ്രവര്‍ത്തക ഉണ്ടായിരുന്നു- ദല്‍ഹിയില്‍ ഹിന്ദു ദിനപത്രത്തില്‍. പ്രായം ചെന്ന സ്ത്രീ. പുക വലിച്ചു നില്‍ക്കുന്ന അവരുടെ അലസമുഖമുണ്ട്, ഇപ്പോഴും ഓര്‍മയില്‍.

ബാബ്രി മസ്ജിദ് തകര്‍ക്കാന്‍ കര്‍സേവകര്‍ തെരുവില്‍ ഇറങ്ങിയ നാളുകള്‍. അദ്വാനിയുടെ രഥയാത്ര ഭീതി നിറച്ച സമയം. അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്ത് വന്‍ മാധ്യമപ്പടക്കു മുമ്പില്‍ അദ്വാനി പത്രസമ്മേളനം തുടങ്ങി.വിശ്വാസത്തിന്‍െറ പ്രശ്നം വരുമ്പോള്‍ എല്ലാനിയമവും റദ്ദാക്കപ്പെടുമെന്ന രീതിയില്‍ പരാമര്‍ശം നടത്തിയ അദ്വാനിയുടെ മുഖത്തു നോക്കി ഒട്ടും കൂസാതെ ആ മാധ്യമ പ്രവര്‍ത്തക ചോദിച്ചു: ‘പിന്നെ നിങ്ങളും ഭിന്ദ്രന്‍വാലയും തമ്മില്‍ എന്തുണ്ട് വ്യത്യാസം?’

ചോദ്യം കുറിക്കു കൊണ്ടു. അദ്വാനി വിരണ്ടു. പിന്നെ എന്തൊക്കെയോ പറഞ്ഞു. ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും കരഘോഷത്തിലൂടെ അദ്വാനിക്ക് അന്ന് പിന്തുയും അര്‍പ്പിച്ചു. ഇത് ചരിത്രം.

ആ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് ഞാന്‍ നീനാ വ്യാസിനെ ആദ്യമായി കാണുന്നത്. പിന്നീട് ഞങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമായി. ഐ.എന്‍.എസ് ബില്‍ഡിങ്ങിന്‍െറ ഒന്നാം നിലയില്‍ ചൂണ്ടില്‍ സിഗരറ്റുമായി അവര്‍ എപ്പോഴും പുകഞ്ഞു തന്നെ നിന്നു.

എത്രയോ വര്‍ഷങ്ങള്‍ . അവര്‍ പിന്നെയും ബി.ജെ.പിയുടെ ബീറ്റ് ചെയ്തു. അസുഖകരമായ ചോദ്യങ്ങളായിരുന്നു എന്നും അവര്‍ക്കൊപ്പം. ഒരു കാര്യം ഉറപ്പ്- മൂടുതാങ്ങികളായ മാധ്യമ പ്രവര്‍ത്തകരേക്കാള്‍ ബി.ജെ.പി നേതാക്കള്‍ എന്നും നീനാ വ്യാസ് എന്ന ആ എതിരിടല്‍ വീര്യത്തെ ആദരിച്ചു പോന്നു, ഉള്ളില്‍ പേടിയോടെ.

എന്താ, ഇതൊക്കെ ഇവിടെ പറയാന്‍ എന്നാകും. സത്യം പറഞ്ഞാല്‍ എന്‍െറ ഉള്ളിലും ആ ചോദ്യം ഉയരുന്നുണ്ട്. ചുറ്റും നോക്കി ഫാന്‍സുകാര്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയാണ് ഈ കുറിപ്പ്.

കഷ്ടകാലത്തിന് മമ്മുട്ടിയെന്ന എന്‍െറ പ്രിയപ്പെട്ട നടനോട് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒറ്റ ചോദ്യം ചോദിച്ചുപോയി. പുള്ളി ആദ്യം അത് നന്നായി ഡീല്‍ ചെയ്തു. ബെസ്റ്റ് മമ്മുക്ക, ബെസ്റ്റ് എന്ന് ഫാന്‍സിനൊപ്പം ഞാനും ഉളളില്‍ പറഞ്ഞു.

അല്ലേല്‍, ഇതിലും തീവ്രമായ തീക്ഷ്ണനേരങ്ങളില്‍ ഒന്നും പുറത്തു കാണിക്കാതെ മമ്മുക്കയിലൂടെ പകര്‍ന്നാടിയ എത്രയോ കരുത്തരായ കഥാപാത്രങ്ങള്‍ ഓരോന്നായി എന്‍െറ ഉള്ളില്‍ നിറഞ്ഞു. ഫാന്‍സിനൊപ്പം ഞാനും ഉറക്കെ കരഘോഷം മുഴക്കി. എന്നിലെ ‘പൊതുബോധം’ അഹന്തക്കിട്ടുള്ളതായിരുന്നു ആ കൈയടി.
അതോടെ തീരേണ്ടതായിരുന്നു ആ കൈ്ളമാക്സ്.

‘ബാലിശ’വും ‘അപക്വ’വുമായ ആ ചോദ്യത്തിന്‍െറ മുനയില്‍ പുള്ളി തന്നെ ജയിച്ചിരിക്കുന്നു.
പിന്നീടാണറിഞ്ഞത്, കമ്പനി കളി കാണാന്‍ പോകുന്നേയുള്ളൂവെന്ന്.

ഉപഗ്രഹങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പലരും അര്‍മാദിച്ചു. കിട്ടിയ ചാന്‍സിന് ‘അല്ലേലും പുള്ളി എന്നും അങ്ങനെയാ. അന്തവും കുന്തവുമില്ലാത്ത ചോദ്യങ്ങള്‍’ എന്ന് മമ്മുക്കക്ക് ചുറ്റും കോറസ് പാടി പിന്തുണ അരക്കിട്ടുറപ്പിഞ്ഞു.ശ്ശൊ. മമ്മുക്കയെയും എന്നെയും ഞാന്‍ സമീകരിക്കുന്നുണ്ടെന്നു തോന്നിയോ. ഹേയ് വെറും തോന്നല്‍. വിട്ടുകള.
സിനിമയില്‍ അല്ലാത്തതുകൊണ്ട് പുള്ളിയുടെ ഭാവി പ്രോഗ്രാമുകളില്‍ പങ്കെടുപ്പിക്കുന്നതില്‍ വിലക്ക് തുടര്‍ന്നേക്കും.

എന്നാലും എന്‍െറ മമ്മുക്ക-എന്തിനാണ് ഈ ഈറയൊക്കെ എന്ന് താങ്കളോടുള്ള ഇഷ്ടം മൂത്ത ഒരു സിനിമാ പ്രേമി ഉള്ളില്‍ നിന്ന് വല്ലാതെ കുതറുന്നുണ്ട്.

ഒന്നുറപ്പിച്ചോളൂ- നാളെ ഒരു ചാന്‍സ് കിട്ടിയാല്‍ മമ്മുക്കയോട് ആലോചിച്ചുറപ്പിച്ച ചോദ്യമല്ലാതെ, ഹേയ്, മറുത്തൊന്നും ഉയര്‍ത്തുകയേ ഇല്ല. ഇതും ഉള്ളിലെ താങ്കളുടെ ഇഷ്ടക്കാരന്‍ എന്നെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. മതിയോ? ശ്ശൊ. അപ്പോള്‍ തന്നെ അപ്പുറത്ത് ഉള്ളിലെ വിമതനും തിടം വെക്കുകയാണ്.

ചോദ്യം എന്നത് വെറും ചോദ്യമല്ല. ഓരോ ചോദ്യത്തിനു പിന്നിലും ഒരു രാഷ്ട്രീയമുണ്ട്. ചിലപ്പോള്‍ ബാലിശമായതെന്ന് നമുക്ക് തന്നെ തോന്നുന്ന ചോദ്യങ്ങള്‍ വലിയ അര്‍ഥതലങ്ങളുണ്ട്.

എന്‍െറ പൊന്നേ, ഞാന്‍ മടുത്തു.
എന്‍െറ ഉള്ളിലെ തന്നെ ഈ രണ്ട് നാസര്‍മാരെ മെരുക്കാന്‍ ഞാന്‍ പെടുന്ന ഈ പാട് എന്‍െറ മമ്മുക്കക്കൊന്നും അറിയില്ലല്ലോ.

എന്തായാലും ഇനി നല്ല കുട്ടിയാകാം. മൈക്ക് കൈയില്‍ തടഞ്ഞാലും നോ മോര്‍ ക്വസ്റ്റ്യന്‍?
അതു മതിയോ മമ്മുക്ക?
മതിയോ ഉപഗ്രഹങ്ങളേ?
മതിയോ മാധ്യമ സുഹൃത്തുക്കളെ..

നല്ല നടപ്പിനുള്ള ശിക്ഷയെങ്കിലും നല്‍കിക്കൂടേ?

എന്ന്,

സ്ഥലവുംകാലവും ആളെയും നോക്കി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയാതെ പോകുന്ന വിവരം കെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+