follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST

ക്രെഡിറ്റ് കാർഡും ലോണും മോർട് ഗേജുമൊക്കെ ഉള്ള ഒരു വ്യക്തി ജീവിതത്തിൽ സമ്പാദിക്കുകയില്ല, അല്ലെങ്കിൽ രക്ഷപ്പെടുകയില്ല എന്നൊരു വസ്തുത അതിന്‍റെ വേദനകൾ അനുഭവിച്ചവർക്കറിയാം . അതാണ്‌ പലരുടെയും ആവശ്യവും

ആരുടെ കയ്യിൽ എത്ര പണമുണ്ട്, ആരുടെ കയ്യിലില്ല, ആര് ആർക്ക് പണം കൊടുക്കുന്നു ? എന്നൊക്കെ ഇനി ഈ ആഗോള ഭീമന്മാര്‍ അറിയും. നോട്ടു മാറി കാര്‍ഡ് ആക്കുന്നത് അവര്‍ക്കുവേണ്ടിയോ ?

ദാസനും വിജയനും » Posted : 28/11/2016

നോട്ടിനെ പറ്റിയും നിരോധനത്തെ പറ്റിയും എന്തെങ്കിലും എഴുതിയില്ലെങ്കിൽ പിന്നെന്ത് ദാസനും വിജയനും ? നോട്ട് പെട്ടെന്ന് നിരോധിച്ചപ്പോൾ മനസ്സ് പറഞ്ഞെങ്കിലും അന്നെഴുതുവാൻ ധൈര്യം കിട്ടിയില്ല , കാരണം രാജ്യദ്രോഹകുറ്റം ചുമത്തി എങ്ങാനും പൂട്ടിക്കളഞ്ഞാൽ വീട്ടിൽ മക്കൾ പട്ടിണിയിലാകും എന്നോർത്തു .

ഇന്നിപ്പോൾ അല്ലാതെ തന്നെ പട്ടിണിയും ഗതികേടും ക്യു നിൽപ്പും ഒക്കെ ആയി സമയം നീങ്ങുമ്പോൾ ആകപ്പാടെയുള്ള ആശ്വാസം മക്കൾക്ക് സുഭിക്ഷമായി കരിമീൻ കഴിക്കാമെന്നുള്ളതാണ് , വില കുറഞ്ഞു !!! ലോക സംസ്‌കാരങ്ങളുടെ ഉറവിടങ്ങളായ ഇന്ത്യയും ഇറാഖും ഈജിപ്തും അതുപോലത്തെ ചില രാജ്യങ്ങളും എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും പിടിച്ചു നിൽക്കുന്നത് ഗ്രാമങ്ങളിലെ ജനങളുടെ സമ്പത്ത് ഘടനയിലാണ്.ഉദാഹരണമായി നമ്മുടെ നാട്ടിൽ ഒരു ഗ്രാമവാസി ഒരു വാഹനം വാങ്ങിക്കുന്നുവെങ്കിൽ അത്രയും പണം സ്വന്തം പോക്കറ്റിൽ വന്നതിനുശേഷമേ ആ വാഹനം സ്വന്തമാക്കൂ . അതുപോലെ ഒരു വീട് വെക്കുന്നുവെങ്കിൽ അത്രയും ആസ്തിയോ പണമോ കയ്യിൽ സ്വരുക്കൂട്ടിയതിന്‌ ശേഷമേ തറക്കലിടൂ . അതുപോലെ മകളെ കെട്ടിച്ചയക്കുവാൻ എത്ര പവൻ സ്വർണ്ണം അലമാരയിൽ ഉണ്ടോ അത്രയും പവൻ കൊടുക്കാവുന്ന ബന്ധത്തിലെക്കേ കെട്ടിച്ചുവിടൂ .

ഇതുപോലെ തന്നെയാണ് ഇറാഖും ഇറാനും സിറിയയും ഈജിപ്തും എല്ലാം . പണം ഉണ്ടെങ്കിലേ അവരെന്തും ചെയ്യു . ഉദാഹരണമായി ഗൾഫ് രാജ്യങ്ങളിലെ ഭക്ഷണശാലകളിൽ മിക്കവാറും ഈ രാജ്യക്കാരുടേത് ആണെങ്കിൽ കാർഡുകൾ ഉപയോഗിക്കാവുന്ന മെഷീനുകൾ കാണണമെന്നില്ല . എന്തുകൊണ്ടാണ് എന്നവരോട് ചോദിച്ചാൽ കച്ചവട രഹസ്യങ്ങളും കസ്റ്റമർ വിവരങ്ങളും ചോർത്തപ്പെടുന്നു എന്ന് പറഞ്ഞപ്പോൾ അതിലെല്ലാം സത്യങ്ങൾ ഉണ്ടെന്ന് ഒരു ബാങ്കും സമ്മതിച്ചു .

ഇന്നിപ്പോൾ ഇന്ത്യയിൽ ജനങ്ങളൊക്കെ ബങ്കറുകൾ ഒഴിവാക്കി ബാങ്കും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഒക്കെ ഉപയോഗിച്ച് അന്തർദേശീയ ബാങ്കുകളെ സഹായിക്കണമെന്നാണ് ഭരണകർത്താക്കൾ മുന്നോട്ട് വെക്കുന്ന അജണ്ടകൾ .

ക്രെഡിറ്റ് കാർഡും ലോണും മോർട് ഗേജുമൊക്കെ ഉള്ള ഒരു വ്യക്തി ജീവിതത്തിൽ സമ്പാദിക്കുകയില്ല, അല്ലെങ്കിൽ രക്ഷപ്പെടുകയില്ല എന്നൊരു വസ്തുത അതിന്‍റെ വേദനകൾ അനുഭവിച്ചവർക്കറിയാം . അതാണ്‌ പലരുടെയും ആവശ്യവും .

ഇന്നിപ്പോൾ പ്ലാസ്റ്റിക് മണികൊണ്ട് കളിച്ചുകൊണ്ടിരുന്ന ഇറ്റലിയും ഗ്രീസും സൈപ്രസും പോർട്ടുഗലും അയർലാൻഡും സ്‌പെയിനും തുടങ്ങിയ യൂറോപ്പ്യൻ രാജ്യങ്ങളിലെ ജനത കുത്തുപാളയും ചിരട്ടയും എടുക്കുമ്പോൾ അവിടത്തെ ഒട്ടുമിക്ക ബ്രാൻഡുകളും കച്ചവടങ്ങളും കമ്പനികളും അറബികളും ചൈനക്കാരും ഇന്ത്യക്കാരും സ്വന്തമാക്കുന്നത് നമ്മുക്ക് കാണാം .

ലാൻഡ് റോവറും ജാഗ്വറും ഇന്ത്യയുടെ കൈകളിൽ വന്നു ചേർന്നപ്പോൾ ബാങ്കുകളും ക്ളബ്ബുകളും അറബികൾ സ്വന്തമാക്കുന്നു . ലോകം നിയന്ത്രിക്കുന്ന ഫ്രീമേസൺ എന്നൊരു വിഭാഗമാണ് ഈ ബാങ്കിങ് മേഖലയും പലിശയും ക്രെഡിറ്റ്കാർഡും തുടങ്ങി പണമായി ബന്ധപ്പെട്ട എല്ലാ വിധ തരികിടകളും നിയന്ത്രിക്കുന്നത് .

ലോകത്തിന്‍റെ മൊത്തം സ്വത്തിന്‍റെ നല്ലൊരു പങ്കും ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ഇവരാണ് . നമ്മൾ കളിക്കുന്ന ഫേസ്ബുക്കും ഗൂഗിളും ട്വിറ്ററും ഒക്കെ ഇവരുടെ കൈകളിൽ തന്നെയാണ് . ഇവർ വിചാരിച്ചാൽ 12 മണിക്കൂറുകൾ കൊണ്ട് ഏതൊരു രാജ്യത്തിനെ വേണേലും അട്ടിമറിക്കാം , ഭരണാധികാരികളെ മറിച്ചിടാം .ആരുടെ കയ്യിൽ എത്ര പണമുണ്ട് , ആരുടെ കയ്യിൽ പണമില്ല, ആര് ആർക്ക് പണം കൊടുത്തു അല്ലെങ്കിൽ കൊടുക്കുന്നു എന്നൊക്കെ ഇവർക്ക് അറിയാവുന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ നീക്കുന്നത് . അതിന്നായി അവർക്ക് ഏറാൻ മൂളുന്ന ആളുകളെ രാജ്യത്തിന്‍റെ തലപ്പത്തും ബാങ്കുകളുടെ തലപ്പത്തും ഒക്കെ അവരോധിക്കുവാൻ പ്രത്യേക പിആർ കമ്പനികളും സർവേ ടീമുകളുമുണ്ട് .

നാം കാണുന്ന ഒരു വാർത്തയും ഇന്നിപ്പോൾ അവരുടെ അധീനതയിലുള്ള ടിവി യിലൂടെ മാത്രമേ നമ്മുക്ക് കാണുവാൻ സാധിക്കൂ . വിദേശരാജ്യങ്ങളുമായി പലതരത്തിലുള്ള കരാറുകളും നമ്മൾ ഒപ്പിട്ടുമ്പോൾ ഇമ്മാതിരി പലവിധത്തിലുള്ള കൊലച്ചതികളും അതിൽ ഒളിഞ്ഞുകിടക്കുന്നതു നമ്മുടെ നേതാക്കന്മാരോ ബുദ്ധിജീവികളോ കാണണമെന്നില്ല .

കമ്മ്യുണിസ്റ്റുകാർ പറയുന്ന കാര്യങ്ങളിൽ ഇക്കാര്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് . അതൊന്നും നോക്കാതെ നമ്മൾ നമ്മുടെ രാജ്യത്തെ ഇപ്പോൾ പല കക്ഷത്തിലും കൊണ്ടുപോയി തലവെച്ചു കൊടുത്ത അവസ്ഥയിലാണ് . കേവലം ഒരു ഇമെയിൽ ഐഡി ഉണ്ടാക്കുവാൻ നാലോളം പേജ്‌വരുന്ന ഒരു എഗ്രിമെന്റ് accept ചെയ്താലേ നമ്മുക്ക് ഒരു ഇമെയിൽ ഐഡി കിട്ടൂ .

അതുപോലെയാണ് ഇപ്പറഞ്ഞ കരാറുകളും. കെട്ടുകണക്കിന് പേജുകളിൽ എഴുതിക്കൂട്ടിയ പലതും നാം അറിയാതെ അംഗീകരിക്കേണ്ടി വരുന്നതായും നമ്മുക്ക് കാണാം . ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് നമുക്കും അറിയാം , പെട്ടതോ പെട്ടു .

പ്ലാസ്റ്റിക് മണിക്കായി കാത്തിരിക്കാം , പാവങ്ങളും അതൊക്കെ എന്താണെന്ന് മനസ്സിലാക്കട്ടെ . മക്കളുടെ കല്യാണത്തിനും വീട്ടുപണിക്കും ,വിദ്യാഭ്യാസത്തിനും ഒക്കെയായി ബങ്കറുകളിലും മരപ്പെട്ടികളിലും ഇരുമ്പ് പെട്ടികളിലും നോട്ടുകെട്ടുകൾ സൂക്ഷിച്ചു വെച്ച് ആശ്വാസമടങ്ങിയിരുന്ന 80 ശതമാനത്തോളം വരുന്ന പാവങ്ങളും ഗ്രാമവാസികളും ഇനി ബാങ്കുകൾ മുഖേന കളിക്കട്ടെ .

അംബാസിഡർ കാറ് മാത്രം ഉപയോഗിച്ചിരുന്ന നമ്മളിപ്പോൾ റോൾസ് റോയ്‌സ് കണ്ടു , അതുപയോഗിക്കുവാൻ പഠിച്ചു . റിലയൻസ് കാരണം നമ്മൾ മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ പഠിച്ചു , ഇനിയിപ്പോൾ ഇന്റർനെറ്റിൽ കളിക്കുവാനും വാട്സാപ്പിൽ പടം പോസ്റ്റാനും പഠിച്ചു .

അങ്ങനെ.. അങ്ങനെ നമ്മളെല്ലാം സ്വയം പര്യാപ്തരായി ലോകം കീഴടക്കും ഒരു നാളിൽ . ഈ നോട്ട് നിരോധനം വന്ന അന്ന് രാത്രിവരെ 56 ഇഞ്ച് കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വിലസിയിരുന്ന കുറെ ഭക്തന്മാരെ അതു കഴിഞ്ഞതു മുതൽ ഇന്ന് വരെ പരിസര പ്രദേശങ്ങളിലൊന്നും കാണ്മാനില്ല എന്നൊരു ദുഃഖസത്യം ഇവിടെ അറിയിക്കുന്നതോടൊപ്പം,

ഞങ്ങളുടെ നാട്ടിൽ നിന്നും ക്യു നിൽക്കുവാൻ പോയ രണ്ടു ഭക്തരെ കാത്ത് സ്റ്റേജിന്‍റെ പിറകിൽ നിന്നും,

ദാസനും വിജയനും


:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+