follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

കുവൈറ്റില്‍ ഒരു ചതിയില്‍ നിന്നും പിറവിയെടുത്ത അറ്റ്‌ ലസ് സാമ്രാജ്യം ! പിന്നെ മക്കളൊരു വഴിക്കും ഭാര്യ വേറൊരുവഴിക്കും മുതലാളി ഏതോ വഴിക്കും ആയപ്പോള്‍ കുടുംബത്തോടെ ജയിലിലായി. ഇപ്പോള്‍ ജപ്തി പരമ്പരയ്ക്കും തുടക്കം ?

ദാസനും വിജയനും » Posted : 03/01/2017

1980 കാലഘട്ടത്തിൽ കണ്ണൂരുകാരായ രണ്ടു ചെറുപ്പക്കാർ കുവൈറ്റിൽ ഒരു ബാങ്ക് മാനേജരെ കാണുന്നു. അവർ തുടങ്ങിവെച്ച സ്വർണ്ണക്കടയുടെ നടത്തിപ്പിനായി കുറച്ച മൂലധനം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വന്നത് . അന്നുതന്നെ വൈകീട്ട് ബാങ്ക് മേനേജർ സ്ഥലം സന്ദർശിക്കാൻ ചെന്നപ്പോൾ തൊട്ടടുത്ത കടയിലെ കച്ചവടം കണ്ടു ഞെട്ടി .

ബാങ്ക് ലോണിന് വേണ്ടി ചെന്ന ചെറുപ്പക്കാർക്ക് അത് നല്‍കാതെ പകരം കുറുക്കന്‍ ബുദ്ധിയില്‍ പേഴ്സണൽ ആയി പലിശക്ക് കടം കൊടുത്തുകൊണ്ട് മാനേജർ കച്ചവടം ഉറപ്പിച്ചു . ആ ചെറുപ്പക്കാര്‍ പലിശക്ക് കിട്ടിയ പണം കൊണ്ട് കുറച്ചു കടം വീട്ടുകയും ബാക്കി പണം സ്വർണ്ണത്തിൽ ഇറക്കുകയും ചെയ്തു .പക്ഷെ, അതുകൊണ്ടൊന്നും ആ ചെറുപ്പക്കാരുടെ കാര്യങ്ങള്‍ മുന്നോട്ടു പോയില്ല . അങ്ങനെ പലിശക്ക് എടുത്ത പണം തിരികെ കൊടുക്കുവാൻ ആകാതെ ചെറുപ്പക്കാർ നട്ടം തിരിഞ്ഞപ്പോൾ സ്വർണ്ണക്കട മാനേജർക്ക് സ്വന്തം .

കുവൈറ്റില്‍ ഒരു ചതിയില്‍ നിന്നും പിറവികൊണ്ട സാമ്രാജ്യം

അങ്ങനെയാണ് അറ്റ്ലസ് എന്ന സ്വർണ്ണക്കടയുടെയും അറ്റ്ലസ് രാമചന്ദ്രൻ എന്ന മുതലാളിയുടെയും ആരംഭവും വളർച്ചയും . കച്ചവടം ഉഷാറായപ്പോള്‍ ജോലി ഉപേക്ഷിച്ചു . പിന്നെ മുട്ടിനു മുട്ടിനു ശാഖകള്‍ . സ്വര്‍ണം കടന്നു ബിസിനസ് പിന്നെ സിനിമയിലേയ്ക്കും തിരിഞ്ഞു . സിനിമയുടെ മായിക പ്രപഞ്ചവും പെണ്ണിന്‍റെ ഗ്ലാമറും ഒക്കെ രാമചന്ദ്രന് എന്നും ഹരമായിരുന്നു .

വൈശാലിയെന്ന സിനിമയെടുത്തപ്പോൾ രാമചന്ദ്രൻ വൈശാലി രാമചന്ദ്രൻ ആവുകയായിരുന്നു. ഒപ്പം ഒരു നല്ല സിനിമാക്കാരനും . മകളെ ബാംഗ്ലൂരിൽ മെഡിസിന് ചേർക്കുമ്പോൾ വൈശാലി രാമചന്ദ്രനെ അറിയാത്ത സിനിമക്കാരാരും കേരളത്തിൽ ഉണ്ടായിരുന്നില്ല .

കൊച്ചിയിൽ ആർഭാടമായ അപ്പാർട്ട്മെന്റുകൾ, ബാംഗ്ലൂരിൽ അതിനെ വെല്ലുന്ന വില്ലകളും ഫ്‌ളാറ്റുകളും പിന്നെ തൃശൂരിലെ ബംഗ്ളാവും . തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്ക് അടുത്തുള്ള എടതിരിഞ്ഞിയിലാണ് അദ്ദേഹത്തിന്‍റെ ജനനമെങ്കിലും താമസം സിറ്റിയിൽ തന്നെ . ഭാര്യയും ഡോക്ടറായിരുന്നു. പക്ഷെ മകനെ വിചാരിച്ച രീതിയിൽ വളർത്തുവാൻ അച്ഛനോ അമ്മക്കോ ആയിരുന്നില്ലെന്നത് നഗ്‌നസത്യം .

മക്കൾ ഒരു വഴിക്ക് ഭാര്യ മറ്റൊരു വഴിക്ക് മാനേജർമാർ വേറെയൊരു വഴിക്ക്
മുതലാളി തോന്നിയതുപോലെ
ഈഗോ എന്നത് കണ്ടുപിടിച്ചത് അറ്റ്‌ലസ് രാമചന്ദ്രനാണെന്നു പറഞ്ഞാൽ അദ്ദേഹത്തെ അറിയാവുന്നവർ ഒരിക്കലും സമ്മതിക്കാതിരിക്കില്ല . കലയും പണവും ഈഗോയും ദേഷ്യവും നർമ്മവും കുസൃതികളും ഒരുമിച്ചു കൊണ്ടുനടക്കുന്ന രാമേട്ടനെ മറ്റു മുതലാളിമാർക്ക് താത്പര്യമില്ല . മക്കൾ ഒരു വഴിക്ക് ഭാര്യ മറ്റൊരു വഴിക്ക് മാനേജർമാർ വേറെയൊരു വഴിക്ക് മുതലാളി തോന്നിയതുപോലെ എന്നതായിരുന്നു കഴിഞ്ഞ കാലം .

അതിന്റെ ഭാഗമായി വിവാഹമോചനം കഴിഞ്ഞ മകളെ പണം മുന്നിൽകണ്ട് ഒരാള്‍ കല്യാണം കഴിക്കുകയും പണത്തിനായി കളിക്കുകയും അങ്ങനെ അവസാനം മകനും മരുമകനും ജയിലിലാകുകയും ചെയ്തു . കൈവിട്ടു കളിച്ച മകളെയും മരുമകനെയും രക്ഷിക്കാന്‍ കോടീശ്വരനായ അച്ഛൻ തയ്യാറാകാതെ വന്നപ്പോൾ സംശയങ്ങളുടെ കുരു പൊട്ടിയത് ബാങ്കുകാര്‍ക്കാണ് . ഈ സംശയങ്ങളാണ് ബാങ്കുകളെ കൂടുതൽ അന്വേഷണങ്ങളിലേക്ക് തിരിച്ചു വിട്ടതും ചീട്ടുകൊട്ടാരം പോലെ എല്ലാം തകർന്നടിഞ്ഞതും .

എല്ലാം തീരുമാനിച്ചുറത്തുപോലെയായിരുന്നു രാമേട്ടന്റെ കഴിഞ്ഞ വർഷങ്ങളിലെ കച്ചവടങ്ങളും അതോടനുബന്ധിച്ച സംഭവങ്ങളും . കോഴിക്കോട്ടെ അറ്റ്‌ലസ് ഫ്രാൻഞ്ചൈസിയിലെ ഒരു സംഭവത്തിൽ അദ്ദേഹം അനാവശ്യമായി ഇൻകം ടാക്സുമായി കൊമ്പു കോർത്തു . ആ ഒരൊറ്റ കാരണത്താൽ ഫ്രാൻഞ്ചൈസി ഉടമകൾക്ക് രണ്ടുകോടിയോളം പിഴയായി കിട്ടുകയും അത് അവരുടെ കച്ചവടത്തെ ബാധിക്കുകയും ചെയ്തു .

പരസ്യങ്ങള്‍ പൊടിപൊടിക്കുമ്പോള്‍
കടകളില്‍ സ്വര്‍ണ്ണശേഖരം പേരിനു മാത്രം
കൂടാതെ സ്റ്റോക്ക് മാർക്കറ്റിൽ കയറിപ്പറ്റുവാൻ പഴയതുപോലെ കുറെയധികം തരികിട മാർഗ്ഗങ്ങൾ അവലംബിച്ചപ്പോള്‍ അതെല്ലാം പാളുകയായിരുന്നു . ദുബായിലെയും ഷാർജയിലെയും അബുദാബിയിലെയും കടകളിൽ ചുമ്മാ പേരിനു മാത്രമേ സ്വർണ്ണം സ്റ്റോക്ക് ഉണ്ടായിരുന്നുള്ളൂ . വലിച്ചു വാരിയുള്ള പരസ്യങ്ങൾ വരുമ്പോഴും കടകളിലെ സ്വർണ്ണം അനുദിനം കുറഞ്ഞുകൊണ്ടിരുന്നതും ആർക്കും കൂട്ടിവായിക്കാം .

പ്രശ്നം രൂക്ഷമായി അദ്ദേഹം ജയിലിൽ പോകുമെന്നുറപ്പായപ്പോൾ പല ഫോർമുലകളും ഉരുത്തിരിഞ്ഞെങ്കിലും ആരും ഒന്നിനും സമ്മതിച്ചില്ല. ഒമാനിലെ ആശുപത്രി വാങ്ങുവാൻ ആളുകൾ വന്നെങ്കിലും വിലയോട് അടക്കാതെ എല്ലാം അലസിപ്പിരിഞ്ഞപ്പോൾ എന്തൊക്കെയോ ദുരൂഹത . അദ്ദേഹം ജയിലിൽ പോയാലും അവിടെ കിടന്നാലും ആർക്കും ഒരു വിഷമവും ഇല്ലാത്ത മട്ടിലായിരുന്നു മാനേജർമാരും കുടുംബക്കാരും.

സിനിമകളിൽ അഭിനയിച്ചഭിനയിച്ചു സിനിമാക്കഥപോലെ ജീവിതം അവസാനിച്ച ഒരു നല്ല മനുഷ്യന്റെ അവസാന കാലഘട്ടങ്ങൾ , ശരിക്കും ഓർക്കുമ്പോൾ വിഷമം ഉണ്ടെങ്കിലും പിന്നാമ്പുറ കളികൾ കാണുമ്പോഴും കഥകൾ കേൾക്കുമ്പോഴും ഒരു കാര്യം ഉറപ്പിക്കാം .

""ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും..
കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും ""
എന്നത് സത്യമാകുന്നു .

എന്തായാലും കേരളത്തിലെ ഒരു മുതലാളിയും ഇദ്ദേഹത്തിന്റെ നന്മ കാണണമെന്ന് ആഗ്രഹിക്കുന്നെന്ന് ആരും കരുതി വിഷമിക്കണ്ട . ദൈവത്തിന്റെ മകനായാൽ പോലും വീഴ്ച പറ്റിയാൽ വീഴ്ച തന്നെ. മരിക്കുകയാണെങ്കിൽ ചുമ്മാ കുറെ അനുശോചന വാക്കുകൾ കിട്ടും .

പിന്നെ ആരോ പറഞ്ഞതുപോലെ ഒരു മനുഷ്യനും കുടുംബത്തിനും സ്ഥാപനത്തിനും ദൈവം നൽകിയിരിക്കുന്ന മുപ്പത് വർഷങ്ങൾ , മുപ്പത് വർഷങ്ങൾ മുതൽ നാൽപ്പത് വർഷങ്ങൾ മാത്രമേ സുവർണ്ണ കാലഘട്ടം ഉണ്ടാകൂ എന്നതും ഏഴരശ്ശനി അനുഭവിക്കാതെ പോകില്ല എന്നതും ഇന്നിപ്പോൾ കൂട്ടിയും കിഴിച്ചും ഒക്കെ നോക്കുമ്പോൾ നമ്മുക്ക് ചുറ്റുവട്ടത്തും അയൽ വക്കത്തും സ്വന്തത്തിലും കാണാം .

ഒരു കാര്യം മാത്രം പറയാതെ വയ്യ തുടക്കം ചതിവിലൂടെ ആയിരുന്നെങ്കിലും കച്ചവടത്തില്‍ രാമേട്ടന്‍ ശുദ്ധനായിരുന്നു . വില്‍ക്കുന്ന സ്വര്‍ണ്ണത്തില്‍ ഒരു മായവും ചേര്‍ക്കാന്‍ രാമചന്ദ്രന്‍ തയ്യാറായിരുന്നില്ല . അതായിരുന്നു അഴിക്കുള്ളിലായപ്പോഴും അദ്ദേഹത്തിനു പൊതുജനം നല്‍കിയ പിന്തുണ . പക്ഷെ ആ കടകളൊക്കെ ബാങ്കുകള്‍ ഒന്നൊന്നായി ലേലത്തിന് വച്ചിരിക്കുമ്പോള്‍ ജനത്തിനു എന്ത് ചെയ്യാന്‍ കഴിയും . ആര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല .

അറ്റ്‌ലസ് രാമേട്ടന്റെ മോചനം സ്വപ്നം കണ്ടുകൊണ്ട്,
വൈശാലി ഭക്തൻ ദാസനും വിശ്വസ്തനായ വിജയനും


:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+