follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

മണവാട്ടിയും വെട്ടിരുമ്പും വാങ്ങുവാൻ ബിവറേജസിൽ ക്യു നിൽക്കാം, പുലിമുരുകനെയും തോപ്പിൽ ജോപ്പനെയും കാണാന്‍ ക്യൂ നില്‍ക്കാം. പക്ഷെ ലുലുവില്‍ ജോലിയ്ക്ക് യൂസഫലിയുടെ മുന്‍പില്‍ ക്യൂ നിന്നപ്പോള്‍ മലയാളിക്ക് നൊന്തുപോലും.. കഷ്ടം !!

ദാസനും വിജയനും » Posted : 29/01/2017പണ്ടൊരു മുതലാളി പറയുകയുണ്ടായി , ഇന്ന് ഞാൻ ഒരാളുടെ കൂടി ശത്രു ആയി , കാരണം ഇന്ന് ഞാൻ ഒരാൾക്ക് ജോലിയും വിസയും താമസവും കൊടുത്തു എന്ന് .

അന്ന് അങ്ങേരിത് പറയുമ്പോൾ ശരിക്കും ഒന്നും മനസ്സിലായില്ല ,പിന്നീട് മനസ്സിലായി . അതും കുറെ കച്ചവടങ്ങൾ ഒക്കെ തുറന്ന് പൊളിഞ്ഞു ഇപ്പോൾ പ്രായമായപ്പോൾ .... വേറൊരു മുതലാളിയുടെ അടുത്ത് അദ്ദേഹത്തിന്റെ ദുബായിലെ മാനേജർ വന്നുനിന്നു ,

സാർ, എന്റെ അളിയന് അങ്ങയുടെ അങ്കമാലിയിലെ ഷോപ്പിൽ ഒരു ജോലി തരാമോ ? ഇത് കേട്ട മുതലാളി "" തീർച്ചയായും തരാം , മറ്റന്നാൾ രാവിലെ ഞാൻ അങ്കമാലിയിൽ ഉണ്ടാകും , അളിയനോട് എന്നെ വന്നു കാണുവാൻ പറയുക , അപ്പോൾ തന്നെ ജോലിക്കു കയറുവാനും. ""ഇത് കേട്ടപാടെ സന്തോഷത്തോടെ മാനേജർ പോയപ്പോൾ മുതലാളി ഒരു ഒടുക്കത്തെ ചിരി , എന്താണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു "" ഞാൻ അങ്കമാലിയിൽ ഉണ്ടാകും , പക്ഷെ എന്റെ അവിടത്തെ മാനേജർമാർ ഒരു തരത്തിലും എന്നെ കാണുവാൻ സമ്മതിക്കില്ല , അഥവാ ആ പാരകളൊക്കെ അതിജീവിച്ചുകൊണ്ട് അയാൾ എന്നെ കണ്ടാൽ ജോലി ഉറപ്പ്. ""

ഇന്നിപ്പോൾ മലയാളിക്ക് മോഹൻലാൽ കടലാസ് പുലിയുമായി അങ്കം വെട്ടുന്നത് കാണുവാൻ അല്ലെങ്കിൽ തോപ്പിൽ ജോപ്പനിലെ വളിച്ച മമ്മുട്ടിയെ കാണുവാൻ പൊരിവെയിലത്ത് ക്യു നിൽക്കാം . സ്വന്തം അക്കൗണ്ടിലെ പണം എടുക്കുവാൻ ബാങ്കിന് മുന്നിൽ ക്യു നിൽക്കാം .

ലിവറിനെ നശിപ്പിക്കുന്ന മണവാട്ടിയും വെട്ടിരുമ്പും വാങ്ങുവാൻ ബിവറേജസിൽ ക്യു നിൽക്കാം , എന്തിനധികം ഇലക്ഷനിൽ ഈ ചെകുത്താന്മാരെ ജയിപ്പിക്കാനോ അല്ലെങ്കിൽ തോൽപ്പിക്കാനോ ആണേലും ക്യു നിൽക്കാം , പക്ഷെ സ്വന്തം വീട്ടിലെ പട്ടിണി മാറ്റുവാനായോ , പെങ്ങന്മാരെ കെട്ടിക്കുവാനായോ , ലോണുകൾ അടച്ചു തീർക്കുവാനായോ ഒരു ജോലികിട്ടുവാൻ ഒരു ദാതാവിന്റെ മുൻപിൽ ക്യു നിൽക്കാൻ മടി .

ഇക്കഴിഞ്ഞ ദിവസം ലുലുവിന്‍റെ വിവിധ ശാഖകളിലേക്ക് സെയിൽസിലേക്കായി ഇന്റർവ്യൂ നടന്നു . നാട്ടികയിലെ മുതലാളിയുടെ കമ്പനിയുടെ പരിസരത്തായിരുന്നു ഇന്റർവ്യൂ അരങ്ങേറിയിരുന്നത് . ജോലി വേണമെന്ന് മനസ്സിൽ ആഗ്രഹമുള്ളവരെല്ലാം തിക്കോ തിരക്കോ നോക്കാതെ അങ്ങോട്ട് എത്തി . പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞതുപോലെ പലയിടത്തും ആള് വന്നപ്പോൾ സംഭവം ഉഷാറായി .ശരിക്കും ഒരു സമ്മേളനത്തിനുള്ള ആളുകൾ അവിടെ വന്നപ്പോൾ മുതലാളി ഓരോരുത്തരെ തിരഞ്ഞു . അതിൽ ആവേശവും , മുഖത്തെ ഭാവവും , ക്ഷീണവും എല്ലാം നോക്കി തന്നെയായിരുന്നു തിരഞ്ഞെടുത്തത് . കേരളത്തിലുള്ള എല്ലാ ചെറുപ്പക്കാരും നിർബന്ധമായി പങ്കെടുക്കണം എന്ന് അവർ പരസ്യം ചെയ്തിട്ടില്ല .

പാട്ടാളത്തിലേക്ക് ചില സമയങ്ങളിൽ നിർബന്ധിത സേവനത്തിന് ക്ഷണിക്കുന്നത് പോലെയും ചെയ്തിട്ടില്ല . എന്നിട്ടും ഇത്രയും ചെറുപ്പക്കാർ വന്നെത്തിയത് ചിലപ്പോൾ അവർക്ക് ആ കമ്പനിയിലുള്ള വിശ്വാസമാകാം , അല്ലെങ്കിൽ ആ മുതലാളിയിലുള്ള വിശ്വാസമോ ഒന്നുമില്ലെങ്കിൽ ഗൾഫിനോടുള്ള വിശ്വാസമോ ആകാം .

പലയിടത്തും വായിച്ചു , സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഇത്രക്കും വ്യാപകമായ കാലഘട്ടത്തിൽ ഓൺലൈനിലൂടെ ഇതൊക്കെ ചെയ്യാമായിരുന്നില്ലേ ? കാസർഗോഡ് നിന്നും തിരോന്തരത്തുനിന്നും കുറെ ചെറുപ്പക്കാരെ വിളിച്ചുവരുത്തി അവരെ അവശരാക്കി ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും കണ്ടു .ശരിയാ നമ്മുടെ കേരളത്തിലുള്ള ചെറുപ്പക്കാരിൽ 10 ശതമാനം പേർക്കും സിവി എന്താണെന്നു അറിയില്ല , 40 ശതമാനം പേർക്കും സിവി ഉണ്ടാക്കുവാൻ അറിയില്ല , അഥവാ ആരെങ്കിലും ഉണ്ടാക്കി കൊടുത്താൽ പകുതിയിലധികവും നുണ മാത്രം ആയിരിക്കും .

പിന്നെ സോഷ്യൽ മീഡിയയിൽ ആരാണ് ശരിക്കുള്ള ചിത്രങ്ങളും കാര്യങ്ങളും പോസ്റ്റ് ചെയ്യുന്നത് . എല്ലാറ്റിലും ഒരു പുകമറ ഇട്ടിട്ടേ ആരും പോസ്റ്റ് ചെയ്യാറുള്ളൂ , പിന്നെ ഇവിടെ നടക്കുന്ന ഈ സമരങ്ങൾക്കും സമ്മേളനങ്ങൾക്കും ഒരുവിധം ചെറുപ്പക്കാർ പോകാറുണ്ട് . ആരും മഴയോ വെയിലോ നോക്കാറില്ല , അതുകൊണ്ട് ഇതുവരെ ആർക്കും ഒന്നും കിട്ടിയതായി കേട്ടിട്ടില്ല .

കുറെ തല്ലുകൊള്ളും , ഗ്രാനേഡ് ഏറുകൊള്ളും , അല്ലാതെ ഒരുത്തനും ഒരുത്തിക്കും ഒന്നും കിട്ടിയിട്ടില്ല . ഇവിടെ നടന്നത് ഒരു ഇന്റർവ്യൂ അല്ലേ , ഒന്നോ രണ്ടോ ആളുകളെ തിരഞ്ഞെടുക്കുവാനല്ല ഈ ഇന്റർവ്യൂ . ആയിരക്കണക്കിന് ചെറുപ്പക്കാർക്കാണ് ജോലി കിട്ടുന്നത് , ഇവർക്ക് ഇത് വേണ്ടെങ്കിൽ നേപ്പാളികളും ബംഗാളികളും ഫിലിപ്പീൻസുകാരും എന്ത് ത്യാഗം ചെയ്യുവാനും തയ്യാറായിരിക്കുന്ന കാലഘട്ടമാണിത് .ആയതുകൊണ്ട് നാടിനും നാട്ടുകാർക്കും വേണ്ടി എന്തെങ്കിലും ചെയ്യുവാൻ ഉദ്ദേശിക്കുന്നവരെ മുടക്കല്ലേ !! നമ്മൾ പ്രതികരണ ശേഷിയിൽ ഒന്നാം നിരയിൽ തന്നെയാണ് എന്ന് അറിഞ്ഞിട്ടു തന്നെയാണ് ഇതെഴുതുന്നത് . ചുമ്മാ വഴിമുടക്കികൾ ആകാതെ എന്തെങ്കിലുമൊക്കെ ചെയ്തു ജീവിക്കുവാൻ ആഗ്രഹിക്കുന്നവരെ ഇനിയെങ്കിലും പ്രോത്സാഹിപ്പിക്കുവാൻ ശ്രമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു .

കൂടുതൽ ചെറുപ്പക്കാർ ഇനിയും ഇതുപോലെയുള്ള ഇന്റവ്യൂകളിൽ പങ്കെടുത്തുകൊണ്ട് ക്ഷമ പഠിക്കട്ടെ , ക്ഷമയില്ലാത്ത ഈ കാലഘട്ടത്തിൽ ക്ഷമയുള്ളവരെ കണ്ടെത്തി ജോലി കൊടുക്കുവാൻ വരുന്നവരെ ഇനിയെങ്കിലും ആട്ടിവിടാതെ രക്ഷപ്പെടുന്നവർ രക്ഷപ്പെടട്ടെ എന്ന് കരുതി സമാധാനിക്കാം .

ലുലുവിന്റെ മുതലാളി ഞങ്ങളുടെ അളിയൻ ആയതുകൊണ്ടല്ല ഇതെഴുതുന്നത് . അയാള്‍ ഒരു രൂപാ വാങ്ങാതെയല്ലേ നിയമനം നല്‍കുന്നത് . കുവൈറ്റില്‍ പോകാന്‍ 23 ലക്ഷം തട്ടിപ്പ് റിക്രൂട്ടുമെന്റുകാര്‍ക്ക് കൊണ്ട് കൊടുക്കുവാന്‍ ക്യൂവില്‍ നില്‍ക്കാം .

സ്വന്തം സ്ഥാപനത്തിലേയ്ക്ക് നാട്ടില്‍ നിന്നും പത്ത് രൂപാ വാങ്ങാതെ കുറെ പേര്‍ക്ക് തൊഴില്‍ നല്‍കാം എന്ന് ചിന്തിച്ചാല്‍ അവന്‍ പാപിയായി . ക്യൂ നിര്‍ത്തിയാല്‍ കുഴപ്പം ഇല്ലെങ്കില്‍ കുഴപ്പം ...., ചേട്ടാ നിർത്താറായി ഈ വക അസൂയയും കുശുമ്പും . ജെല്ലിക്കെട്ടിനെ നേരിട്ട തമിഴ്നാട്ടുകാരെ കണ്ടു പഠിക്കൂ , അല്ലെങ്കിൽ ഈ പോക്കുപോയാൽ കേരളവും നാശത്തിലേക്ക് തന്നെ !

ക്ഷമയുള്ളവരുടെ കൂടെയാണ് ദൈവം എന്നുറക്കെ പറഞ്ഞുകൊണ്ട്,

നാട്ടികയിലെ ക്യു വിൽനിന്നും ദാസനും വിജയനും


:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+