follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST

പരിപ്പുവടയിലും ഉഴുന്നുവടയിലും കുടുങ്ങിയ വിദ്യാർത്ഥി പ്രസ്ഥാനം. എന്ത് പറ്റി കേരളത്തിന്റെ ചുണക്കുട്ടികൾക്ക്? എവിടെ ആ ചങ്കൂറ്റം ?

ദാസനും വിജയനും » Posted : 01/02/2017

കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജിന്‍റെ ഇടനാഴിയിലൂടെ ആ മുദ്രാവാക്യം മുഴങ്ങുമ്പോൾ ഞങ്ങൾ ക്ലാസ്സിൽ നിന്നിറങ്ങി ഓടും. ചുവരുകൾക്കിടയിലൂടെ പ്രതിധ്വനികളോടെ ആ മുദ്രാവാക്യങ്ങൾ കേൾക്കുവാൻ ഒരു ഒടുക്കത്തെ സുഖം തന്നെയായിരുന്നു അന്ന് ."പാലക്കാട്ടെ പട്ടന്മാർക്കും
കോഴിക്കോട്ടെ കോയാമാർക്കും
കോട്ടയത്തെ മാമന്മാർക്കും
പോളികൾ നൽകിയ സർക്കാരേ ,
മാപ്പു തരില്ല .. മാപ്പു തരില്ല..
കേരളമക്കൾ മാപ്പു തരില്ല.
എസ്എഫ്ഐ.. എസ്എഫ്ഐ"


1986 കാലഘട്ടത്തിൽ സ്വകാര്യ പോളിടെക്നിക് അനുവദിച്ചപ്പോൾ ഒരു മാസം നീണ്ട സമരത്തിലെ ചൂടൻ മുദ്രാവാക്യങ്ങൾ . പിന്നീട് കംപ്യുട്ടർ വരുന്നതറിഞ്ഞു എസ്എഫ്ഐ മുദ്രാവാക്യങ്ങൾ വീണ്ടും

" നിങ്ങളറിഞ്ഞോ നാട്ടാരെ ,
നമ്മുടെ വിദ്യാമന്ത്രി ജേക്കബ് ചൈനയിൽ പോയതറിഞ്ഞില്ലേ ?
കാപ്പിരി സുന്ദരികളോടോത്തൊരുമിച്ച്
റോക്കൻ റോള് കളിക്കുമ്പോൾ
കേരളമക്കൾ കേഴുന്നു, ജോലിക്കായി കേഴുന്നു ...
വേണ്ടേ വേണ്ട .. വേണ്ടേ വേണ്ട .. കംപ്യുട്ടർ വേണ്ടേ വേണ്ട ""

അന്നും ഇതുപോലെ തൊണ്ടയിടറി മുദ്രാവാക്യം കേൾക്കുമ്പോൾ എസ്എഫ്ഐ എന്നത് മനസ്സിന്‍റെ ഉള്ളിന്‍റെ ഉള്ളിൽ ചങ്കൂറ്റമുള്ളവരുടെ ഒരു കൂട്ടായ്മ എന്ന് മനസ്സിനുള്ളിൽ സൂക്ഷിച്ചിരുന്നു. കെഎസ്‌യു അനുഭാവം ആയിരുന്നെങ്കിലും എസ്എഫ്ഐ പ്രേമം മനസ്സിൽ തളിരിട്ട കാലഘട്ടങ്ങൾ .

ലോകത്ത് എന്തിനെക്കുറിച്ചും ആധികാരികമായി സംസാരിക്കുവാൻ കെൽപ്പുള്ള ചെറുപ്പക്കാർ. അഴിമതി എന്തെന്നറിയില്ല. ഗ്രൂപ്പ് വഴക്കുകൾ ഇഷ്ടമല്ല. സ്ത്രീ പീഡനങ്ങൾ കണ്ടാൽ വികാരം കൊള്ളുന്ന നേതാക്കൾ.

അങ്ങനെ അങ്ങനെ ഒരു തോൾ സഞ്ചിയും ഊശാൻ താടിയും ഒക്കെയായി പെൺകുട്ടികളെ കയ്യിലെടുത്ത് സകലമാന വോട്ടുകളും കൈക്കലാക്കി എതിർപാർട്ടിക്കാരെ മലർത്തിയടിക്കുന്ന കുട്ടി സഖാക്കൾ. പിന്നീട് അവിടന്നങ്ങോട്ട് നവോദയ സമരം പ്ലസ് ടു സമരം ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് സമരം അങ്ങനെ അങ്ങനെ കേരളത്തെ ഞെട്ടിച്ച ഒട്ടനവധി സമരങ്ങൾ നടത്തി വിജയിച്ച ചരിത്രമുള്ള വിദ്യാർത്ഥി പ്രസ്ഥാനം .പക്ഷെ കരിങ്കണ്ണും കരിനാവും ഏറ്റതുപോലെ എന്തിനൊക്കെ എതിരായി സമരം ചെയ്തുവോ അതൊക്കെ സ്വീകരിക്കേണ്ട അവസ്ഥയിൽ കാര്യങ്ങൾ മാറിയപ്പോൾ പല നല്ല കുടുംബത്തിൽ പിറന്നവരും മെല്ലെ മെല്ലെ സംഘടനയിൽ നിന്നും തലയൂരുന്നതായി കണ്ടു.

ഉദാഹരണമായി എസ്എഫ്ഐ നേടുന്ന കോളേജുകളുടെ വോട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഒരിക്കലും ഇടതുപക്ഷമല്ലാതെ വേറെയൊരു കക്ഷിയും ഭരണത്തിൽ വരില്ല എന്ന് നമ്മൾ വിചാരിക്കും. അത്രയധികം കോളേജുകളിലാണ് അവർ ഭരണം കയ്യാളുന്നത്.

പഠിത്തമൊക്കെ കഴിഞ്ഞു യഥാർത്ഥ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്വബോധം വീണ്ടെടുക്കുകയും പലരും പഴയ ആവേശം മാറ്റിവെച്ചുകൊണ്ട് യാഥാർഥ്യങ്ങൾ മനസ്സിലാക്കുകയും തെറ്റും ശരിയും കണ്ടെത്തി മറ്റുള്ള പാർട്ടികളിലേക്കും കൂടുമാറുന്നു .

അന്ന് കംപ്യുട്ടറിനെതിരെ സമരം ചെയ്തില്ലായിരുന്നെങ്കിൽ കേരളം മറ്റൊരു സ്വിറ്റ്സര്‍ലന്‍ഡ് ആകുമായിരുന്നു. സോഫ്‌റ്റെവെയറിലെ തലതൊട്ടപ്പന്മാർ , ബാംഗ്ലൂരും ഹൈദരാബാദും നമ്മുക്ക് പിന്നിൽ ക്യു നിൽക്കുമായിരുന്നു. പ്ലസ്‌ടുവും നവോദയയും തിരിഞ്ഞു കുത്തി .

പിന്നീട് അങ്ങോട്ട് വീണുകിട്ടിയ ദിവസങ്ങളായിരുന്നു സ്വാശ്രയ സമരം. അതിന്‍റെ പിന്നിലെ കഥ സംഭവബഹുലമാണ്. സ്വാശ്രയ കോളേജ് എന്ന് തുടങ്ങിയോ അന്ന് മുതൽ എല്ലാ പ്രവേശന മാസവും വഴിപാടുപോലെ ചുമ്മാ കുറെ സമരങ്ങൾ. പ്രവേശനം മുടക്കുക , വിദ്യാർത്ഥികളുടെ ഇന്റർവ്യൂ മുടക്കുക , കുറെ ബസുകൾ കത്തിക്കുക , കുറച്ച് ലാത്തിയടി വാങ്ങുക , രണ്ടുമൂന്ന് ഗ്രനേഡ് ഏറുകൊള്ളുക അങ്ങനെ അങ്ങനെ .കേരളത്തിൽ സ്വാശ്രയ കോളേജുകൾ മൂക്കിനും മൂലയിലും തുടങ്ങിയതിനുശേഷം കേരളത്തിലെ കറവപ്പശുക്കളെ മുന്നിൽ കണ്ടുകൊണ്ട് തുടങ്ങിയ കോളേജുകളിൽ ആളുകൾ എത്താതിരുന്നപ്പോൾ വിഷമത്തിലായ കർണ്ണാടക - തമിഴ്‌നാട് കോളെജ് ലോബികൾ പണമെറിഞ്ഞു ഉണ്ടാക്കുന്ന സമരങ്ങളാണ് നമ്മൾ എല്ലാ വർഷവും വഴിപാടുപോലെ കാണുന്ന സ്വാശ്രയ സമരങ്ങൾ.

ഒരു പ്രത്യേക പാർട്ടിക്കോ അഥവാ നേതാവിനോ കോടികൾ എറിഞ്ഞുള്ള സമര പ്രക്രിയകളാണ് നമ്മൾ അനുഭവിക്കുന്നത് .അതുപോലെ മറ്റൊരു പെയ്ഡ് സമരം ബിഎംഡബ്ള്യു കേരളത്തിൽ വന്ന ദിവസം കേരളത്തിൽ അരങ്ങേറിയിരുന്നു. അത് തമിഴ്‌നാട് സ്പോൺസർ ചെയ്ത സമരം. അതോടെ അവർ തമിഴ്‌നാട്ടിലേക്ക് കടന്നു .

എഡിബി വായ്പ്പക്കെതിരെ കരി ഓയിൽ ഒഴിച്ചുള്ള സമരങ്ങൾ , ഡോക്ടർ അനന്തമൂർത്തിക്കെതിരെ ഉണ്ടാക്കിയ സമരങ്ങൾ ആ പാവം ടിപി ശ്രീനിവാസൻ സാറിനെ മുഖത്തടിച്ചതിലും എല്ലാറ്റിലും ഒരു പ്രത്യേക അജണ്ടയിലാണ് കാര്യങ്ങൾ നീങ്ങിയിരുന്നത്.

കുട്ടിക്കുരങ്ങമാരെ കൊണ്ട് ചുടു ചോറ് വാരിപ്പിക്കുന്ന കളികൾ. എത്ര പ്രിൻസിപ്പൽ മാരെ ഇവർ ബന്ദിയാക്കിയിട്ടുണ്ട്. എത്ര ഉദ്യോഗസ്ഥരുടെ ജീവിതം കുത്തുപാളയെടുപ്പിച്ചിട്ടുണ്ട്. എല്ലാം നമ്മൾ കുറച്ച് പിന്നോട്ട് ചിന്തിച്ചാൽ ഓർമ്മയിൽ തെളിഞ്ഞു വരും .എല്ലാ സീസണിലെയും ഒന്നോ രണ്ടോ കുട്ടിനേതാക്കൾ പിന്നീട് എംഎൽഎയോ എംപിയോ ഒക്കെ ആയിട്ടുണ്ട് എന്നതൊഴിച്ചാൽ ബാക്കിയുള്ളവരുടെ അവസ്ഥ അവർ തന്നെ ഇപ്പോൾ തുറന്ന് പറയും . ഈയടുത്ത് മഹാരാജാസിലെ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചത് എന്തിനാണെന്ന് അവർക്കു തന്നെ അറിയാൻ പാടില്ലാത്ത ഒരു ഗതികേടിൽ ഇപ്പോൾ എസ്എഫ്ഐ എന്ന സംഘടന വന്നു നിൽക്കുമ്പോൾ , ഇപ്പോൾ ലോ കോളേജ് വിഷയത്തിലെ ചവിട്ടുമാറ്റം അല്ലെങ്കിൽ കരിങ്കാലിപ്പണി ചരിത്രത്തിന്‍റെ ഏടുകളിൽ സ്ഥാനം പിടിക്കുവാൻ പോകുന്ന ഒന്നാണ് .

" എണ്ണ ചട്ടികൾ നീന്തി കയറിയ ചിക്കൻ കാലിൽ ഊഞ്ഞാലാടിയ ഉള്ളി സവാള നീളെ കീറിയ വാഴപ്പിണ്ടി പ്രസ്ഥാനം " എന്ന് വാട്സ്ആപ്പിൽ വായിക്കേണ്ടി വന്നതിലുള്ള വിഷമം കൊണ്ടാണ് ഇത്രയും എഴുതേണ്ടിവന്നത് . ശരിക്കും വിഷമിക്കുന്നു. ഈ സംഘടനയുടെ ഇന്നത്തെ ദയനീയത കാണുമ്പോൾ.

ഇനിയെങ്കിലും തലപ്പത്ത് ഉള്ളവർ ഇക്കാര്യത്തിൽ ശ്രദ്ധിക്കുമെന്ന് വിശ്വസിച്ചുകൊണ്ട്

ലോ കോളേജ് സമരപ്പന്തലിൽ നിന്നും ദാസനും സഖാവ് വിജയനും

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+