follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

മഴയും കാറ്റും പച്ചപ്പും നല്ല ഓക്സിജനുമൊക്കെ എവിടെ ? ദൈവത്തിന്‍റെ കാരുണ്യമേറ്റ ഭൂമിക്ക് എന്തുപറ്റി ? വരള്‍ച്ച വലിഞ്ഞുമുറുക്കുമ്പോള്‍ വണ്‍ ടു ത്രീ പറഞ്ഞാല്‍ ഡാമില്‍ വെള്ളം നിറയുമോ ?

ദാസനും വിജയനും » Posted : 03/02/2017

ലക്ഷ്മി നായരുടെ പരട്ട മുഖമോ സരിതാനായരുടെ മസാല മുഖമോ രശ്മി നായരുടെ ഇളിഞ്ഞ മുഖമോ പിണറായിയുടെ കടുത്ത മുഖമോ വിഎസിന്റെ ചതുരമുഖമോ രമേശ്‌ചെന്നിത്തലയുടെ ഇരട്ടമുഖമോ ഉമ്മൻചാണ്ടിയുടെ പിണക്കമുഖമോ കുമ്മനത്തിന്റെ ബ്ലാക്‌വൈറ്റ് മുഖമോ മോഡിയുടെ ഗർവ് മുഖമോ അല്ല നമ്മുടെ ഇന്നത്തെ പ്രശ്നം. കേരളം കണ്ട ഏറ്റവും ദുരിതപൂർണ്ണമായ ഒരു വരൾച്ച നേരിടുവാൻ ഏവരും തയ്യാറെടുക്കേണ്ടിയിരിക്കുന്നു .

ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ കേരളം സന്ദർശിച്ചപ്പോൾ അല്ലെങ്കിൽ അങ്ങോട്ട് വരേണ്ടി വന്നപ്പോൾ തോന്നിയ കാര്യങ്ങൾ ഇവിടെ പറയാതെ വയ്യ - എയർപോർട്ടിൽ മോശമല്ലാത്ത കെട്ടിടങ്ങൾ ഉണ്ടെങ്കിലും മാറാല അടിക്കുവാൻ ആളില്ല. എമിഗ്രെഷൻ എന്ന പേരിൽ ഇരിക്കുന്നവരുടെ മുഖത്ത് മുതൽ ഡ്യുട്ടിഫ്രീയിൽ സെയിൽസ് ഗേൾസിന്റെ മുഖത്ത് വരെ ആരിലും സന്തോഷമോ ചിരിയോ കാണുവാനായില്ല.തിരുവന്തപുരം ശ്രീ ചിത്തിര ആശുപതിയിലോ തൃശൂരിലെ അമല ആശുപത്രിയിലോ വരുന്ന ആളുകളുടെ മുഖങ്ങൾപോലെ എല്ലാവരിലും കരിനിഴൽ . അന്വേഷിച്ചപ്പോൾ ഒന്നാംതിയ്യതിക്ക്‌ മുമ്പേ ശമ്പളം ലഭിക്കുന്നുണ്ട്. വീട്ടിലും അത്യാവശ്യം സൗകര്യങ്ങളുണ്ട്. ഡ്യുട്ടിഫ്രീയിലെ പെണ്ണുങ്ങൾക്കും മോശമല്ലാത്ത ശമ്പളവും നെറുകയിൽ സിന്ദൂരവുമുണ്ട്.

അത് കഴിഞ്ഞു നമ്മൾ പുറത്തോട്ട് ഇറങ്ങുന്ന വഴിയിൽ വെള്ള വസ്ത്രം ധരിച്ചുള്ള കസ്റ്റ൦സുകാർ. നമ്മൾ അഞ്ചുപേരെ കൊന്നു അവരുടെ സ്വർണ്ണവും പണവും എല്ലാം തട്ടിയെടുത്തു വരുന്നതുപോലെയുള്ള നോട്ടമാണ് അവർക്ക്.

അതിൽ നിന്നും തല ഊരിയാൽ പിന്നെ യാത്രക്കാരെ കാത്തുനിൽക്കുന്ന ബന്ധുക്കളും കൂട്ടുകാരും. അവരുടെ മുഖങ്ങളിൽ നേതാവിന്റെ ശവശരീരം അവസാനമായി ഒരു നോക്ക് കാണുവാൻ കാത്തുനിൽക്കുന്ന അണികളുടെ അവസ്ഥ. ആരിലും ചിരിയില്ല. എല്ലാം ദുഃഖമയം . പിന്നെ മെല്ലെ മുന്നോട്ട് ടാക്സിക്കായി നടന്നാൽ ലോട്ടറിക്കാർ നമ്മളെ പൊതിയും. അത് കഴിഞ്ഞാൽ ടാക്സിക്കാർ സൊറ പറഞ്ഞിരിക്കുന്ന ഇടത്തിൽ പോയി റെസീപ്റ്റ് കൊടുക്കണം .

റോഡിലോട്ട് ഇറങ്ങിയാൽ നാലുവരിപ്പാത , സ്പീഡ് ട്രാക്കിൽ ഓട്ടോറിക്ഷയും തമിഴൻ ലോറിയും ബൈക്കുകാരും , ബസുകാരും , സ്ലോ ട്രാക്കിൽ ബെൻസും ബിഎംഡബ്ള്യുവും ഓഡിയും . റോഡുവക്കുകളിൽ കാണുന്ന തെങ്ങിന്റെ മണ്ടയിൽ എല്ലാം മഞ്ഞ നിറമുള്ള ഓലകൾ. തേങ്ങയുടെ വലുപ്പം ആപ്പിളിന്റെ അത്രേം ഉള്ളൂ .

ലോകത്ത് ഒരു തെങ്ങിലെ തേങ്ങയിൽ ഏറ്റവും കൂടുതൽ വെളിച്ചെണ്ണ ഉള്ള ഭാഗമാണ് കൊടുങ്ങല്ലൂർ മുതൽ ചാലക്കുടി വരെയുള്ള ബെൽറ്റ്. അവിടെ ഇപ്പോൾ തെങ്ങുകൾ കണ്ടാൽ സോമാലിയയിലെ പിള്ളേരുടെ അവസ്ഥയാ. മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പാമോയിൽ കൂടുതൽ ചിലവാകുവാൻ പാമോയിൽ ലോബി തെങ്ങുകളെ വളത്തിലൂടെ നാശിപ്പിച്ചതാണെന്ന് തോന്നുന്നു.

റോഡുവക്കുകളിൽ ജിയോ, എയർടെൽ തുടങ്ങിയവരുടെ പരസ്യബോർഡുകൾ ഇടക്കിടക്ക് കാണാം. ഏതെങ്കിലും പറമ്പിലോട്ട് നോക്കിയാൽ കളകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥ. ആഫ്രിക്കൻ പായലും ഇത്തിക്കണ്ണികളും കേരളം മൊത്തം കീഴടക്കിയിരിക്കുന്നു. കൃഷിഭൂമിയുടെ ബർക്കത്ത് നഷ്ടപ്പെട്ടിരിക്കുന്നു.

കുളങ്ങളിൽ മൊത്തം ആഫിക്കൻ പായലും ചണ്ടിയും നിറഞ്ഞിരിക്കുന്നു. മതിലുകളിൽ കൈപ്പത്തിയും അരിവാൾ ചുറ്റിക നക്ഷത്രവും നിറയെ ഉണ്ടെങ്കിലും താമര കുളത്തിൽ നിന്നും ചുവരുകളിലേക്കു കൂടുമാറ്റം നടത്തി . മിക്ക വീടുകളുടെയും പെയിന്റ് പത്ത് വര്‍ഷം മുൻപ് കണ്ടത് തന്നെ. അവരിപ്പോഴും മ്യുസിയം പോലെ സൂക്ഷിക്കുന്നു.വീടുകളുടെ മുൻപിലും ചുറ്റിലും ഇപ്പോൾ മണ്ണ് മണൽ എന്നത് കാണ്മാനില്ല. എല്ലാം സിമന്റിൽ തീർത്ത ടൈൽസുകളും മറ്റും ലാൻഡ്സ്കേപ്പ് എന്നപേരിൽ സ്ഥാനം പിടിച്ചിരിക്കുന്നു. എന്നിട്ടു സിമന്റിൽ വീഴുന്ന വെള്ളം പുറത്തേക്കു കാനയിലേക്ക് തിരിച്ചുവിടുവാൻ ഓവുകൾ കാണാം.

ഈ വെള്ളം സ്വന്തം പറമ്പിലെ ഭൂമിയിലേക്ക് താഴ്ന്നു ഇറങ്ങിയിരുന്നതായിരുന്നു ഒരിക്കൽ. ഇപ്പോൾ ആ വെള്ളത്തെ നാട് കടത്തുമ്പോൾ സ്വന്തം വീട്ടിലെ കിണറെന്ന കുഴി തെമ്മാടിക്കുഴി മാത്രമായി മാറുന്ന കാഴ്ചകൾ നമ്മുക്ക് കണ്ടുതുടങ്ങാം .

ലോകത്ത് സ്വിസ്റ്റർലാന്റ് മഡഗാസ്കർ ഒക്കെ കഴിഞ്ഞാൽ ദൈവത്തിന്റെ കാരുണ്യമേറ്റ ഭൂമിയായിരുന്നു കേരളത്തിന്റേത്. പക്ഷെ ദൈവത്തിനും തെറ്റുപറ്റാം. ദൈവം ഇവിടത്തേക്കു അപ്പോയ്ന്റ്മെന്റ് ചെയ്ത ജനത ആഫ്രിക്കയിലേക്കോ അല്ലെങ്കിൽ നമോ പറഞ്ഞതുപോലെ ആഫ്രിക്കയിലെത്തന്നെ സൊമാലിയലിലേക്കോ വേണ്ടി ജനിപ്പിച്ചതാണ്.

അബദ്ധവശാൽ അവരൊക്കെ കേരളത്തിൽ തടിച്ചുകൂടി. അവർക്ക് പച്ചയും നല്ല ഓക്സിജനും നല്ല മഴയും നല്ല മണവും നല്ല കാറ്റും ഒന്നും വേണ്ട. അവർക്ക് വൈകുന്നേരമായാൽ രണ്ടെണ്ണം അടിച്ചാൽ മതി . ഇന്നിപ്പോൾ വൈകന്നേരം അങ്ങനെ ഒന്നും ഇല്ലാതായിരിക്കുന്നു. നേരം വെളുത്താൽ തന്നെ രണ്ടെണ്ണം അടിച്ചില്ലെങ്കിൽ കൈവിറക്കുന്ന ജനതയുടെ കൈപ്പിടിയിലാണ് കേരളം .

ടാക്സി ഏകദേശം എത്താറായപ്പോൾ വീടിനടുത്തെ രാഷ്ട്രീയക്കളരിയായ ചായക്കടയിൽ കയറി ഒരു പരിപ്പുവടയും ചായയും കുടിക്കാമെന്നു കരുതി ചായക്കടയിൽ കട്ട് ലെറ്റും സാൻഡ്‌വിച്ചും അവൈലബിൾ. പരിപ്പുവടക്ക് പഴയ മാർക്കറ്റില്ല എന്ന് ചായക്കടക്കാരന്റെ ന്യു ജെൻ മകൻ.

പക്ഷെ ചുവരിൽ അന്നെഴുതിക്കണ്ടിരുന്ന വാചകങ്ങൾ ഇപ്പോഴും "" അടിയന്തരാവസ്ഥ അറബിക്കടലിൽ "" എന്നും ""മാളക്കാരുടെ മാണിക്യവും നെടുമ്പാശ്ശേരിയുടെ പിതാവുമായ ലീഡറുടെ ഭൂരിപക്ഷം വർധിപ്പിക്കൂ "" എന്നും . പിന്നെ ആർട്ടിസ്റ് ബേബിയുടെ മൂന്നു സീനറികൾ . ചായക്കടയിലെ എൽസിഡി ടിവിയിൽ ന്യുസിലാന്റും സിംബാവെയും തമ്മിലുള്ള ടെസ്റ്റ് മാച്ച് കാണുന്ന ഒന്ന് രണ്ടുപേർ .

നാട് വിടുമ്പോൾ വീട്ടുപറമ്പിൽ വെച്ചിരുന്ന മരങ്ങൾ കാണുന്നില്ല. ജനിച്ചനാൾ മുതൽ കണ്ടിരുന്ന മാവുകൾ പ്ലാവുകൾ ഒന്നും കാണുന്നില്ല. മണ്ണുത്തിയിൽ നിന്നും വലിയ വിലക്ക് വാങ്ങിവെച്ച ഇലച്ചെടികളൊന്നും തന്നെ കാണുന്നില്ല. ആകപ്പാടെ ഇച്ചിരി ആന്തൂറിയവും ഓർക്കിഡുകളും മാത്രം അവിടവിടെ.

ബെല്ലടിച്ചു വാതിൽ തുറന്നപ്പോൾ അമ്മയോടുള്ള ആദ്യ ചോദ്യം അതായിരുന്നു , "" ഒന്നും പറയേണ്ട മോനെ , പറമ്പ് നിറയെ പെരുച്ചാഴികളും പാമ്പും. അതുകൊണ്ട് എല്ലാം മുറിക്കേണ്ടി വന്നു ""അച്ഛൻ വീട്ടിൽ തന്നെ ഉണ്ടോ അതോ അതും ഇതുപോലെ വേണ്ടെന്നു വെച്ചോ എന്ന് ചോദിക്കുവാൻ മനസ് വന്നില്ല . എലിയെ പേടിച്ചു നമ്മളെല്ലാം ഇല്ലം ചുടുന്ന കാലം .പത്തിരുപത് കൊല്ലങ്ങൾക്ക് മുമ്പ് ഇതുപോലെ വരൾച്ചവന്ന ഒരു കാലഘട്ടം മനസ്സിൽ വരുന്നു. സുന്ദരികളായ പെൺപിള്ളേരെ വീടിനു വെളിയിൽ കാണണമെങ്കിൽ വരൾച്ച വരണം. എല്ലാം പ്ലാസ്റ്റിക് കുടങ്ങളുമായി വെള്ളമുള്ള കിണറ്റിലേക്കോ , വെള്ളംവരുന്ന വണ്ടിയുടെ ക്യുവിലോ കാണാം. നിങ്ങളുടെ മക്കളെ നിങ്ങളുടെ പെങ്ങളെ നിങ്ങളുടെ ഭാര്യയെ നിങ്ങളുടെ അമ്മയെ ഇതുപോലെ വെള്ളം വണ്ടികളുടെ മുന്നിൽ ക്യു നിർത്താതിരിക്കുവാൻ വെള്ളം പാഴാക്കാതിരിക്കുക .

ജനത്തിന് വെള്ളം കിട്ടാതായാൽ അവർക്ക് ഇത്തവണ വോട്ട് തന്നു ജയിപ്പിച്ചവരോടുള്ള സ്നേഹം കുറഞ്ഞാൽ , അല്ലെങ്കിൽ എല്ലാം ശരിയാക്കാമെന്ന് വാക്കുകൊടുത്തുകൊണ്ട് കസേരയിലിരിക്കുന്ന കേരളത്തിന്റെ ചങ്കൂറ്റമാണെന്ന് സ്വയം അവകാശപ്പെടുന്ന ഇരട്ടചങ്കന്മാരുടെയും അവരുടെ കൂടെയുള്ളവരുടെയും ജനസമ്മതി കുറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല.

വേനൽ കനക്കുമ്പോൾ വരൾച്ച രൂക്ഷമാവുമ്പോൾ എയർ കണ്ടീഷൻ ഉണ്ടെന്ന് കരുതി അഹങ്കരിച്ചിട്ടും കാര്യമില്ല. വൺ ടു ത്രീ പറഞ്ഞുകൊണ്ട് ജീവനെടുക്കുന്നതുപോലെ ഡാമിൽ വെള്ളം നിറക്കാൻ പറ്റൂല. അപ്പോൾ പവർകട്ടും ലോഡ് ഷെഡിങ്ങും മുൻ വർഷത്തേക്കാൾ വളരെ ഗംഭീരമായി തന്നെ അരങ്ങേറും .

എന്തായാലും എന്തോ ഒരു ഗതികേട് കേരളത്തെയും കേരളം ജനതയെയും പിന്തുടരുന്നു. ആളുകളുടെ മനസികാവസ്ഥകൾ പോലെത്തന്നെ അല്ലെങ്കിൽ മനസ്സിലിരുപ്പ് പോലെത്തന്നെ കൃഷിയും തെങ്ങും റബ്ബറും എന്തിനധികം സ്വന്തം കൃഷി സ്ഥലങ്ങളും നശിച്ചുകൊണ്ടിരിക്കുന്നു.

കുളങ്ങളിൽ ആഫ്രിക്കൻ മുഷുവും ഡാമുകളിൽ ചീങ്കണ്ണികളും പെറ്റുപെരുകുന്നു. വീട്ടുവളപ്പിലെ കിണറുകളിലെ വെള്ളത്തിൽ കളറുകൾ നിറയുന്നു. മണ്ണയിടിയുന്നു . ഗ്രാമങ്ങൾ തോറുംവ്യത്യസ്തങ്ങളായ ക്യാൻസറിന്റെ പിടിയിലമരുന്നു. ചെറുപ്പക്കാരുടെ ലിവറുകളും കിഡ്നികളും ദ്രവിച്ചുകൊണ്ടിരിക്കുന്നു.

അകാലത്തിൽ ജീവൻ പൊലിയുന്ന ഒരു ദേശമായി കേരളം മാറുന്നു. ഇനിയിപ്പോൾ വരൾച്ചയും കേരളത്തെ വരിഞ്ഞുമുറുക്കുവാൻ കാത്തിരിക്കുന്നു. പ്രകൃതിയെയും പക്ഷിമൃഗാദികളെയും സ്നേഹിക്കുവാൻ പഠിക്കുക. വെള്ളം അമൂല്യമാണ് ഒപ്പം ഓക്സിജനും, പിന്നെ മനുഷ്യ സ്നേഹവും.

എല്ലാറ്റിനും ഓരോ കാരണമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട്
മലമ്പുഴ ഡാമിൽ നിന്നും ദാസനും ഇടുക്കി ഡാമിൽ നിന്നും വിജയനും:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+