follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

മോഡി എത്തിയത് മെട്രോ ഉദ്ഘാടനം കര്‍ണ്ണാടകയിലും ഗുജറാത്തിലും മദ്ധ്യപ്രദേശിലുമൊക്കെ മൂന്നാം വര്‍ഷത്തെ അത്ഭുതമാക്കി പ്രചരണായുധമാക്കാന്‍ ലക്‌ഷ്യം വച്ച്. വിളിക്കാതെ വന്ന കുമ്മനവും വിളിച്ചിട്ട് വന്ന ചെന്നിത്തലയും വീട്ടിലിരിക്കുന്നതായിരുന്നു ഭേദം

ദാസനും വിജയനും » Posted : 17/06/2017

അച്ഛനില്ലാത്ത മാമോദീസ എന്നതുപോലത്തെ ഒരു ദിവസമായിരുന്നു മെട്രോ ഉത്‌ഘാടന ദിവസത്തിലെ ആകെമൊത്തം സംഭവങ്ങൾ കണ്ടപ്പോൾ ഉള്ളിന്റെ ഉള്ളിൽ നിന്നും തോന്നിയത് .

പിന്നെ ആകെ ഒരാശ്വാസം മെട്രോമാൻ പട്ടാമ്പിക്കാരൻ ശ്രീധരേട്ടന്റെ പേര് സദസ്സിൽ പറഞ്ഞപ്പോൾ കണ്ട കയ്യടികളും വിസിലടിയും, പിണറായി വിജയൻ എന്ന മനുഷ്യന്റെ നന്മ നിറഞ്ഞ മുഖഭാവവും പ്രസംഗവും കൂടാതെ അവസാന സമയത്ത് വെങ്കയ്യ നായിഡുവിന് സംസ്ഥാന സർക്കാരിന്റെ ഉപഹാരം കൊടുക്കുവാൻ നേരത്ത് കാണിച്ച വിനയവും . ഇതൊക്കെ കാണുമ്പോൾ കുറച്ചൊക്കെ നന്മകൾ കേരളത്തിലും കേരളജനതയിലും ബാക്കിയുണ്ടല്ലോ എന്ന് സന്തോഷിച്ചുപോകുന്നു .പിന്നെ മാധ്യമങ്ങളും സോഷ്യൽ മീഡിയയിലും വിവാദമാക്കുവാൻ സാധ്യതയുള്ള രണ്ട് വിഷയങ്ങളിൽ ഒന്ന് കുമ്മനം രാജേശഖരേട്ടനെ മെട്രോയിൽ കയറ്റിയിരുത്തി എന്നതാണ് . അതിൽ വലിയ ഒരു അട്ടിമറി ഒന്നും ഞങ്ങൾ കാണുന്നില്ല . കാരണം ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന പാർട്ടിയുടെ സ്വന്തം പ്രധാനമന്ത്രി വരുമ്പോൾ ആ പാർട്ടിയുടെ നേതാവ് കൂടെ കൂടുന്നതിൽ തെറ്റുകൾ കാണുന്നില്ല .

കൊച്ചി മെട്രോയില്‍ ആദ്യമായി കള്ളവണ്ടി കയറിയ ആള്‍ എന്നൊക്കെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ടെങ്കിലും മുൻ പ്രധാനമന്ത്രിമാർ വരുമ്പോഴൊക്കെ ഇതുപോലെ അവരവരുടെ പാർട്ടി പ്രസിഡന്റ് കൂടെ കൂടാറുണ്ട് . അതല്ലാതെ അവർക്കും പാർട്ടിക്കും ഷൈൻ ചെയ്യുവാൻ വേറെ നിർവാഹമില്ലാത്തതുകൊണ്ട് അതിൽ അത്ഭുതപ്പെടേണ്ടതില്ല. പക്ഷെ പാവം കുമ്മനം ഇരിക്കുന്നതുകണ്ടപ്പോൾ ശരിക്കും മനസ്സിൽ വിഷമം തോന്നി .

രണ്ടാനമ്മയുടെ അടുത്ത് ഇരിക്കുന്നതുപോലെ അല്ലെങ്കിൽ വിളിക്കാത്ത സദ്യക്കുപോകുമ്പോൾ ഉണ്ടാകുന്ന ജാള്യത കുമ്മനത്തിന്റെ മുഖത്ത് കാണാമായിരുന്നു . കാരണം കുമ്മനവും ഏറെക്കുറെ കേരളത്തിലെ സോഷ്യൽ മീഡിയയുടെ സ്വഭാവം പഠിച്ചുകഴിഞ്ഞു .പിന്നെ രണ്ടാമത്തെ വിഷയം .ഉത്‌ഘാടന ചടങ്ങിൽ ആദ്യം പാടിയ പ്രാർത്ഥനയാണ് . ഓം ശാന്തി ഓം ശാന്തി എന്ന് പാടിയപ്പോൾ പിണറായിയുടെ മുഖത്തെ നന്മ മായുന്നത് നാം കണ്ടു . ആ പ്രാർത്ഥനയും പ്രധാനമന്ത്രിയുടെ പ്രോട്ടോക്കോൾ ഓഫീസിൽ നിന്നും വന്നതാണെന്ന് നമ്മൾ വിശ്വസിക്കുന്നു . അല്ലെങ്കിൽ അത്രയും ധൈര്യം കേരളത്തിൽ ഉള്ളവർക്ക് ഉണ്ടാകുവാൻ സാധ്യമല്ല .

അത് കേട്ടപ്പോൾ മോദിജിയുടെ മുഖത്ത് ഒരു വിജയഭാവം കാണാമായിരുന്നു. ഓംകാരം കുറെ കേട്ടപ്പോൾ തോന്നിയ ഒരു കാര്യം എഴുതിയെന്നേയുള്ളൂ . കൂടാതെ ദേശീയഗാനവും പ്രാർത്ഥന ഗീതങ്ങളും ഒക്കെ സ്റ്റേജിൽ പാടുമ്പോൾ എഴുന്നേറ്റ് നിൽക്കുക എന്നൊരു സാമാന്യമര്യാദ കാണിക്കുവാൻ വരെ ഈ ഉത്‌ഘാടന മഹാന്മാർ മറന്നുപോയി. ഈ അബദ്ധം വേറെ ആർക്കെങ്കിലും പറ്റിയിരുന്നെങ്കിൽ ഇന്നിപ്പോൾ കാണേണ്ട പുകിലുകൾ വേറെ ആയിരുന്നു

രമേശ് ചെന്നിത്തലക്ക് ഇതിലും ഭേദം പങ്കെടുക്കാതെ വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു . കാരണം ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും . അദ്ദേഹം പങ്കെടുക്കാതെ ഇരുന്നിരുന്നുവെങ്കിൽ അണികൾക്കെങ്കിലും സ്വന്തം ഗ്രാമങ്ങളിലും സോഷ്യൽ മീഡിയകളിലും തത്ക്കാലം പിടിച്ചുനിൽക്കാമായിരുന്നു .മെട്രോ ആര് ഉത്ഘാടിക്കും എന്ന കാര്യത്തിൽ ഇത്രയും കോലാഹലങ്ങൾ നടന്ന ഈ സാഹചര്യതിൽ ഈ ചിത്രത്തിന് പ്രസക്തിയേറെയാണ്.

1957 ജനുവരി 13ന് ഒറീസയിലെ ഹിരാക്കുഡ് പവര്‍ പ്രൊജക്റ്റ് തദ്ദേശവാസിയായ ജോലിക്കാരിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്ന അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ലോകത്തിന് തന്നെ മാതൃകയാകുകയായിരുന്നു.ഇടുക്കിയിലെ അണക്കെട്ടും നെടുമ്പോശ്ശേരിയിലെ വിമാനത്താവളവും പോലെ കേരളത്തിന്റെ അഭിമാന പോജക്ട് ആയ കൊച്ചിമെട്രോയും ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിക്കുമ്പോൾ ഉമ്മൻ ചാണ്ടിയെ ആരെങ്കിലും മറന്നാൽ അത് മനസാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും .

അഡ്വേക്കേറ്റ് ജയശങ്കർ വരെ ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയുടെ പങ്ക് വ്യക്തമാക്കിയപ്പോൾ ,ഉത്‌ഘാടന ചടങ്ങിൽ വെച്ച് സ്വാഗതം പറഞ്ഞ എംഡിയോ , പ്രസംഗം നടത്തിയ മുഖ്യമന്ത്രിയോ , പ്രധാനമന്ത്രിയോ ഉമ്മൻ ചാണ്ടിയുടെ പങ്കിനെ സൂചിപ്പിക്കുകയായിരുന്നു എങ്കിൽ അത് അവരോടുള്ള ബഹുമാനം കൂട്ടുവാൻ ഉപകരിക്കുമായിരുന്നു .

ശ്രീധരന് കിട്ടിയ കയ്യടിയേക്കാൾ കയ്യടി ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ലഭിക്കുമായിരുന്നു എന്നു പറയാതെ വയ്യ . ഇനി ആ പേര് പറയാന്‍ ബുധിമുട്ടുണ്ടെങ്കില്‍ മുന്‍ മുഖ്യമന്ത്രി എന്നെങ്കിലും പറയാമായിരുന്നു.

അഹമ്മദാബാദിലെ നിർദ്ദിഷ്ട മെട്രോ പതിനേഴ് കൊല്ലങ്ങളായി ചുവപ്പുനാടയിലും കാവി നാടയിലും കുരുങ്ങിക്കിടപ്പാണ് . ജയ്‌പൂർ മെട്രോ അവിടത്തെ മുഖ്യമന്ത്രിയും , മുംബൈ മെട്രോ അവിടത്തെ മുഖ്യമന്ത്രിയും , ബാംഗ്ലൂർ മെട്രോ പ്രസിഡണ്ടും , ചെന്നൈ മെട്രോ അവിടത്തെ മുഖ്യമന്ത്രിയും ഉദഘാടനം ചെയ്തപ്പോൾ കേരളത്തിന്റെ മെട്രോ ഉത്ഘാടനം ചെയ്യുവാൻ വാശിപിടിക്കുവാൻ കാരണം കേരളത്തിൽ നിന്നും വോട്ടുകൾ വാരിയെടുക്കുവാൻ അല്ല .മറിച്ച് ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടുക്കുന്ന കർണാടകത്തിലും മധ്യപ്രദേശത്തിലും ഗുജറാത്തിലും ഒക്കെ ഈ വീഡിയോ കാണിച്ചാൽ അവിടെ വോട്ടുകൾ വാരികൂട്ടാം .അവിടെയുള്ളവർക്ക് എന്ത് കേരളം ?

ഇപ്പോൾ ദുരിതം അനുഭവിക്കുന്ന ഇറാഖിലും സിറിയയിലും യെമനിലും ഒക്കെ ഇപ്പോൾ കാണുന്ന ഈ തീക്കളികൾ ഒക്കെ പണ്ടൊക്കെ ആരോ ചെയ്തുകൂട്ടിയ പാപങ്ങൾക്കുള്ള തിരിച്ചടികളാണ് .

ഭരിക്കുന്നവർ അധികാരം കയ്യിൽ കിട്ടുമ്പോൾ കാണിച്ചുകൂട്ടുന്ന അവസരവാദ നയങ്ങളും അടിച്ചമർത്തൽ നയങ്ങളും പിന്നീട് ദുരന്തങ്ങളായി പരിണമിക്കുമ്പോൾ ഇവിടെ ഇതെല്ലം സഹിക്കേണ്ടത് പാവം ജനതയാണ് . അല്ലാതെ ഭരിക്കുന്നവരുടെ വീട്ടുകാരോ ഭരിക്കുന്നവരോ ആയിരിക്കില്ല എന്ന സത്യം ഓർമ്മിപ്പിച്ചുകൊണ്ട്,

മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകുന്നത് കണ്ട വിഷമത്തോടെ ദാസനും ട്രാൻസ്‌ജെൻഡർ വിജയനും

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+