follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

കുരയുക്കുന്ന ഡോഗുകൾ കടിക്കില്ലെന്നൊരു പഴമൊഴി ! പ്രസംഗിക്കുന്ന നേതാക്കള്‍ പ്രവര്‍ത്തിക്കില്ലെന്ന് മറുമൊഴി ! "ഭായിയോം ബഹനോം" പണ്ടൊരു പ്രതീക്ഷയായിരുന്നെങ്കില്‍ ഇന്നതൊരു മഹാദുരന്തം...

ദാസനും വിജയനും » Posted : 06/10/2017

കുരയ്ക്കുന്ന ഡോഗുകൾ കടിക്കില്ല എന്നാണ് പണ്ടാരോ പറഞ്ഞിരിക്കുന്നത് , അതുതന്നെയാണ് ഇപ്പോഴും കണ്ടുവരുന്നത്. ബുദ്ധിയുള്ളവർ എപ്പോഴും പറഞ്ഞു നടക്കാറില്ല.

ഇതൊക്കെ ഇപ്പോൾ പറയേണ്ടിവന്നത് നമ്മുടെ നാട് ഭരിക്കുന്നവരുടെ ആവേശവും അഹങ്കാരവും ഒക്കെ കണ്ടു മടുത്തപ്പോഴാണ് . പ്രസംഗകലയുടെ കുലപതിയായ ജനാബ് അബ്ദുൽ നാസർ മഅദനി രാഷ്ട്രീയം കളിക്കുവാൻ അറിയാതെ കൂടെയുള്ളവരുടെ ചവിട്ടേറ്റ് ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിൽ മാരക രോഗങ്ങളെ നേരിട്ട് ജീവിതം തള്ളി നീക്കുകയാണ് .അതുപോലെ മറ്റൊരാൾ , പ്രസംഗം കണ്ടുപിടിച്ചയാൾ എന്നൊക്കെ വേണേൽ പറയാം , അബ്ദുസ്സമദ് സമദാനി എന്നൊരു പ്രസംഗ വീരൻ സ്വന്തം പാർട്ടിയിൽ ഒരു പഞ്ചായത്ത് മെമ്പർ സീറ്റ് വരെ കിട്ടാതെ അലയുകയാണ്. ചാനൽ പ്രസംഗകലയിൽ രാജാവായ സുരേന്ദ്രൻ 86 വോട്ടിന് മുട്ടുമടക്കിയത് മാത്രമല്ല , അറിയാതെ ഹിന്ദി പരിഭാഷ നടത്തുവാൻ ശ്രമിച്ച് കുടുങ്ങി കിടക്കുകയാണ് .

ശോഭ സുരേന്ദ്രൻ പ്രസംഗിച്ച് പ്രസംഗിച്ച് ഇപ്പോൾ വരുമാനം എന്തെന്ന് ചോദിച്ചപ്പോൾ മറുപടിയില്ലാതെ അലയുകയാണ് . തൊണ്ടയിടറി പ്രസംഗിച്ച് ആവേശം പകരുന്ന ശശികല ടീച്ചർക്ക് സ്വന്തം തറവാട്ടില്‍ വരെ സ്ഥാനമില്ലാത്ത അവസ്ഥ .

പ്രസംഗം ഒരു കലയാണെന്ന് നമുക്ക് മനസിലാക്കി തന്ന പീതാംബരക്കുറുപ്പ് ഇപ്പോൾ ശ്വേതാ മേനോനിൽ തട്ടി വനവാസത്തിലാണ്. പ്രസംഗ കലയിലെ അജയ്യനായ രാജ് മോഹൻ ഉണ്ണിത്താന്‍ ജീവിതത്തിൽ ജയിച്ചു കയറുവാനാകാതെ വിയർക്കുകയാണ്.മാധ്യമ പ്രവർത്തകരിലെ പ്രസംഗ വീരൻ നികേഷ്കുമാർ ഇപ്പോൾ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ്. ടിവി രാജേഷ് എന്നൊരു പ്രസംഗവിദ്വാൻ ഒരു പൊട്ടിക്കരച്ചിലോടെ ആ പാർട്ടിയെ തന്നെ നാണക്കേടിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. സിന്ധു ജോയിയെ കാണ്മാനേയില്ല.

ഇങ്ങനെ എത്രയോ എത്രയോ വാചകമടിക്കാർ ഇപ്പോൾ ജീവിതത്തിൽ തന്നെ ഒന്നുമല്ലാതായി മാറുന്ന ഇക്കാലഘട്ടത്തിൽ ഇങ്ങനെ ഒരു എഴുത്ത് എഴുതുവാൻ കാരണം ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ഇന്നത്തെ അവസ്ഥകൾ കാണുമ്പോഴാണ് .

ഭായിയോം ബഹനോം വിളിച്ചു വിളിച്ചു അവസാനം നമ്മുടെ രാഷ്ട്രപിതാവിനെ മോഹൻലാൽ കരം ചന്ദ് ഗാന്ധി എന്ന് പറയുന്ന ഒരു സ്ഥിതി വിശേഷംവരെ സംജാതമായിരിക്കുന്നു . "സ്ലിപ്പ് ഓഫ് ദി ടങ്" എന്നൊക്കെ ഓമനപ്പേരിൽ പറയാമെങ്കിലും ഈ തെറ്റ് അദ്ദേഹത്തിന് ദൈവം അറിയിച്ചുകൊടുത്ത ഒരു മുന്നറിയിപ്പാണ്.ജീവിതത്തിൽ പലരീതിയിലും ജയിച്ചുജയിച്ചു കയറുമ്പോൾ കഴിവുള്ള മറ്റുള്ളവരുടെ തോളിൽ ചവുട്ടിക്കയറുന്നതിനുള്ള ശിക്ഷ എന്ന് വേണേലും പറയാം.

ഇന്ത്യയുടെ നാമം ലോകത്തിന്റെ നെറുകയിൽ എത്തിക്കുവാൻ പരിശ്രമിച്ച ബുദ്ധിജീവി മൻമോഹൻ സിംഗിനെ കുറച്ചൊന്നുമല്ല മോദിജി പരിഹസിച്ചിരുന്നത് . പ്രസംഗിക്കുവാൻ കാര്യമായി അറിയില്ല എന്ന ഒറ്റക്കാരണത്താൽ എത്ര തവണയാണ് മോദിജി അദ്ദേഹത്തെ വെല്ലുവിളിച്ചിരിക്കുന്നത് .

ഇപ്പോൾ ഒരു കാര്യം മനസിലാക്കുന്നു. മാധ്യമങ്ങളൊന്നും പഴയതുപോലെ ഓശാന പാടുവാൻ നിൽക്കുന്നില്ല എന്നത് കാണുമ്പോൾ അവർക്കൊക്കെ വീതിച്ചുകൊടുത്ത പണവും അതിന്റെ സമയപരിധിയും കഴിഞ്ഞുകാണും എന്ന് തോന്നിപ്പോകുന്നു .റിപ്പബ്ലിക്കൻ ടിവിയിലെ അർണാബ് മാത്രമേ ഇപ്പോൾ മോദിജിക്ക്‌ ഏറാൻ മൂളുന്നുള്ളൂ . ഏഷ്യാനെറ്റിലെ രാജീവ് ചന്ദ്രശേഖർ വരെ ഇപ്പോൾ ചുവിട്ടുമാറ്റത്തിനുള്ള തയ്യാറെടുപ്പിലാണെന്നൊരു കേട്ടുകേള്‍വിയുണ്ട്. തെറ്റാണെങ്കില്‍ പൊറുക്കുക .

അൽഫോൻസിൻറെ അപ്രതീക്ഷിത മന്ത്രിസ്ഥാനം രാജീവിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത് . കർണ്ണാടകയിൽ കോൺഗ്രസുമായും കേരളത്തിൽ ഇടതുമായും അടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് രാജീവിപ്പോൾ . പ്രതിപക്ഷപാർട്ടികൾ യാതൊരു പ്രക്ഷോപവും ബന്ദും ഹർത്താലും നടത്താതെ തന്നെ ഭരണകക്ഷി ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുന്നു എന്നത് യാഥാർഥ്യം .

മൂന്ന് വർഷങ്ങൾക്ക് മുൻപൊക്കെ നമ്മുടെ കൂട്ടുകാരിൽ പലരും കോൺഗ്രസ്സ് അനുഭാവം ഉള്ളവരും കമ്മ്യുണിസ്റ് അനുഭാവം ഉള്ളവരും മോദിജിയുടെ പ്രസംഗത്തിൽ ആകൃഷ്ടരായി ഇന്ത്യാ രാജ്യത്ത് ഇപ്പോൾ എന്തെങ്കിലുമൊക്കെ നടക്കും , മറ്റൊരു സ്വിറ്റ്സര്‍ലന്‍ഡ് ആകും എന്നൊക്കെ വ്യാമോഹിച്ച് മോദിജിയുടെയും അമിത്ഷായുടെയും കൂടെ കൂടിയിരുന്നു .അവരൊക്കെ ഇപ്പോൾ സ്വന്തം ആശയങ്ങളിലേക്ക് തിരിച്ചുപോക്ക് നടത്തുവാനുള്ള മാനസിക തയ്യാറെടുപ്പിലാണ് . വിദേശങ്ങളിലേക്കുള്ള യാത്രകളിലും മറ്റും ജനങ്ങൾ ഏറെ പ്രതീക്ഷകൾ അർപ്പിച്ചിരുന്നു . നോട്ട് നിരോധിച്ചപ്പോൾ എല്ലാവരും കരുതി ഇപ്പൊ രക്ഷപ്പെടും എന്ന് . പക്ഷെ
അതൊരു മഹാദുരന്തം മാത്രമായിരുന്നു എന്നത് എല്ലാവര്‍ക്കും മനസ്സിലായി .

ഗ്യാലറിയിലിരുന്ന് കളി കാണുമ്പോൾ ആർക്കും ഗോളടിക്കാം ഗോളടിപ്പിക്കാം . പക്ഷെ പന്ത് കയ്യിൽ കിട്ടിയാൽ ഗോളടിക്കുക എന്നത് ഒരു മിഥ്യയായി മാറുന്നു എന്ന സത്യം ഇന്നിപ്പോൾ ഇന്ത്യൻ ജനത മനസിലാക്കുന്നു . പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാതെ ഇനിയൊരു കോംപ്രമൈസിനില്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഭായിയോം ബഹനോം എന്നൊരു പ്രസംഗം ഓർമ്മിപ്പിക്കുന്നു .

ഇനിയെങ്കിലും നാവടക്കൂ പണിയെടുക്കൂ എന്നഭ്യർത്ഥിച്ചുകൊണ്ട്,

മോഹൻലാൽ കരംചന്ദ് ഗാന്ധിയുടെ ശിഷ്യൻ ദാസനും ഡ്രൈവർ വിജയനും


:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+