കു.കു.കു. സഖ്യം ചുമ്മാ മണ്ടന്‍ കളികളൊന്നും കളിക്കില്ല ! അവര്‍ ജയിക്കാനായ് ജനിച്ചവര്‍ ! എഫ്ബി കോണ്‍ഗ്രസുകാരും സുധീരനും പയറ്റുന്നത് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനോ ?

ദാസനും വിജയനും
Monday, June 11, 2018

എന്നും രാജ്യസഭാ സീറ്റുകളാണ് കോൺഗ്രസ്സ് പാർട്ടിയുടെ ശവപ്പെട്ടികളിൽ ആണിയടിക്കാറുള്ളത്. ഇത്തവണയും ആ ആണിയടി നടക്കുമോന്നാ സംശയം. പ ക്ഷെ ഒന്ന് പറയാതെ വയ്യ.  കു . കു . കു സഖ്യം ചുമ്മാ മണ്ടൻ കളികളൊന്നും ഇതുവരെ കേരളജനതക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടില്ല.

കാഞ്ഞ ബുദ്ധിയാണ് ഈ മൂവർ സംഘത്തിന്റേത് . അതിൽ തിലകക്കുറിയായി ചെന്നിത്തലയിൽ നിന്നുദിക്കുന്ന ബുദ്ധിയും . ഇതുവരെയുള്ള രാജ്യസഭാ സീറ്റുകളിൽ തട്ടിയാണ് എന്നും ഗ്രൂപ്പുകൾ മുളപൊട്ടി വളരാറുള്ളത്.  ഇത്തവണ ആ മുളകൾ മുളയിലേ നുള്ളിയതിൽ നല്ലവരായ എല്ലാ കോൺഗ്രസ്സുകാർക്കും ആശ്വസിക്കാം . 2019 ലോകസഭാ തിരഞ്ഞെടുപ്പിലേക്ക് എല്ലാവരും അരയും തലയും മുറുക്കി കെട്ടിതന്നെയാണ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.

കുഞ്ഞാപ്പയുടെ ദൽഹി നീക്കവും കുഞ്ഞൂഞ്ഞിന്റെ ദൽഹി പോക്കും കൂടിയായപ്പോൾ കുഞ്ഞുമാണിക്ക് സംഭവം മനസ്സിലായി . അടുത്ത ഇന്ത്യയെ ഇവരായിരിക്കും കൈകാര്യം ചെയ്യുക എന്ന വസ്തുത . കുഞ്ഞാപ്പ കൂട്ടിനായി കരീമിനെ കൂടെ കൂട്ടുമ്പോൾ കച്ചവടവും രാഷ്ട്രീയവും വ്യവസായവും ഒക്കെ തകൃതിയായി നടക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു .

അടുത്ത് തന്നെ കോടിയേരി മക്കളും ഡൽഹിയിലേക്ക് പറന്നാൽ അത്ഭുതപ്പെടേണ്ടതില്ല . ഇവരൊക്കെ ഒരുമിച്ചാൽ മോഡിയും അമിട്ടും പോർബന്തറിലേക്കു തീവണ്ടി കയറുകയായിരിക്കും ഉചിതം . ഇവരുടെ നേതാവായി നമ്മുടെ ഡികെ കൂടി ഉണ്ടെങ്കിൽ പിന്നെ ഇന്ത്യയെ പിടിച്ചാൽ കിട്ടില്ലെന്നുറപ്പ് .

ഇനി ബാംഗ്ലൂർ വഴി ചെങ്ങന്നൂരിലേക്ക് സഞ്ചരിക്കാം.  2018 ഇൽ ആണവകരാറിന്റെ പേര് പറഞ്ഞുകൊണ്ട് സഖാവ് പ്രകാശ് കാരാട്ട് അവർകൾ യുപിഎ ക്കുള്ള പിന്തുണ പിൻവലിച്ചപ്പോൾ ഭരിക്കുവാനാവശ്യമായ എംപിമാരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് മനസ്സിലാക്കിയ അഹമ്മദ് പട്ടേൽ ആദ്യം വിളിച്ചത് ഡികെയെയായിരുന്നു .

വയലാർ രവി ദൂതനായി ഡികെ യെ സമീപിക്കുകയും രണ്ടുദിവസം കൊണ്ട് നാല് പ്രതിപക്ഷ എംപിമാരെ എംപിമാരെ അടർത്തിയടുത്ത മഹാനാണ് ഡികെ ശിവകുമാർ . അഹമ്മദ് പട്ടേലിനെ രാജ്യസഭ കാണിക്കില്ലെന്ന് അമിത്ഷാ വെല്ലുവിളിച്ചപ്പോൾ ഗുജറാത്തിലെ എംഎൽഎ മാരെ ഒന്നടങ്കം പൊക്കിക്കൊണ്ടുവന്നു അഹമ്മദ് പട്ടേലിന്റെ മാനം കാത്ത ഡികെയെ ഇല്ലാതെ കർണ്ണാടകത്തിൽ കോൺഗ്രസ്സിന് പച്ച തൊടുവാൻ ആവില്ലെന്ന് ഏകദേശം ഉറപ്പായി .

ഒരു കാലഘട്ടത്തിൽ കോൺഗ്രസ്സിന്റെ കാവലാളായിരുന്ന വൈ എസ് ആറിന്റെ പകരക്കാരനാണ് ഇന്നിപ്പോൾ ഡികെ . പാർട്ടിക്ക് ഫണ്ട് ഉണ്ടാക്കികൊടുക്കുക എന്നതാണ് അടുത്ത ലക്‌ഷ്യം.

അതുപോലെ ജയിക്കുവാനായ് ജനിച്ചവനാണ് ചെന്നിത്തല. പുള്ളിക്കാരൻ കെപിസിസി പ്രസിഡണ്ട് ആയിരിക്കുമ്പോൾ കോൺഗ്രസ്സ് ഒരു തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല എന്ന നഗ്ന സത്യം എല്ലാവരും മറന്നു.  കാരണം എന്നും ജയിച്ചുപോന്നിരുന്ന ആൾ അങ്ങനെ തോൽക്കത്തില്ല എന്ന് ഏവർക്കും അറിയാം .

ഇത്രേം ഉറപ്പുള്ള സീറ്റായ ചെങ്ങന്നൂരിൽ എന്താണ് സംഭവിച്ചത് ? കോൺഗ്രസിന്റെ കിട്ടാവുന്നതിൽ ഏറ്റവും നല്ല സ്ഥാനാർത്ഥിയായിരുന്നു അവിടെ മത്സരിച്ചത്. അദ്ദേഹത്തിന്റെ മകൾ ആയിരുന്നാലും അങ്കം മുറുകിയേനെ. കോൺഗ്രസിന്റെ എല്ലാ എംഎൽഎ മാരും കെപിസിസി ഭാരവാഹികളും മുഴുവൻ സെൽഫിയും ലൈവ് ടെലികാസ്റ്റ് ആയി ചെങ്ങന്നൂരിൽ അലഞ്ഞെങ്കിലും 20000 വോട്ടിന് സജി ചെറിയാൻ വിജയിച്ചു .

നൂറു കണക്കിന് ഫ്ലെക്സുകൾ കെട്ടികിടന്നപ്പോഴും , ആയിരക്കണക്കിന് അഭ്യർത്ഥന നോട്ടീസുകൾ പുഴയിൽ ഒഴുക്കിയപ്പോഴും രണ്ടായിരം അധികം വോട്ടുകൾ ആ പാവപ്പെട്ട കോൺഗ്രസുകാരൻ നേടിയപ്പോൾ ശരിക്കും അവിടെ ജയിച്ചത് വിജയകുമാർ തന്നെ.

ചെങ്ങന്നൂരിലേത് പിണറായിയുടെ മുഖം രക്ഷിക്കുവാൻ ചെന്നിത്തല സമ്മാനിച്ച വിജയമാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ മാത്രം. പകരം ലോക്സഭാ സീറ്റുകളിൽ കടുപ്പമില്ലാത്ത സ്ഥാനാർത്ഥികളെ നിർത്തിക്കൊടുക്കാം എന്ന വാക്കിന്റെ അടിസ്ഥാനത്തിൽ പിണറായിയും ചെന്നിത്തലയും തമ്മിലുള്ള പക്കാ അഡ്ജസ്റ്റ്‌മെന്റ്.

പക്ഷെ ടിപി കേസിൽ ഈ കൂട്ടുകെട്ട് പ്രയോഗിച്ചെങ്കിലും ഭരണം കിട്ടിയപ്പോൾ എല്ലാ കോംപ്രമൈസുകളും കാറ്റിൽ പറത്തിക്കൊണ്ട് സരിതയെ വീണ്ടും രംഗത്തിറക്കിയ നാടാണ് കേരളമെന്ന് ഈ അഡ്ജസ്റ്മെന്റുകാർ ഓർക്കുന്നത് നന്ന്.

പിജെ കുര്യൻ – പിസി ചാക്കോ , പിന്നെ പഴയ പിസി അലക്‌സാണ്ടർ എംഎം ജേക്കബ് വയലാർ രവി എന്നിവരൊക്കെ ഡൽഹിയിലെത്തിയാൽ പിന്നെ സായ്പ്പന്മാരായി മാറും. അവർക്ക് പിന്നെ കേരളമെന്നോ കോൺഗ്രസ്സ് എന്നോ ഒന്നില്ല. അവരായിരിക്കും പിന്നെ ഭൂമിയുടെ അച്ചുതണ്ട് തിരിക്കുന്ന മഹാന്മാർ.

ഒന്നും കാണാതെയല്ല ഈ രാജ്യസഭാ സീറ്റ് കുഞ്ഞുമാണി വാങ്ങിയത്. അടുത്ത തിരഞ്ഞെടുപ്പിൽ ഏതാണ്ട് 15 – 20 കോടി രൂപ എങ്കിലും മുടക്കിയാലേ ഒരു എംപിയായി കരകയറുവാനാകൂ. ആയിരത്തി ചില്വാനം ബൂത്തുകളിൽ കയറി ഇറങ്ങണം , കണ്ടവന്റെ ഒക്കെ കാലു പിടിക്കണം , അതുപോലെ പിസി ജോർജ്ജുപോലത്തെ ശകുനം മുടക്കികൾ. അപ്പോൾ പിന്നെ ഇത് തന്നെ ലാഭം .

രാജ്യസഭാ ആകുമ്പോൾ കല്യാണത്തിന് പോകണ്ട , മരിച്ചത് കാണുവാൻ പോകണ്ട , നാൽപ്പത് കുളിക്കു പോകണ്ട , ഡൽഹിയിൽ ചുമ്മാ പോയി വിലസിയാൽ മതി .അതും ആറു കൊല്ലം ജീവിതം സേഫ് . ഫണ്ടിന് ഫണ്ട് , യാത്രക്ക് യാത്ര . സുഖത്തിന് സുഖം . എന്തായാലും സുധീരന് ആരെയും ജയിപ്പിക്കുവാൻ അറിയില്ല. അതദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാണിച്ചുതന്നു. വെറുതെ ആ ബിജു രമേശിനെ പിണക്കി ബാറുകൾ പൂട്ടിച്ചു , എന്ത് നേടി ? ഒരു ഭരണതുടർച്ചയെ ഇല്ലാതാക്കി. അത്രമാത്രം .

ഒരു ഉപദേശം : അണികളിൽ നിന്നും മനസ്സിലാക്കിയത് : വേണേൽ കേരളത്തിൽ കോൺഗ്രസിന് ഇനിയും ഞെട്ടിക്കാം. കെപിസിസി പ്രസിഡണ്ട് കണ്ണൂർ സിംഹം കെ സുധാകരൻ വരട്ടെ. യുഡിഎഫ് കൺവീനർ പിടി തോമസ് ആയാലെന്താ ?  കെ മുരളീധരനെ യുപിഎ കേരള തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ ആക്കിയാലും അണികൾക്ക് സന്തോഷമാകും.

അതുപോലെ കോൺഗ്രസ്സ് അനുഭാവികളായ ഐ എം വിജയൻ , വേണു രാജാമണി , നിരുപമ റാവു , ടിപി ശ്രീനിവാസൻ , സലിം കുമാർ എന്നിവരെ ഒക്കെ പല ഘടകങ്ങളിലും ഉൾപ്പെടുത്തുക. ഒപ്പം ഓരോ ഗ്രാമത്തിലെയും നല്ല നല്ല കോൺഗ്രസ്സ് പ്രവർത്തകരെ തിരിച്ചുകൊണ്ടുവരുവാനുള്ള ഒരു പ്രത്യേക സ്‌ക്വഡ് രൂപീകരിക്കുക. എന്നിട്ട് ഒരു കൈ പൊരുതി ജയിക്കുക.

ഇന്ത്യയിൽ കോൺഗ്രസ്സ് പാർട്ടി നശിച്ചുകാണരുതെന്ന് ആത്മാർത്ഥമായി കരുതുന്ന,

സഖാവ് ദാസനും സഖാവ് വിജയനും

×