നമ്മുടെ ലോക്കറില്‍ സൂക്ഷിക്കേണ്ട വിവരങ്ങള്‍ സായിപ്പിന്‍റെ ആപ്പില്‍ കൊണ്ടുപോയി നിക്ഷേപിച്ചിട്ട് കുത്തിയിരുന്ന് മോങ്ങരുത് ! ഒന്നും ആരും വെറുതെ വച്ചുനീട്ടില്ല. ബുദ്ധി നമ്മുടെ തലയിലാണ്. ചൈനക്കാരനെപ്പോലെ അത് ഉപയോഗിക്കാന്‍ പഠിക്കണം

ദാസനും വിജയനും
Monday, April 2, 2018

എല്ലാം കഴിഞ്ഞപ്പോൾ ഇപ്പോൾ എല്ലാവരും ചേർന്ന് ഫേസ്‌ബുക്കിന്റെ നെഞ്ചത്തോട്ടാണ് കൊലവിളിയുമായി ഓടിക്കയറുന്നത്.  ഒരു രൂപ പോലും വാങ്ങാതെ പേരുകളും ചിത്രങ്ങളും വീമ്പത്തരങ്ങളും ഒക്കെ അപ്‌ലോഡ് ചെയ്യുവാൻ സമ്മതിക്കുകയും രാത്രി കാലങ്ങളിലും അല്ലെങ്കിൽ ഇരുപത്തിനാല് മണിക്കൂറുകളിലും ചൂണ്ടലുമായി കുത്തിയിരുന്ന് അവനവന് ആവശ്യമുള്ളവരെ കണ്ടെത്തി ഫോണിലൂടെയും ചാറ്റിലൂടെയും ഒക്കെ സുഖങ്ങൾ നുകരുവാൻ അനുവദിച്ചത് ആണോ ഫേസ്‌ബുക്ക് ചെയ്ത തെറ്റ്.

നമ്മളെല്ലാം ഒരു കാര്യം എപ്പോഴും മനസ്സിലാക്കണം. ആരെങ്കിലും നമ്മുക്ക് എന്തെങ്കിലും വെറുതെ തരികയാണെങ്കിൽ തരുന്ന ആൾക്ക് അതിൽ എന്തെങ്കിലും ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ അതിൽ നമ്മൾ വെറുതെ കിട്ടുന്നവർ വിഷമിച്ചിട്ട് കാര്യമില്ല.

2004 ഫെബ്രുവരി നാലിന് സുക്കർബർഗും സഹമുറിയന്മാരും ഒരു പോർട്ടൽ ആരംഭിക്കുമ്പോൾ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഇങ്ങനെയൊരു വിജയം. അന്നും ഓർക്കൂട്ടും ഓവുവും ഹൈ ഫൈവ് ഉം യാഹൂ വും ഒക്കെ ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ഫേസ്‌ബുക്ക് വലിയ ഒരു സംഭവുമൊന്നല്ലായിരുന്നു.

അതിനേക്കാളേറെ മുൻപേ തന്നെ എംഎസ്എൻ അഥവാ മൈക്രോസോഫ്റ്റ് ഇക്കളികൾ തുടങ്ങിയിരുന്നു. 1999 ഇൽ എംഎസ്എൻ ചാറ്റും ഗ്രൂപ്പും ഒക്കെ ഉണ്ടാക്കി ജനങ്ങൾക്ക് എറിഞ്ഞുകൊടുത്തു. ചില കാര്യങ്ങൾ നേരത്തെ ഇറങ്ങിയാലും ആരും ഏറ്റെടുക്കണമെന്നില്ല.

അന്നൊക്കെ ഇന്റർനെറ്റ് കണക്ഷൻ ഒരു പ്രശ്നമായിരുന്നു. ഡയലപ്പ് കണക്ഷനുമായി കളിക്കുവാൻ ഇറങ്ങിയാൽ ബില്ലുകൾ കണ്ട് ഹാർട്ട് അറ്റാക്ക് വരും. കേരളത്തിലെ ചില ഇന്റർനെറ്റ് കഫേക്കാർക്കും അമേരിക്കയിലെ സോഫ്ട്‍വെയർ എൻജിനീയർമാരും ഗൾഫിലെ ഐടി ടെക്നിഷ്യൻസും മാത്രമേ അന്നൊക്കെ എം എസ് എന്നിൽ കളിക്കുവാൻ ഇറങ്ങിത്തിരിച്ചിരുന്നുള്ളൂ.

അന്നാദ്യമായി കേരള ചാറ്റ് റൂമും കേരള കൂട്ട് റൂമും ഉണ്ടാക്കിയപ്പോൾ രണ്ടിലും കൂടി ആറായിരത്തോളം മലയാളികൾ മാത്രമേ മെംബർമാരായി ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർ ഇതൊന്നും തലയിൽ കയറാതെ ഇന്റർനെറ്റിന്റെയും ചാറ്റിനെയും കുറ്റം പറയുവാനും സമയം കണ്ടെത്തിയിരുന്നുള്ളൂ. ഇതൊന്നും അവർക്ക് പറ്റിയ പണിയല്ല എന്ന രീതിയിൽ മുഖം തിരിച്ചുനിന്നു.

ഇന്നിപ്പോൾ അവരാണ് ഇരുപത്തിനാല് മണിക്കൂറും വാട്സാപ്പിലും ഫേയ്സ്‌ബുക്കിലും ജീവിതം പണയം വെച്ചിരിക്കുന്നത് എന്നത് കാണുമ്പോൾ ചിരിക്കാതെ വയ്യ. റേഡിയോ കണ്ടുപിടിച്ചവരെ സമൂഹത്തിൽ നിന്നും ആട്ടിപ്പായിച്ചവരാണല്ലോ മനുഷ്യസമൂഹം.

പിന്നീട് എല്ലാം വിജയിക്കുന്നു എന്ന് കണ്ടപ്പോൾ ബിൽ ഗേറ്റിസിന് ആരോ പറഞ്ഞുകൊടുത്തു. ഇതിൽ പണം ഒളിച്ചിരിക്കുന്നുവെന്ന്. അങ്ങനെ എംഎസ്എൻ ഉപയോഗിക്കുവാൻ പണം വേണം എന്ന് പറഞ്ഞപ്പോൾ എല്ലാവരും കൂടി യാഹുവിലേക്ക് മറുകണ്ടം ചാടി. അല്ലെങ്കിൽ ഫേസ്‌ബുക്ക് എന്നൊരു സംഭവമേ ലോകത്തുണ്ടാകുമായിരുന്നില്ല. ബിൽ ഗേറ്റ്സിനു പറ്റിയ ഒരു അബദ്ധമാണ് ഫേയ്സ്‌ബുക്ക് മുതലാക്കിയത്.

അമേരിക്കയിൽ ഒരു ടെക്‌നോളജി ആരെങ്കിലും കണ്ടുപിടിച്ചാൽ അതേറ്റെടുക്കുവാൻ ബുദ്ധിയുള്ള കുറെ കമ്പനിക്കാരും, അല്ലെങ്കിൽ ഇൻവെസ്റ്റർമാരും മുന്നിട്ടിറങ്ങും. ഗൂഗിളിനെ സൺ സഹായിച്ചതുപോലെ ഇപ്പറഞ്ഞ ഫേസ്ബുക്കിനെയും ഏറ്റെടുക്കുവാൻ അമേരിക്കക്കാർ തയാറായി. അവർ എല്ലാം മുൻകൂട്ടി കണ്ടു. മനസ്സിലാക്കി.

അണ്വായുധത്തേക്കാൾ ആയിരം ഇരട്ടി പ്രഹരശേഷിയുള്ള സാധനം കയ്യിൽ കിട്ടിയപ്പോൾ ബുദ്ധിപൂർവം അതിനെ വിനിയോഗിക്കുവാൻ അമേരിക്കക്കാരനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ ? ഇത് ആദ്യം മണത്തറിഞ്ഞ ചൈന ഗൂഗിളിനെയും ഫേസ്ബുക്കിനെയും മുളയിലേ നുള്ളിയെറിഞ്ഞു. അല്ലെങ്കിൽ അവിടെയും മറ്റൊരു ടിയാനെൻ മെൻ സ്‌ക്വയർ ആവർത്തിച്ചേനെ.

അവിടവിടെയായി ബാക്കിയുണ്ടായിരുന്ന കമ്മ്യുണിസ്റ് ഭരണകൂടങ്ങളെ പിഴുതെറിയുവാൻ സോഷ്യൽ മീഡിയയെയും ഫേസ്ബുക്കിനെയും ഉപയോഗിച്ചു. പിന്നീട് അൾജീരിയയിൽ തുടങ്ങിയ മുല്ലപ്പൂ വിപ്ലവം ഈജിപ്തിലെ തെഹ്‌റീർ സ്‌ക്വയറിലെത്തിയപ്പോൾ ലിബിയയും യെമെനും സിറിയയും ഒക്കെ അതേറ്റെടുക്കുകയിരുന്നു. കോടിക്കണക്കിന് രൂപ ചിലവിട്ടുകൊണ്ട് ഇറാഖിലും അഫ്ഘാനിസ്ഥാനിലും ഉണ്ടാക്കിവെച്ച പേരുദോഷം കേവലം ഫേയ്സ്‌ബുക്ക് കൊണ്ട് മറ്റുള്ള അറബ് രാജ്യങ്ങളെ തൂത്തെറിഞ്ഞപ്പോൾ മാറിക്കിട്ടി.

എന്തിനധികം പറയുന്നു. വളരെ ശക്‌തമായിരുന്ന വളർന്നിരുന്ന ഇന്ത്യയുടെ സാമ്പത്തിക അടിത്തറയുടെ പിന്നിൽ മൻമോഹൻസിങ്ങിന്റെ ബുദ്ധിയാണെന്ന് മനസ്സിലാക്കിയ അതേ അമേരിക്ക ഡൽഹിയിലെ ബസ്സിനുള്ളിൽ നടന്ന ബലാൽസംഘത്തെ സോഷ്യൽ മീഡിയയിലൂടെ പൊക്കിയെടുത്ത് അതൊരു ഭരണമാറ്റത്തിന് കാരണമാക്കി മാറ്റുകയായിരുന്നു. ശരിക്കും പറഞ്ഞാൽ ഡൽഹി നഗരത്തിൽ ഒരു നാൾ നൂറോളം ബലാൽസംഘങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.

അമേരിക്കയിൽ ആദ്യമായി ബരാക്ക് ഒബാമ അധികാരത്തിൽ എത്തിയതും ഇന്ത്യയിൽ ആദ്യമായി നരേന്ദ്രമോദി അധികാരത്തിൽ എത്തിയതും ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ അധികാരത്തിൽ എത്തിയതിലും, എന്തിനധികം പറയുന്നു കമ്പ്യുട്ടർ ഉപയോഗിക്കുന്നവനെ കണ്ടാൽ കല്ലെറിയണമെന്നും അമ്പത്തിയൊന്ന് വെട്ടുകൾ വെട്ടണമെന്നൊക്കെ പറഞ്ഞു സമരങ്ങൾ നടത്തിയ കേരളത്തിലെ സഖാക്കൾ വരെ ഇന്നിപ്പോൾ അധികാര കസേരയിൽ ഇരിക്കുന്നത് ഈ ഫേസ്‌ബുക്കിന്റെ സഹായത്തോടെ തന്നെയാണ്.

പെരുമ്പാവൂരിലെ ജിഷയെ കൊന്നതോ കൊല്ലിച്ചതോ ആയിക്കോട്ടെ. പെരുമ്പാവൂരിലേക്കുള്ള ദൂരവും പറഞ്ഞുകൊണ്ട് ജിഷക്കുവേണ്ടി കൊച്ചിയിലെ ചില സിനിമാക്കാരും തൃശൂരിലെ ചില ടീച്ചർമാരും കണ്ണൂരിലെ ചില പടം വരപ്പുകാരും കൂടി അതേറ്റെടുത്തപ്പോൾ അഞ്ച് ശതമാനം പെൺകുട്ടികളുടെ വോട്ടുകൾ കക്ഷിഭേദമന്യേ പെട്ടിയിലാക്കുവാൻ എൽഡിഎഫിന് കഴിഞ്ഞു. അല്ലാതെ എൽഡിഎഫ് വരുമ്പോൾ എല്ലാം ശരിയാകുമെന്ന് കരുതി വോട്ടുചെയ്തതല്ല ജനങ്ങൾ. അവർക്കറിയാം എല്ലാം കണക്കുതന്നെ. ഒന്ന് പട്ടിക്കാട്ടം ആണെങ്കിൽ മറ്റേത് പൂച്ചക്കാട്ടം ആണെന്ന്.

ഇന്നിപ്പോൾ അതെ ഫേയ്സ്ബുക്കിനെയും സോഷ്യൽ മീഡിയയെയും എതിരാളികൾ ഉപയോഗിക്കുമ്പോൾ അവർ ചെയ്യുന്നതൊക്കെ തെറ്റായി മാത്രം കാണുന്നു. അതൊരു ആഗോള പ്രതിഭാസമാണ്. ഫേസ്‌ബുക്ക് ആരോടും നിര്‍ബന്ധമായി അവരവരുടെ പ്രൊഫൈലുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ചൈനക്കാർ ചെയ്തതുപോലെ ബുദ്ധിയുള്ളവർ അന്നേ ഇതിനൊക്കെ എതിരായിരുന്നു.

അവർ അന്നേ പറഞ്ഞിരുന്നു ഒരുനാൾ ഇവരൊക്കെ നമ്മളെ വിഴുങ്ങുമെന്ന്. ആരൊക്കെ വിഴുങ്ങിയാലും പ്രൊഫൈൽ ചോർത്തിയാലും ഒരു ചുക്കും സംഭവിക്കാത്തവർ മാത്രമാണ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്.

പിന്നെയുള്ളത് ഈ പൊട്ടന്മാരെ പറഞ്ഞുപറ്റിക്കുവാനും കാണിച്ചു പറ്റിക്കുവാനും ഇറങ്ങിപ്പുറപ്പെട്ട ചില രാഷ്ട്രീയക്കാരും സിനിമാക്കാരും. അധികം പണമൊന്നും ചിലവാക്കാതെ ലേശം പബ്ലിസിറ്റി ഇഷ്ടപ്പെടുന്നവർക്കുള്ള ഒറ്റമൂലിയായിരുന്നു ഫേസ്‌ബുക്ക്. അല്ലെങ്കിൽ നമ്മുടെ സാമാന്യ ബുദ്ധിയിൽ ആലോചിച്ചുകൂടെ ? നമ്മുടെ ആയിരക്കണക്കിന് ഫോട്ടോകളും വീഡിയോകളും സൗജന്യമായി സൂക്ഷിച്ചുവെക്കുവാൻ അമേരിക്കാർക്കെന്താ ഓളം വെട്ടുണ്ടോ ?

ആരെങ്കിലും എന്തെങ്കിലും സൗജന്യമായി നൽകുമ്പോൾ അവിടെ ഒരു ചതി ഒളിച്ചിരിക്കുന്നുണ്ടെന്ന് ഓർക്കുന്നത് നന്നായിരിക്കും. ഇപ്പോൾ എല്ലാവരും കൂടി ഇൻസ്റാഗ്രാമിലേക്ക് പായുന്നതും കാണുന്നു. അതാരുടെതാ ? എരിതീയിൽ നിന്നും വറ ചട്ടിയിലേക്ക് എന്ന് പറഞ്ഞതുപോലെ അതിന്റെ അപ്പനും ഫേസ്‌ബുക്ക് തന്നെ. പിന്നെ വാട്സാപ്പ് , അതും ഫേസ്‍ബുക്കിന് പിറക്കാതെ പോയ മകൻ തന്നെ.

ഫേസ്ബുക്കും സോഷ്യൽ മീഡിയയുമാണ് ഇരുളടഞ്ഞുകൊണ്ടിരുന്ന ഞങ്ങളുടെ ജീവിതത്തതിൽ ഒരു കച്ചിത്തുമ്പായി മാറിയത് എന്നത് ഓർത്തുകൊണ്ട്,

ഫേസ്‍ബുക്കിന് ജയ് വിളികളുമായി,

സുക്കറണ്ണന്റെ ഡ്രൈവർ ദാസനും അടുക്കളക്കാരൻ വിജയനും.

×