ജന്മനക്ഷത്രം വച്ചാണെങ്കില്‍ മുഖ്യമന്ത്രിയാകാനും യോഗം ബാക്കി ! അങ്ങനൊരാഗ്രഹം മനസിലുണ്ടെന്ന് പാണര്‍ പാടിനടക്കുന്നുമുണ്ട് ? പാര്‍വതിപോലും മെക്കിട്ട് കയറിയപ്പോള്‍ പത്മവിഭൂഷന്‍ തെറിപ്പിച്ചതാര് ? പിന്‍ഗാമിയായി കണ്ട നടന്‍ ? സുരേഷ്ഗോപിയുമായി പിണങ്ങാന്‍ കാരണം ? മമ്മൂട്ടിയിലെ ആരും കാണാത്ത നന്മകള്‍ ?

ദാസനും വിജയനും
Wednesday, January 31, 2018

മമ്മുട്ടിക്ക് പത്മവിഭൂഷന്‍ നൽകണമെന്ന് പിണറായി വിജയൻ എകെ ബാലനിലൂടെ കേന്ദ്രത്തിനു മുന്നിൽ നിര്‍ദേശം സമർപ്പിച്ചപ്പോൾ എംടിയെ വരെ തഴഞ്ഞുകൊണ്ട് കേന്ദ്രസർക്കാർ മധുരമായി പകരം വീട്ടി .

ഉദ്ദിഷ്ടകാര്യത്തിന് ഉപകസാരസ്മരണ എന്നതായിരിക്കാം കേരളസർക്കാരിന്റെ ഭാഗത്തുനിന്നുള്ള റെക്കമെന്റേഷന്റെ കാതൽ . കഴിഞ്ഞ ഭരണം പിടിച്ചെടുക്കുവാൻ സിനിമാക്കാരെ മൊത്തം തീറെഴുതികൊടുത്തതിന്റെ ഉപകാരസ്മരണ .

മമ്മുട്ടിയുടെ മനസ്സിൽ ഇപ്പോഴും ഒരു രാജ്യസഭാ എംപിയോ അതിനപ്പുറമോ ഒക്കെയാണ് എന്ന് അടുത്തറിയുന്നവര്‍ക്കറിയാം. എന്നാല്‍ ഒന്നിനും തിടുക്കം കാണിക്കുന്ന പ്രകൃതക്കാരനല്ല കൌശലക്കാരനായ താരം . ഓരോന്നിനും അതിന്‍റേതായ സമയത്തിനായി കാത്തിരിക്കും.

കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഒരിക്കൽ ഞാൻ ഇരിക്കും എന്നദ്ദേഹം ദുബായിലെ ഒരു സ്വകാര്യ സംഭാഷണത്തില്‍ വെച്ച് എൻഎഫ് വർഗീസിനോട് പറഞ്ഞതായി കേട്ടിട്ടുണ്ട്. അതിൽ തമാശയുണ്ടായിരുന്നുവെന്ന് കരുതുവാൻ വയ്യ . കാരണം വൈശാഖം നക്ഷത്ര ജാതകത്തിൽ ആ ഒരു യോഗം അദ്ദേഹത്തിന് ബാക്കി നിൽക്കുന്നുണ്ട് .

മമ്മൂട്ടിക്ക് പത്മവിഭൂഷൺ കിട്ടാതെ പോയതെന്തുകൊണ്ട് ?

ഇന്നിപ്പോൾ അദ്ദേഹത്തിന് വയസ്സ് 67 ആയെങ്കിലും ആഗ്രഹങ്ങളോ, വാശികളോ, സൂത്രങ്ങളോ ഒന്നും കുറഞ്ഞിട്ടില്ല . ആകെ കാണുന്ന ഒരു കുറവ് നല്ല സിനിമാക്കഥകൾ കേട്ടാൽ ഒന്നും തലയിലേക്ക് ക്ലച്ച് പിടിക്കുന്നില്ലത്രേ. ശരിക്കും പറഞ്ഞാൽ ഇത്തവണ മമ്മൂട്ടിക്ക് പത്മവിഭൂഷൺ കിട്ടിപ്പോയേനെ . എം ടിയെ എന്തായാലും ബിജെപിക്കാർ അംഗീകരിക്കില്ല.

പിന്നെ സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ അംബാസിഡറായ കേന്ദ്ര ടൂറിസം മന്ത്രി മുഖേനയാണ് 42 പേരുടെ പേരുകൾ ശുപാർശ ചെയ്തത് എന്ന് അറിയുന്നു . പക്ഷെ മമ്മുട്ടി അടുത്തിടെ അഭിനയിച്ച ചിത്രങ്ങളെല്ലാം കണ്ണന്താനത്തിന്റെ ഭാര്യയും മക്കളും കണ്ടതാണോ പട്ടികയിൽ നിന്നും വെട്ടിമാറ്റാന്‍ കാരണമെന്നും അറിഞ്ഞുകൂടാ !

എന്തായാലും സ്ട്രീറ്റ് ലൈറ്റ്‌സും , മാസ്റ്റർ പീസും , പുള്ളിക്കാരൻ സാറായും , പുത്തൻപണവും എന്നതുമൊക്കെ മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന സിനിമകളായി മാറിയപ്പോള്‍ ഇനിയെങ്ങാനും ഈ മനുഷ്യന് പദ്മവിഭൂഷൺ കൊടുത്താൽ അദ്ദേഹം വീട്ടിലിരിക്കുമെന്ന് സർക്കാരിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചുകാണും. അങ്ങനെ വീട്ടിലിരിക്കേണ്ട ആളല്ല മമ്മുട്ടി എന്ന് കേന്ദ്ര സർക്കാരും കരുതിക്കാണും .

 

കാരണം പഴയ ഫാൻസൊക്കെ പണ്ടാരമടങ്ങിക്കൊണ്ട് കൊഴിഞ്ഞുപോക്ക് തുടങ്ങിയിട്ട് നാളേറെയായി . അത്രേം വോട്ടുകളിൽ സ്വാധീനിക്കാമെന്ന് അവരും കരുതിക്കാണും . 2005 ലെ രാജമാണിക്യത്തിനു൦ 2009 ലെ പഴശ്ശിരാജക്കും ശേഷം ഒരു നിർമ്മാതാവിന്റെയും പണം ലാഭത്തിൽ തിരിച്ചു കൊടുക്കുവാൻ മമ്മൂട്ടി സിനിമകള്‍ക്ക് കഴിഞ്ഞുകാണില്ല.

2017 ലെ ഗ്രേറ്റ് ഫാദർ മാത്രമാണ് ഇപ്പോൾ പിടിച്ചുനിൽക്കുവാൻ കാരണമായത് . അതിന്റെ ഇടയിൽ വന്ന സകലമാന ചിത്രങ്ങളും തരിപ്പണമായപ്പോൾ ഇവരെയൊന്നും ഉപദേശിക്കുവാനോ പറഞ്ഞുമനസ്സിലാക്കി കൊടുക്കുവാനോ നല്ല സ്നേഹിതന്മാർ ഇല്ലാതെ പോയല്ലോ എന്നതാണ് ദുഃഖം .

പാർവതിപോലുള്ള നടിമാർക്കുവരെ മെക്കിട്ട് കയറുവാന്‍ അവസരം ഉണ്ടാക്കിയതാര് ?

രാജാവ് നഗ്നനാണ് എന്നാരെങ്കിലും പറഞ്ഞാൽ പിന്നെ അവരെ കൂടെ കൂട്ടില്ല, ആയതിനാൽ ചമച്ചകളായ ചമച്ചകളൊക്കെ പൊക്കി വർത്തമാനവും പറഞ്ഞുകൊണ്ട് കൂടെ കൂടിയിരിക്കുകയാണ്. വിശ്വംഭരൻ സാറും ഇപ്പോൾ പറഞ്ഞുമടുത്തിരിക്കുകയാണ് .

കൂടെ കൂട്ടിയിരിക്കുന്നവരാണ് ഇപ്പോഴും വിഡ്ഢികളുടെ സ്വർഗ്ഗത്തിലെന്നപോലെ ഈ മനുഷ്യനെ കളിപ്പിച്ചുകൊണ്ടു നടക്കുന്നത്. ഏറ്റവും അടുത്ത കൂട്ടുകാരൻ അല്ലെങ്കിൽ കൂട്ടുകാരി എന്ന് പറയുന്ന സുൽഫത്ത് ഇക്കാര്യങ്ങൾ ഉപദേശിച്ച് മടുത്തിരിക്കുകയാണ് .

കേരളത്തിൽ രക്ഷയില്ലാതെ വന്നപ്പോൾ ഇപ്പോൾ ദുബായിലും അബുദാബിയിലും ഒക്കെ ഇന്റർനാഷണൽ പ്രിവ്യൂ ഷോ എന്ന തട്ടിപ്പുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് . പാർവതിപോലുള്ള നടിമാർക്ക് വരെ മെക്കിട്ട് കയറുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുവാനെ ഇത്തരം ചിത്രങ്ങളെ കൊണ്ട് സാധിക്കുകയുള്ളൂ. ഒടുവില്‍ പാറുവിന്‍റെ വിമര്‍ശനം പദ്മഭൂഷന്‍ സാധ്യതകളെ പോലും ഇല്ലാതാക്കി.

വടക്കൻ വീരഗാഥയും സംഘവും യാത്രയും അടിയൊഴുക്കുകളും പൊന്തന്മാടയുമൊക്കെ ചെയ്ത മമ്മുക്ക തന്നെയാണോ ഇങ്ങനെ അധഃപതിച്ചുകൊണ്ടിരിക്കുന്നത് എന്നതിൽ ആത്മാർത്ഥമായ വേദനയുണ്ട് .

മമ്മൂട്ടിയില്‍ വിമര്‍ശിക്കുന്നവര്‍ അദ്ദേഹത്തില്‍ കാണാതെ പോകുന്ന നന്മകള്‍  !

അദ്ദേഹത്തിന്റെ വിജയം ലോകത്തിനുമുന്നിൽ ഏറ്റവും നന്നായി ആഘോഷിച്ചവർ തന്നെയാണ് ഇപ്പോൾ ഇങ്ങനെ വിമർശിക്കുന്നതും . പക്ഷെ എന്തൊക്കെ ആരൊക്കെ വിമർശിച്ചാലും കളിയാക്കിയാലും മറ്റുള്ളവർ കാണാത്ത കുറെ സംഭവങ്ങൾ അദ്ദേഹത്തിന്റെ സ്വന്തമായുണ്ട് .

കയ്യും തലയും പുറത്തിടരുത് , അസ്ഥികൾ പൂക്കുന്നു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിന് ശേഷം പി ശ്രീകുമാർ എന്ന മനുഷ്യൻ വെറും പാപ്പരായി ഒന്നുമല്ലാതായി നടക്കുന്ന കാലം . അദ്ദേഹത്തെ ആരോ വിളിച്ച് അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാക്കി .

മേൽപ്പറഞ്ഞ രണ്ടു ചിത്രങ്ങൾ പൂർത്തീകരിക്കുവാൻ ഭാര്യയുടെ കെട്ടുതാലി വിറ്റതും കൂടാതെ വീട്ടിലെ കിണ്ടിയും ഉരുളിയും ഒക്കെ പണയപ്പെടുത്തി വീട്ടിൽ കഞ്ഞികുടി മുട്ടാതെ പോകുന്നതിനിടക്കാണ് അടൂർജി അനന്തരം എന്ന ചിത്രത്തിൽ ശ്രീകുമാറിനെ അസിസ്റ്റന്റ് ആക്കിയത് .

1987 ൽ ന്യുഡൽഹി എന്ന ഒരൊറ്റ ഹിറ്റ് ചിത്രത്തിനുശേഷം തനിക്ക് മലയാളസിനിമയിൽ പകരക്കാരനില്ല എന്ന നിലയിൽ വിലസുമ്പോഴാണ് മറ്റൊരു അവാർഡ് ചിത്രമായ അനന്തരം അണിഞ്ഞൊരുങ്ങിയത് .

പി ശ്രീകുമാറിനെ കൈപിടിച്ച് തിരികെ കൊണ്ടുവന്നപ്പോള്‍

അപ്പോഴാണ് ശ്രീകുമാറും മമ്മുട്ടിയും തമ്മിലുള്ള അടുപ്പവും അകൽച്ചയും ഒക്കെ സംഭവിക്കുന്നത് . പിന്നീട് 1993 ലെ വിധേയന്റെ സെറ്റിൽ വെച്ച് മമ്മുട്ടി ശ്രീകുമാറിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് വിവരങ്ങൾ അറിയുന്നത് .

ശ്രീകുമാർ സിനിമയൊക്കെ മതിയാക്കി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാൻ പെടാപ്പാട് പെടുന്നുവെന്നും കുടുംബമൊക്കെ ചിന്നഭിന്നമാകുന്ന ലക്ഷണമാണ് കാണുന്നതെന്നും അടൂർജി പറഞ്ഞപ്പോൾ മമ്മുട്ടിയുടെ കണ്ണുകളിൽ ഈറനണിഞ്ഞു .

ഉടനെ സെറ്റിൽ നിന്നും ഒരാളെ പറഞ്ഞയച്ച് ശ്രീകുമാറിനെ വിളിപ്പിച്ചു. ശ്രീകുമാറിനെക്കൊണ്ട് തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യിക്കുവാൻ മുദ്ര പ്രൊഡക്ഷൻസിന്റെ ശശിയെ ബന്ധപ്പെട്ടു. അങ്ങനെയാണ് വിഷ്ണു എന്ന സിനിമ ശ്രീകുമാറിനായി പിറവിയെടുക്കുന്നത് .

ആ സിനിമക്ക് കിട്ടിയ അഡ്വാൻസ് തുക കൊണ്ട് ശ്രീകുമാറിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. കൂടാതെ അദ്ദേഹത്തിന്റെ മകനെ ബാംഗ്ലൂരിൽ പഠിപ്പിക്കുവാന്‍ അയച്ചതും മമ്മൂട്ടിയാണ് . പഠിപ്പ് കഴിഞ്ഞപ്പോള്‍ മകന് ദുബായിൽ ഹൈപവർ എന്ന സ്ഥാപനത്തിൽ ജോലി വാങ്ങി കൊടുക്കുവാനും മഹാനായ മമ്മുട്ടി മറന്നില്ല .

ഒരിക്കൽ ഈ ശ്രീകുമാറിന്റെ മകൻ മമ്മുട്ടിയെ ദുബായിൽ വെച്ച് കണ്ടപ്പോൾ വികാരഭരിതനായി മമ്മുട്ടിയുടെ കാലുതൊട്ട് വന്ദിച്ചത് പലരും കണ്ടു നിന്നപ്പോഴാണ്. അതിന്റെ കാരണമായാണ് ഇക്കഥ പറഞ്ഞത് .

മമ്മൂട്ടി തന്‍റെ പിന്‍ഗാമിയായി കണ്ട നടന്‍

ബിജു മേനോനെ മമ്മുട്ടി ഏറെ സ്നേഹിക്കുന്നു. തന്റെ ഒരു പിൻഗാമിയായിട്ടാണ് മേനോനെ മമ്മുട്ടി കാണുന്നത്. ശബ്ദത്തിന്റെ കാര്യത്തിൽ അല്ലറ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടെന്ന് ശത്രുക്കളായ പാണന്മാർ പാടി നടക്കുന്നുണ്ട്. എങ്കിലും മമ്മുട്ടിക്ക് മേനോനെ പെരുത്ത് ഇഷ്ടമാണ് .

രാവിലെ നേരത്തെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാന്‍ മേനോനുള്ള മടി എല്ലാവര്‍ക്കും അറിയാം. അതിനു ബിജുവിനെ ചീത്ത വിളിക്കുന്ന മമ്മുട്ടി ജീവിതത്തിൽ വിജയിക്കുവാനുള്ള കുറെയധികം നല്ല ഉപദേശങ്ങളും ബിജുവിന് നൽകിയിട്ടുണ്ട് . ഇതൊക്കെ പത്ത് പതിനഞ്ച് കൊല്ലം മുമ്പത്തെ കാര്യങ്ങളാണ് .

സുരേഷ്‌ഗോപിയു൦ മമ്മൂട്ടിയും തമ്മില്‍ പിണങ്ങിയത് ?

സുരേഷ്ഗോപിയുമായി മമ്മൂട്ടിയ്ക്ക് വളരെ നല്ല അടുപ്പമായിരുന്നു . പക്ഷെ സുരേഷ്‌ഗോപിയുടെ അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല . അത് സുരേഷ് ഗോപി തെറ്റിദ്ധരിക്കാന്‍ ഇടയായി . അങ്ങനെ സുരേഷ്‌ഗോപി മമ്മുട്ടിയുമായി സൗന്ദര്യ പിണക്കത്തിലായി.

മമ്മൂട്ടിയിലെ തമാശക്കാരനെ കണ്ടറിഞ്ഞത് സലിംകുമാര്‍

മമ്മുട്ടിയെന്ന നടനിൽ ഒരു തമാശക്കാരനുണ്ടെന്ന് ലോകത്തെ അറിയിച്ചതിന്റെ പിന്നിൽ സലിംകുമാർ എന്ന നടനാണ് . തൊമ്മനും മക്കളും എന്ന സിനിമയുടെ സെറ്റിൽ ഉടുമൽപ്പേട്ടിൽ വെച്ചുണ്ടായ ഒരു സംഭവം മമ്മുട്ടിയുടെ ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവാകുകയായിരുന്നു .

മമ്മുട്ടിയും ലാലും രാജൻ പി ദേവും ജനാർദ്ദനനും സിന്ധുമേനോനും കൂടെയുള്ള അണിയറപ്രവർത്തകർക്കുമിടയിൽ വെച്ച് സലിംകുമാറിന് പറ്റിയ ഒരു അബദ്ധം ( മനപ്പൂർവമാണോ എന്ന് സലീമിനോട് തന്നെ ചോദിക്കണം ) പിന്നീട് സെറ്റിൽ കൂട്ടച്ചിരികൾക്ക് തിരികൊളുത്തി .

ആ സിനിമയിൽ മമ്മുട്ടി സീരിയസ് കഥാപാത്രവും , ലാലും രാജൻ പി ദേവും തമാശക്കാരുമായിട്ടായിരുന്നു സംവിധായകൻ ഷാഫി പ്ലാൻ ചെയ്തിരുന്നത് . എന്നാൽ പൂജാ നാളിൽ തന്നെ സലിംകുമാർ പറ്റിച്ച പണിയിൽ മമ്മുട്ടിയുടെ സീരിയസ് മുഖം തമാശയിൽ മുങ്ങുകയായിരുന്നു .

രാജമാണിക്യമായിരുന്നു മമ്മുട്ടിയെയും സുരാജിനെയും തമ്മിൽ ആത്മാർത്ഥ സുഹൃത്തുക്കളാക്കി മാറ്റിയത് . അകാലത്തിൽ മരണപ്പെട്ട തിരക്കഥകൃത്ത് ടി എ ഷാഹിദിന്റെ തിരക്കഥക്ക് തിരോന്തരം സംഭാഷണം ഉണ്ടാക്കിയതിന്റെ പിന്നിൽ സുരാജ് വെഞ്ഞാറമ്മൂട് എന്ന മിമിക്രിക്കാരൻ ആയിരുന്നു .

ആ ബന്ധം പിന്നീടുള്ള സുരാജിന്റെ വളർച്ചക്ക് ഏറെ ഉപകാരപ്രദമായിരുന്നു . ടിനിടോമും പാഷാണം ഷാജിയും ബിജുക്കുട്ടനും കുഞ്ചനും സൈനുദ്ധീനും എൻഎഫ് വർഗീസും കലാഭവൻ മണിയും തുടങ്ങിയ ഒട്ടനവധി മിമിക്രിക്കാർക്ക് അർഹമായ അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതിൽ മമ്മുട്ടിയുടെ പങ്ക് നിസ്സാരമായി കാണുവാനാകില്ല .

5 ലക്ഷം ചോദിച്ച കലാഭവന്‍ മണിക്ക് മമ്മൂട്ടി വാങ്ങികൊടുത്തത് 50 ലക്ഷം

എന്തിനധികം പറയുന്നു , ആർക്കും വേണ്ടാത്ത സന്തോഷ് പണ്ഡിറ്റിനെ കൂടെ അഭിനയിപ്പിക്കുവാൻ കാണിച്ച ചങ്കൂറ്റം മാത്രം മതി മമ്മുട്ടിയുടെ സിനിമയോടും കലാകാരന്മാരോടുമുള്ള അഭിനിവേശം മനസ്സിലാക്കുവാൻ .

കലാഭവൻ മണിക്ക് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുവാൻ ഓഫർ വരുന്നു. പ്രതിഫലം എത്ര വേണമെന്നായിരുന്നു നിര്‍മ്മാതാവിന്‍റെ ചോദ്യം. മണിക്ക് ആകെ വെപ്രാളമായി. ആകെ കണ്‍ഫ്യൂഷന്‍. അഞ്ച് ലക്ഷം മതിയോ അതോ പത്ത് ലക്ഷം ചോദിച്ചാല്‍ ചീറ്റി പോകുമോ എന്നായിരുന്നു മണിയുടെ കൺഫ്യുഷൻ. അപ്പോഴാണ്‌ ആരോ മണിയെ ഉപദേശിച്ചത് മമ്മൂക്കയോട് അഭിപ്രായം ചോദിക്കാന്‍. മണി മമ്മുട്ടിക്കയെ വിളിച്ചു .

മമ്മുട്ടി പറഞ്ഞു – ‘ ഒരു കോടി ചോദിക്ക് , എന്നിട്ടു 75 നു ഉറപിക്കാന്‍’ മണി പേടിച്ച് പേടിച്ച് എഴുപത്തിയഞ്ച് ലക്ഷം ചോദിച്ചപ്പോൾ അൻപത് ലക്ഷത്തിന് തമിഴന്മാർ കച്ചവടം ഉറപ്പിച്ചു. മണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വഴിത്തിരിവായിരുന്നു മമ്മുട്ടിയുടെ ആ ഉപദേശം . പിന്നെ മണിയുടെ ലെവല്‍ മാറി .

ഇന്നസെന്റിന്‍റെ സ്ഥാനാര്‍ഥിത്വവും മമ്മൂട്ടിയുടെ റോളും

ക്യാൻസർ രോഗം ജീവിതത്തെ ബാധിച്ച് സിനിമകളൊന്നും ഇല്ലാതെ ഇരിക്കുന്ന സമയത്താണ് അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്റിന് പാർട്ടി സെക്രട്ടറിയുടെ ഒരു ഫോൺ കോൾ .

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ഏറ്റെടുക്കുവാനുള്ള ആ കോൾ ചെയ്യിച്ചത് മമ്മുട്ടിയിൽ ഉദിച്ച ഒരാശയമായിരുന്നു . ചാലക്കുടി സീറ്റിന് പറ്റിയ സ്ഥാനാർത്ഥി എന്ന നിലയിലും അമ്മക്ക് ഭരണത്തിൽ കൂടുതൽ സ്വാധീനം പ്രയോഗിക്കാം എന്നൊക്കെ കണ്ടുകൊണ്ടാണ് മമ്മുട്ടി പാര്‍ട്ടിക്ക് ഈ സാരോപദേശം നൽകിയത് .

പൊതുവെ ജനങ്ങൾക്കിടയിൽ മമ്മുട്ടി ഒരു ഇടതു സഹയാത്രികൻ ആണെങ്കിലും പല തിരഞ്ഞെടുപ്പുകളിലും വലതിനും വോട്ട് ചെയ്യുവാൻ മടി കാണിക്കാത്ത ആളാണ് മമ്മുട്ടി . ഇടതുചായ്‌വ്‌ ആണെങ്കിലും വലതിനെ വെറുക്കാത്ത മമ്മുട്ടിക്ക് കൂടുതൽ സ്നേഹബന്ധങ്ങൾ വലതിന്റെ നേതാക്കളോടാണ് .

മമ്മൂട്ടി ചിത്രങ്ങളിലൂടെ വന്ന പ്രതിഭകള്‍

ലാൽ ജോസിനെ മറവത്തൂർ കനവിലൂടെയും , ലോഹിതദാസിനെ ഭൂതക്കണ്ണാടിയിലൂടെയും , ബ്ലെസ്സിയെ കാഴ്‌ചയിലൂടെയും , അൻവർ റഷീദിനെ രാജമാണിക്യത്തിലൂടെയും , അമൽ നീരദിനെ ബിഗ് ബിയിലൂടെയും , ആഷിഖ് അബുവിനെ ഡാഡി കൂളിലൂടെയും , മാർട്ടിൻ പ്രക്കാട്ടിനെ ബെസ്റ്റ് ആക്ടറിലൂടെയും , വൈശാഖിനെ പോക്കിരി രാജയിലൂടെയും , അനൂപ് കണ്ണനെ ജവാൻ ഓഫ് വെള്ളിമലയിലൂടെയും , അജയ്‌വാസുദേവിന്റെ രാജാധിരാജയിലൂടെയും ശ്രദ്ധേയരാക്കിയത് മമ്മൂട്ടി എന്ന നടനാണ്‌ .

കസ്ബയിലൂടെ നിഥിനെയും , വൈറ്റിലൂടെ ഉദയ് അനന്തിനെയും ,പ്രൈസ് ദി ലോർഡിലൂടെ ഷിബുവിനെയും , ബാല്യകാലസഖിയിലൂടെ പ്രമോദിനേയും ,ഫയര്മാനിലൂടെ ദീപുവിനേയും ദൈവത്തിന്റെ സ്വന്തം ക്ളീറ്റസിലൂടെ മാർത്താണ്ഡനെയും കമ്മത് ആൻഡ് കമ്മത്തിലൂടെ തോംസനെയും , ഡബിൾസിലൂടെ സോഹനെയും , ഹനീഫ് അദനി ഗ്രേറ്റ് ഫാദറിലൂടെയും, പുള്ളിക്കാരൻ സ്റ്റാറായിലൂടെ ശ്യാംധരനെയും ,സ്ട്രീറ്റ് ലൈറ്റിലൂടെ ഷാംദത്തിനെയും , അങ്കിളിലൂടെ ഗിരീഷിനെയും , പരോളിലൂടെ ശരത്തിനെയും , അബ്രഹാമാനിന്റെ സന്തതിയിലൂടെ ഷാജി പാടൂറിനെയുമൊക്കെ കളംപിടിപ്പിച്ചത് മമ്മൂട്ടി ചിത്രങ്ങളാണ് .

ഇത്രേം ചെറുപ്പക്കാർക്ക് ജീവിക്കുവാനുള്ള വഴി തെളിയിച്ചു കൊടുത്തപ്പോൾ അവരുടെ പിന്നീടുള്ള സിനിമകളിൽ അഭിനയിച്ചാണ് ഇപ്പോൾ അഹങ്കാരം കാണിക്കുന്ന ചിലരൊക്കെ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ചത് .

ഇപ്പോൾ ഇത്രയും സംവിധായകരെ മാത്രം എഴുതുവാൻ കാരണം അവരുടെ സിനിമകൾ മോശമില്ലാത്ത ബോക്സ് ഓഫീസിൽ വിജയിച്ചതുകൊണ്ടും അവരൊക്കെ മലയാള സിനിമയിൽ തങ്ങളുടേതായ വ്യക്തിത്വം നിലനിർത്തുന്നവരായതുകൊണ്ടുമാണ് .

ശ്വേതാ മേനോനും, നീന കുറുപ്പും, നൈല ഉഷയും, ജുവൽ മേരിയും, ടെസ്സയും, ഹുമ ഖുറേഷിയും, അഞ്ജലി അമീറും, അലീഷാ മുഹമ്മദും തുടങ്ങി നിരവധിയനവധി നടിമാരാണ് ആദ്യമായി സിനിമയിൽ മമ്മുട്ടിയുടെ നായികയായി വിലസുവാന്‍ അവസരം ലഭിച്ചവർ .

അവരൊക്കെ പിന്നീടും വലിയ മോശമല്ലാത്ത നടിമാരായി മാറി. പക്ഷെ ഇന്നലെ വന്ന ചിലര്‍ ഇല്ലാത്ത അഹങ്കാരം കാണിക്കുമ്പോള്‍ ചിലത് പറയാതെ വയ്യ . അതിനാലാണ് ഇത്രയും വിശദമാക്കിയത് . പിന്നെ വല്ലവരെയും കൊണ്ട് പറയിപ്പിക്കാതിരിക്കാനും ശ്രമിക്കണം.

ആയതിനാൽ ഇനിയെങ്കിലും നമ്മുടെ മലയാളത്തിന്റെ പുണ്യമായ മമ്മുക്ക അനാവശ്യ ചിത്രങ്ങൾ ചുരുക്കി മലയാള സിനിമയോട് മാന്യത പുലർത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ നന്മകളെ കാണാതെ പോകരുതേയെന്നു വിമര്‍ശകരെയും ഉപദേശിച്ചുകൊണ്ട്,

മാസ്റ്റർപീസായ കട്ട ഫാൻ ദാസനും സ്ട്രീറ്റ്‌ലൈറ്റിനടിയിൽ നിന്നും ചങ്ക് ബ്രോ വിജയനും

×