ഇതല്ലാതെ മറ്റെന്താണ് ദേശീയ ദുരന്തം ? എല്ലാം നേരില്‍ക്കണ്ട പ്രധാനമന്ത്രിക്ക് ഇത് ദേശീയ ദുരന്തമാണെന്ന് തോന്നിയില്ലെങ്കില്‍ അതാണ്‌ ദുരന്തം ! സൈന്യം രാജ്യത്തിന്റേതാണ്, നമ്മുടേതാണ്. അവരെ വിളിക്കാന്‍ ദുരഭിമാനമെന്തിന് ? 

വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍
Saturday, August 18, 2018

എഡിറ്റോറിയല്‍/ കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒരു മാസത്തിനിടെ രണ്ടു തവണ കേരളം സമാനതകളില്ലാത്ത ദുരന്തത്തിലകപ്പെട്ടു. ഒന്നിന് പിന്നാലെ അതിനേക്കാള്‍ ഭീകരമായ മറ്റൊരു ദുരന്തം.

ദിവസങ്ങളായി പെരുമഴ നനഞ്ഞ് വീടിന്റെ ടെറസില്‍ കയറി കഴുത്തോളം വെള്ളത്തില്‍ മുങ്ങി മരണത്തെ മുഖാമുഖം കണ്ട് നിലവിളിച്ചത് പതിനായിരങ്ങളാണ്. എത്രപേര്‍ മരിച്ചെന്നോ ? എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നോ അവ്യക്തം.

പൂര്‍ണ്ണ ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, തീവ്ര പരിചരണം ആവശ്യമുള്ളവര്‍, വികലാംഗര്‍, മാനസിക രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടിന്റെ ടെറസിലും ഓടിന്റെ മുകളിലും കയറിയിരുന്ന് പ്രാണന്‍ രക്ഷിക്കണേയെന്ന്‍ നിലവിളിക്കുകയാണ്; ഒന്നും രണ്ടും മൂന്ന്‍ ദിവസങ്ങള്‍ പെരുമഴ നനഞ്ഞ് വെള്ളത്തിലും അല്ലാതെയുമായുള്ള ആ നില്‍പ്പ് ദുരന്ത മുഖത്തെ വര്‍ണ്ണനാതീതമായ അവസ്ഥയാണ്.

സഹായ ഹസ്തങ്ങളുമായി കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ട്. എന്ത് സഹായവും ചെയ്യാന്‍ ആളുകള്‍ റെഡിയാണ്. പക്ഷേ, വെള്ളക്കെട്ടുകള്‍ താണ്ടി സഹായം ആവശ്യമുള്ളവരുടെ പക്കലേക്ക് എത്തിപ്പെടാന്‍ ആര്‍ക്കും കഴിയുന്നില്ല. അതിനുള്ള വള്ളങ്ങളോ ബോട്ടുകളോ ദുര്‍ലഭം. ആയിരം പേര്‍ കുടുങ്ങി കിടക്കുന്നിടത്തേക്ക് ഒരു വള്ളത്തില്‍ മൂന്നോ നാലോ പേര്‍ എത്തുന്നത് ഒന്നും രണ്ടും ദിവസങ്ങള്‍ കഴിഞ്ഞാണ്. അതുകൊണ്ട് എന്ത് കാര്യം ?

നമുക്ക് മുമ്പിലുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ ദുര്‍ലഭമാണ്. അത്രയധികമാണ് രക്ഷിക്കപ്പെടേണ്ടവര്‍. ഒരാള്‍ വെള്ളത്തില്‍ പോയാല്‍ ആറോ ഏഴോ പേര്‍ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങുന്നിടത്ത്‌ ആയിരം പേര്‍ കുടുങ്ങി കിടക്കുക്കുമ്പോള്‍ 5 പേരെക്കൊണ്ട് എന്ത് ചെയ്യാന്‍ കഴിയുമെന്നതാണ് പ്രധാനം.

അവിടെയാണ് കേരളത്തിലെ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ട സാഹചര്യം.  ഇത് ദേശീയ ദുരന്തമല്ലെങ്കില്‍ പിന്നെ ഏതാണ് ദേശീയ ദുരന്തം ? ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ കേരളത്തിലെത്തും. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സമ്പൂര്‍ണ്ണ സേവനം ലഭിക്കും.

വ്യോമസേനയുടെ കൂടുതല്‍ ഹെലിക്കോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും ദുരന്ത ഭൂമിയിലേക്കെത്തും. അതിനാല്‍ ഒരു നിമിഷം പോലും താമസിയാതെ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ദുരന്ത മുഖത്ത് നേരിട്ടെത്തിയ പ്രധാനമന്ത്രിക്ക് കേരളത്തിലേത് ദേശീയ ദുരന്തമായി തോന്നിയില്ലെങ്കില്‍ അതിനേക്കാള്‍ വലിയ ദുരന്തം വേറെയില്ലെന്ന് പറയേണ്ടി വരും.

ദുരന്ത നിവാരണത്തിന് സംസ്ഥാനത്തിന്റെ പക്കലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. പല മേഖലകളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഭരണകക്ഷിയുടെ എം എല്‍ എ സജി ചെറിയാന്റെ നിലവിളി നമ്മള്‍ കേട്ടതാണ്.

രക്ഷാ പ്രവര്‍ത്തനത്തിനെന്നു പറഞ്ഞു സര്‍ക്കാരിന്റെ ഒരാളും അങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് എം എല്‍ എ പറഞ്ഞത്.  നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായമുണ്ടായിരുന്നില്ലെങ്കിലെ അവസ്ഥ പറഞ്ഞറിയിക്കാനേ വയ്യ !

അതിനാല്‍ നിലവിലുള്ള പരിഹാരം രക്ഷാ പ്രവര്‍ത്തനം സൈന്യത്തിന് കൈമാറുകയെന്നതാണ്. സൈന്യം രാജ്യത്തിന്റെതാണ്, നമ്മുടേതാണ്, നമുക്ക് വേണ്ടിയുള്ളതാണ്. അവരെ വിളിക്കാന്‍ ദുരഭിമാനത്തിന്റെ പ്രശ്നമില്ല. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കട്ടെ !!

– എഡിറ്റര്‍.

×